
ജനാധിപത്യത്തിൽ ഒരു നേതാവിന് വേണ്ടത് കറകളഞ്ഞ ജനവിശ്വാസമാണ് .ആ വിശ്വാസം പാർട്ടിയ്ക്ക് അതീതമായിരിക്കണം .നേതാവിന്റെ ജീവിതം സുതാര്യവും പ്രവർത്തനം സത്യസന്ധവുമാവണം .ലളിതജീവിതം നയിക്കാൻ സാധിച്ചാൽ നന്ന് .ത്യാഗം സഹിക്കാൻ തയ്യാറാവുന്നത് അതിലേറെ നല്ലത് .ഏറ്റവും പ്രധാനപ്പെട്ടത് ആ നേതാവിന് നല്ലൊരു മനസ്സുണ്ടായിരിക്കണമെന്നതാണ് .വി .എസ്സിന് അതൊക്കെയുണ്ടായിരുന്നു .അ ദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച നേതാവാണ് .നൂറ്റിരണ്ടാം വയസ്സിൽ വിടപറയുമ്പോഴും ആ യശസ്സിന്, വ്യക്തിപ്രഭാവത്തിന് തെല്ലും കളങ്കമേറ്റിരുന്നില്ല.പക്ഷാഘാതം മൂലം കുറച്ചുകാലം കിടപ്പിലായിരുന്നപ്പോഴും വി എസ് സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രതീതി ഉളവായിരുന്നു. കിടപ്പിലായിരുന്നെങ്കിലും അദ്ദേഹം ജനങ്ങൾക്കിടയിലുണ്ടായിരുന്നു.ഇപ്പോൾ എന്നെന്നേക്കുമായി വിടപറയുമ്പോഴും ആ പ്രതിഭാസം ജനങ്ങൾക്കിടയിൽ ജീവിക്കുന്നു.
ഓർമ്മയിൽ തെളിയുന്നത് പതിനാല് കൊല്ലം മുമ്പെഴുതിയ 'അച്ചുമേധം' തടയപ്പെട്ടുവോ? എന്ന ലേഖനമാണ്.5.6.2011 ലക്കം കേരളശബ്ദത്തിൽ കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ച ആ ലേഖനം കേരളമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വി എസിനെ പടക്കുതിരയാക്കി കവർച്ചിത്രം രൂപകല്പന ചെയ്തത് പ്രശസ്ത ആർട്ടിസ്റ്റ് പി വി കൃഷ്ണനായിരുന്നു. 2012 ൽ ഈ പോസ്റ്റുകാരൻ മാധ്യമരംഗത്ത് കാൽനൂറ്റാണ്ടു പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 'തെരഞ്ഞെടുത്ത ലേഖനങ്ങൾ, അഭിമുഖങ്ങൾ' എന്ന പുസ്തകത്തിൽ ആ ലേഖനം ചേർത്തിട്ടുണ്ട് .രാഷ്ട്രീയ ഇതിഹാസത്തിന് ആദരാഞ്ജലികൾ....
Photo Courtesy - Google











