10:56am 25 November 2026
NEWS
ബാഗിന്റെ ഭാരം കുറയും, പഠനം ലഘുവാകും; സ്‌കൂളുകളിൽ പുതിയ പദ്ധതിക്ക് രൂപരേഖ


25/11/2026  07:48 AM IST
ന്യൂസ് ബ്യൂറോ
ബാഗിന്റെ ഭാരം കുറയും, പഠനം ലഘുവാകും; സ്‌കൂളുകളിൽ പുതിയ പദ്ധതിക്ക് രൂപരേഖ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ സമഗ്ര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്റെ ഭാരം പരിമിതപ്പെടുത്തുന്നതിനുള്ള പ്രാഥമിക രൂപരേഖ സർക്കാർ തയ്യാറാക്കി. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
2027–28 അധ്യയനവർഷത്തിൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. തുടർന്ന് നാലുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ എൽ.പി., യു.പി. സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ദിവസം മൂന്നോ നാലോ വിഷയങ്ങൾ
ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്നവിധം സമയക്രമം പുനഃക്രമീകരിക്കുന്നതാണ് പ്രധാന നിർദേശം. ഇതിലൂടെ ദിവസവും കൊണ്ടുപോകേണ്ട പാഠപുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും എണ്ണം കുറയ്ക്കാനാകും.
പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ ലഭ്യമാക്കാനും രൂപരേഖയിൽ നിർദേശമുണ്ട്. ഒരു സെറ്റ് വീട്ടിലും മറ്റൊന്ന് സ്‌കൂളിലും സൂക്ഷിക്കാനാകുന്നതോടെ പുസ്തകങ്ങൾ ദിവസവും ചുമന്നുകൊണ്ടുപോകേണ്ട സാഹചര്യം ഒഴിവാകും.
കുടിവെള്ളവും ഉച്ചഭക്ഷണവും സ്‌കൂളിൽത്തന്നെ ഉറപ്പാക്കി ബാഗിലെ അധികഭാരം കുറയ്ക്കും. ഡിജിറ്റൽ പഠനസൗകര്യങ്ങൾ വിപുലീകരിക്കുകയും സ്മാർട്ട് ബോർഡുകളിലൂടെ പാഠഭാഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.
പ്രായോഗികത പരിശോധിക്കാൻ വിദഗ്ധസമിതി
പദ്ധതിയുടെ പ്രായോഗികത വിലയിരുത്തി തുടർനടപടികൾ നിർദേശിക്കാൻ എസ്.സി.ഇ.ആർ.ടി., കൈറ്റ്, ഡി.ജി.ഇ., എസ്.എസ്.കെ. ഡയറക്ടർമാർ ഉൾപ്പെട്ട ഉന്നതതല സമിതിയെ നിയോഗിച്ചു.
അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങളുടെ ലഭ്യത, സ്‌കൂൾ അധികൃതരുടെ താത്പര്യം എന്നിവ പരിഗണിച്ചാകും പരീക്ഷണഘട്ടത്തിലേക്കുള്ള വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുക. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പി.ടി.എ., സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img