09:00am 23 November 2026
NEWS
10 ലക്ഷം രൂപയിൽ താഴെ വായ്പയെടുത്ത് സംരംഭം തുടങ്ങാം; ആറ് ശതമാനം പലിശ സർക്കാർ നൽകും! ആനുകൂല്യത്തിന് മുൻകാല പ്രാബല്യവും
23/11/2026  06:52 AM IST
nila
10 ലക്ഷം രൂപയിൽ താഴെ വായ്പയെടുത്ത് സംരംഭം തുടങ്ങാം; ആറ് ശതമാനം പലിശ സർക്കാർ നൽകും! ആനുകൂല്യത്തിന് മുൻകാല പ്രാബല്യവും

ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക പിന്തുണയുമായി സംസ്ഥാന സർക്കാരിന്റെ ‘ഒരു ഭവനം ഒരു സംരംഭം’ പദ്ധതി. പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപയിൽ താഴെയുള്ള വായ്പയെടുത്ത് സംരംഭം തുടങ്ങുന്നവർക്ക് പലിശ ഇനത്തിൽ വലിയ ആശ്വാസമാണ് ലഭിക്കുക. വായ്പയുടെ പലിശയിൽ പരമാവധി ആറു ശതമാനം വരെ സർക്കാർ സബ്സിഡിയായി നൽകും. ഇതോടെ സംരംഭകർക്ക് നാല് ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും.

അഞ്ചു വർഷം വരെ പലിശ ആനുകൂല്യം

പദ്ധതിയുടെ പ്രധാന സവിശേഷത അഞ്ചു വർഷം തുടർച്ചയായി പലിശ സബ്സിഡി ലഭിക്കുമെന്നതാണ്. 2022 ഏപ്രിൽ ഒന്നിന് ശേഷം വായ്പയെടുത്ത് സംരംഭം ആരംഭിച്ചവർക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്. ഗുണഭോക്താക്കളിൽ 50 ശതമാനം വനിതകളായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

സാധാരണയായി വ്യവസായ, സേവന മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് ഇത്തരം പലിശ സബ്സിഡി ആനുകൂല്യങ്ങൾ ലഭിക്കാറുള്ളത്. എന്നാൽ ‘ഒരു ഭവനം ഒരു സംരംഭം’ പദ്ധതിയിൽ ഈ പരിധി വിപുലമാണ്. കച്ചവടം, ജോബ് വർക്ക് തുടങ്ങി വരുമാനം നേടാൻ ലക്ഷ്യമിട്ടുള്ള വിവിധ തരത്തിലുള്ള സംരംഭങ്ങൾക്കും ആനുകൂല്യം ലഭിക്കും.

സംരംഭം നടത്തുന്നതിനാവശ്യമായ പ്രവർത്തന മൂലധന വായ്പയ്ക്കും പദ്ധതിയിൽ പരിഗണനയുണ്ട്. എന്നാൽ ഇതിനായി ലഭിക്കുന്ന വായ്പാ തുക ആകെ പദ്ധതി ചെലവിന്റെ 50 ശതമാനത്തിൽ അധികമാകാൻ പാടില്ല.

ആർക്കൊക്കെ അപേക്ഷിക്കാം?

18 വയസ്സ് പൂർത്തിയായവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. എല്ലാത്തരം സംരംഭങ്ങൾക്കും ആനുകൂല്യം ലഭിക്കുമെങ്കിലും പ്രൊപ്രൈറ്ററി സ്ഥാപനങ്ങൾക്ക് മാത്രമാണ് പദ്ധതിയുടെ പരിധിയിൽ സഹായം ലഭിക്കുക.

എങ്ങനെ അപേക്ഷിക്കാം?

താലൂക്ക് വ്യവസായ ഓഫീസുകൾ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയുടെ യോഗ്യത, വായ്പാ നടപടികൾ, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക്-മുനിസിപ്പാലിറ്റി തലങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുമായി ബന്ധപ്പെടാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിഡിഎസ്പിമാരിൽ നിന്നും വിശദാംശങ്ങൾ ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img