01:55am 03 April 2026
NEWS
ഒരു A.I പിറവി
13/03/2026  03:42 PM IST
ജോസഫ് ഏബ്രഹാം
ഒരു  A.I പിറവി

ലൂക്കാ പുതുപ്പണക്കാരന്റെ മകൾ മോളിമോളിയുടെ അവിഹിതഗർഭത്തിന്റെ വൃത്താന്തമറിഞ്ഞപ്പോൾ നാട്ടുകാർക്കതിൽ വലിയ അതിശയമൊന്നും തോന്നിയില്ല. മോളിലും കീഴിലും നോക്കാതുള്ള മോളിയുടെ നടപ്പും എടുപ്പും അറിയാവുന്ന നാട്ടുകാരുടെ മനസ്സിൽ എന്തുകൊണ്ടിതുനേരത്തെ ഉണ്ടായില്ലെന്ന ചോദ്യമായിരുന്നു ആദ്യമുയർന്നത്.
എവിടെയെങ്കിലും അവിഹിതഗർഭം പൊട്ടിയെന്നറിഞ്ഞാൽപ്പിന്നെ നാട്ടുനടപ്പനുസരിച്ച് കൊച്ചിന്റെ അപ്പൻ ആരാണെന്നുകണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം നാട്ടുകാരിലും പത്രക്കാരിലും അർപ്പിതമാണല്ലോ?
അങ്ങനെ ഇരയാക്കപ്പെട്ട മോളിയുടെ റൂട്ട് മാപ്പുകൾ ഗൂഗിൾ സഹായത്തോടെ വിശകലനം ചെയ്തുകൊണ്ട് ഗർഭദാതാവിനെക്കുറിച്ച് അന്വേഷണശാർദ്ദൂലങ്ങൾ നടത്തിയ വിക്രീഡിതങ്ങൾ തുടക്കത്തിൽ സന്തതഗുരുവിലേക്കൊക്കെ വിരൽ ചൂണ്ടി അവരെയൊക്കെ നാറ്റിച്ചെങ്കിലും ഒടുവിൽ ചെന്നെത്തി നിന്നത് ഞെട്ടിക്കുന്ന ഒരു വിവരത്തിലേക്കായിരുന്നു.
'കൊച്ചിന്റെ താതൻ എ.ഐ ആണ്.'
കമ്പ്യൂട്ടർ മേഖലയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന എ.ഐ ഇതാ ഒരു ഗർഭത്തിനും കാരണഭൂതനായിരിക്കുന്നു എന്ന വാർത്ത ഞെട്ടലോടെയാണോ ലോകം ശ്രവിച്ചത്.

 

ഇനിയുള്ള കാലം ഇമ്മാതിരിയെന്തെല്ലാം കേൾക്കേണ്ടി വരുമെന്നോർത്ത് ജനം നെഞ്ചത്ത് കൈവച്ചു.
കേട്ടതൊന്നും നുണകളല്ലെന്നും എ.ഐ എന്ന സ്വയം നിയന്ത്രിതവും മനുഷ്യന്റെ ബുദ്ധിക്കും ചിന്തകൾക്കും അപ്രാപ്യമായ രീതിയിൽ കാര്യങ്ങൾ നടത്തുവാൻ കഴിവുള്ള ഒരു സംഗതി ആണെന്നും ഇനിയുള്ള ലോകക്രമം നിയന്ത്രിക്കുന്നതും മനുഷ്യന്റെ ജനനവും മരണവും വരെ നിയന്ത്രിക്കുന്നതും എ.ഐ എന്ന പതിനായിരം തലയുള്ള രാവണൻ ആയിരിക്കുമെന്നും ശാസ്ത്രസാങ്കേതിക വിദഗ്ദ്ധർ വിലയിരുത്തി.
മോളി ലാപ്-ടോപ് കമ്പ്യൂട്ടർമടിയിൽ വച്ച് എഐ വിർച്വൽ ആപ്പുമായി ചാറ്റ് ചെയ്യുന്നതിനിടയിൽ 'വൈഫൈ' വഴി ഗർഭം മദർബോഡിയിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുകയായിരുന്നത്രേ!
ഒരു പ്രാദേശിക ചാനലിൽ മുഖവും പേരും വെളിപ്പെടുത്താതെ മോളി  നൽകിയ ഈ വെളിപ്പെടുത്തൽ നാഴികയ്ക്കുള്ളിൽ നാടെങ്ങും വൈറലായി.
എ.ഐ എങ്ങനെയാണ് സെർവറിൽ നിന്നും ഗർഭം അപ്‌ലോഡ് ചെയ്യുന്നതെന്നും അതേപ്രകാരം മദർബോഡിയിലേക്ക് 'ഡൗൺലോഡ്' ചെയ്യപ്പെടുന്നതെന്നുമുള്ള പ്രവർത്തനങ്ങൾ വാർത്തയിൽ കേട്ട നാട്ടിലെ പെൺകുട്ടികളുടെ അപ്പന്മാർ 'അയ്യോന്ന്' വിളിച്ചുകൊണ്ട് തങ്ങളുടെ പെൺമക്കളെ കമ്പ്യൂട്ടറുകളുടെ മുൻപിൽ നിന്നും തള്ളിമാറ്റി, ലാപ്-ടോപ്പുകൾ എടുത്തു അട്ടത്ത് ഒളിപ്പിച്ചുവച്ചു.
സ്മാർട്ട് ഫോണുകൾ ബലമായി പിടിച്ചെടുത്തു.
കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും ഇല്ലാതായതോടെ പെൺമക്കൾ അലമുറയിട്ടുകരഞ്ഞു. അവർ ആഹാരാദികൾ വെടിഞ്ഞു, ജലപാനം പോലുമില്ലാതെ പട്ടിണി കിടന്നു.
ആത്മഹത്യാശ്രമം പോലും നടത്തി പ്രതിഷേധിച്ചതോടെ എ.ഐ ഗർഭം നാട്ടിലെ ഒരു ക്രമസമാധാനപ്രശ്‌നമായി മാറി.
അതോടെ ഇക്കാര്യത്തിൽ സർക്കാരിനും ഇടപെടേണ്ടി വന്നു.
ഗർഭകാര്യത്തിൽ 'ഭയപ്പെടേണ്ട ജാഗ്രത മതി'യെന്ന മുഖ്യമന്ത്രിയുടെ പതിവുപല്ലവി കേട്ടപ്പോൾ ചിരിവന്ന മൈക്കിനത് അടക്കിനിർത്താനായില്ല. പൊതുവേദിയിൽ 'ഇമ്മാതിരിപ്പണി ഇങ്ങോട്ട്വേണ്ടാന്നു' പറഞ്ഞു മൈക്കിന്റെ താടിക്കൊരു തട്ടുവച്ചകൊടുത്തതിന്റെ തത്സമയദൃശ്യം വൈറലായി, മുഖ്യമന്ത്രി എയറിലായി. വൈഫൈ വഴിയുള്ള ഗർഭഭീതിക്കിടയിലും ജനം ഉള്ളുതുറന്നു പൊട്ടിച്ചിരിച്ചപ്പോൾ 'നമ്മുടെ നേതാവെത്ര നിഷ്‌ക്കളങ്കൻ, കൊച്ചുകുട്ടിയുടെ മനസ്സല്ലേ'ന്നുപറഞ്ഞു അണികളും ആഹ്ലാദിച്ചു.
സെൽഫോണിനെയും കമ്പ്യൂട്ടറിനെയും റബ്ബറിന്റെ നേരിയ ഉറ(സ്‌ക്രീൻ പ്രൊട്ടക്റ്റർ) ധരിപ്പിച്ചാൽ മതിയെന്നും അതിലൂടെ എ.ഐ പരാഗരേണുക്കളുടെ പരപരാഗണത്വരയെ ഫലപ്രദമായി തടയാൻ കഴിയുമെന്ന് ആരോഗ്യവകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും ചുമതലയുള്ള മന്ത്രി ഔദ്യോഗികമായി അറിയിച്ചതോടെയാണ് കാർന്നോമ്മാരുടെ അങ്കലാപ്പ് ഒരുവിധം അടങ്ങിയത്.
തിരുപ്പിറവിദിനമായ ക്രിസ്തുമസ്‌നാളിൽ പുതിയ ദിവ്യനായ ശിശു ജനിക്കുമെന്ന് മോളിയുടെ ഡോക്ടർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കണക്കുകൂട്ടി പറഞ്ഞു.
എ.ഐയുടെ സന്താനമായതുകൊണ്ട് 'ആൻഡ്രോയിഡ് കുഞ്ഞപ്പനെ'പ്പോലെയുള്ള ഒരു യന്ത്രമനുഷ്യ ശിശുവായിരിക്കും ജനിക്കുക എന്നൊരു വിലയിരുത്തൽ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ടെക്‌നോ- പാനിക്ക് വിദഗ്ദ്ധർ നടത്തുകയുണ്ടായി.
ഗർഭത്തിൽ കിടക്കുന്ന യന്ത്രമനുഷ്യശിശുവിന്റെ ചിത്രം കൂടി ചിലർ പ്രചരിപ്പിച്ചതുമൂലം തന്റെ മകൾക്ക് ലഭിച്ച അപൂർവ്വസന്താനഭാഗ്യത്തിൽ പിറക്കാൻ പോകുന്ന പേരക്കിടാവ് 'യന്തിരൻ' പോലുള്ള ഒരു പടപ്പാകുമെന്ന വിചാരത്താൽ ലൂക്കാ പുതുപ്പണക്കാരനും ഭാര്യ പെണ്ണമ്മയ്ക്കും അതിഭയങ്കരമായ മനോവിഷമമുണ്ടായി.
എങ്ങനെയാണ് അത്തരത്തിലുള്ള ഒരു 'യന്തിരന് കുഞ്ഞിനെ കൊഞ്ചിക്കാൻ തോന്നുക?എന്തുഭാഷയായിരിക്കും കുഞ്ഞുപറയാൻ പോവുക? പുതിയ അൽഗോരിതങ്ങളും ഭാഷയും പഠിക്കേണ്ടിവരുമോ? അവരുടെ ആശങ്കകൾ അങ്ങനെ പലതായിരുന്നു.'
എന്നാൽ അത്തരം ആശങ്കകൾ അസ്ഥാനത്താണെന്നും കുഞ്ഞു സാധാരണ മനുഷ്യക്കുഞ്ഞുപോലാണെന്നും സ്ഥാപിച്ചുകൊണ്ട് പുതുപ്പണക്കാരന്റെ ഡോക്ടർ രംഗത്തുവന്നു.
എ.ഐ സഹായത്തോടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ 'ത്രീഡി' ചിത്രം കമ്പ്യൂട്ടറിൽ എടുത്തതിന്റെ പ്രിന്റ് വാങ്ങി തൊട്ടുനോക്കിയപ്പോഴാണ് ലൂക്കാ പെണ്ണമ്മ  ദമ്പതികൾക്ക് ആശ്വാസമായത്.
അവർ ത്രിമാനചിത്രത്തിലെ കൈകാലുകളിൽ തൊട്ടും തടവിയും നോക്കി. എല്ലാം ഒരു മനുഷ്യക്കുഞ്ഞിന്റേത് പോലതന്നെയെന്നുകണ്ടതിൽ വളരേയേറെ സന്തോഷിച്ചു.
എങ്കിലും ശിശുവിന്റെ മുഖച്ഛായ മാത്രം ആരുടെയെന്നു യാതൊരു പിടിയും കിട്ടിയില്ല. പുതുപ്പണക്കാരൻ വീട്ടുകാരുടെ മുഖച്ഛായ ഒട്ടുംതന്നെ തോന്നിയില്ല. ഒറ്റനോട്ടത്തിൽ ലൂക്കായ്ക്ക് തോന്നിയത് പത്രത്തിലും ടി.വിയിലും ഒക്കെ കണ്ടുപരിചയമുള്ള ഉത്തരകൊറിയൻ ഭരണാധികാരി ആയ 'കിംജോങ് ഉൻന്റെ മുഖച്ഛായയാണ് കുഞ്ഞിനെന്നാണ്.
ഗർഭസ്ഥശിശു ലോകം മുഴുവനും നിറഞ്ഞുനിൽക്കുന്ന പൗരനല്ലേ, ഒരു വിശ്വപൗരനായ കുഞ്ഞിന്റെ മുഖച്ഛായ രാജ്യവും അതിർത്തിയും കടന്നുപോകുന്നത് സ്വാഭാവികമാണല്ലോ?
എങ്കിലും മറ്റുചില പ്രശ്‌നങ്ങൾ കൂടി അവരെ അലട്ടാൻ തുടങ്ങി. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മതമേതാണ്? നമ്മുടെ കൂട്ടക്കാരായിരിക്കുമോ? മാമോദിസാ മുക്കാൻ പള്ളീലച്ചൻ സമ്മതിക്കുമോ?
പെണ്ണമ്മയുടെ ആശങ്കകൾ അങ്ങനെഅനവധിയായിരുന്നു.
ക്രിസ്തുമസ് അടുത്തുവന്നു. ലൂക്കാ പുതുപ്പണക്കാരൻ വലിയൊരു നക്ഷത്രവിളക്ക് വാങ്ങിക്കൊണ്ടുവന്ന് തന്റെ വീടിന്റെ മുറ്റത്തുനിൽക്കുന്ന മരത്തിന്റെ മണ്ടയിൽ തൂക്കി.
പിറ്റേന്ന് നടക്കാനുള്ള തിരുപ്പിറവിയുടെ അറിയിപ്പായി നക്ഷത്രം പുതുപ്പണക്കാരൻ വീടിന്മേൽ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോഴും പെണ്ണമ്മയുടെ മനസ്സിൽ ഓരോരോ ആധികൾ പെരുത്തുവരികയായിരുന്നു.
  

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img