08:15am 29 November 2026
NEWS
സതീശനെ കസേരയിൽ നിന്നിറക്കാൻ സംഘടിതശ്രമം; കേരളത്തിലെ കോൺഗ്രസിൽ സംഭവിക്കുന്നത്..
29/11/2026  05:16 AM IST
ചെറുകര സണ്ണീലൂക്കോസ്
സതീശനെ കസേരയിൽ നിന്നിറക്കാൻ സംഘടിതശ്രമം; കേരളത്തിലെ കോൺഗ്രസിൽ സംഭവിക്കുന്നത്..
HIGHLIGHTS

നവംബർ 18 ന് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ സംഭവിച്ചതൊന്നും യാദൃച്ഛികമായിരുന്നില്ല. 

പത്തുവർഷത്തിനുശേഷം യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചപ്പോൾ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷവും, എം.എൽ.എമാരിൽ ഭൂരിപക്ഷവും ഉറച്ചുവിശ്വസിച്ചിരുന്നത് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകും എന്നാണെന്ന് എല്ലാവർക്കും അറിയാം. മറ്റൊരാളുടെ പേര് രാഹുൽഗാന്ധിയോ, മല്ലികാർജ്ജുന ഖാർഗെയോ മുന്നോട്ടുവയ്ക്കും എന്ന് കരുതാൻ അവർക്ക് കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സോണിയാഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും ഒഴിച്ചുനിർത്തിയാൽ കെ.സി. വേണുഗോപാലിനെപ്പോലെ രാഹുൽഗാന്ധിക്ക് വിശ്വാസമുള്ള, രാഹുലിനെ നിയന്ത്രിക്കാൻ സാധിക്കുന്ന മറ്റൊരു നേതൃത്വം ഇന്നിന്ത്യയിൽ ഇല്ല. കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുന ഖാർഗെ പോലും കെ.സി. വേണുഗോപാലിനെ പലപ്പോഴും അങ്ങോട്ടുചെന്ന് കാണാറാണ് പതിവ്.

താൻ മുഖ്യമന്ത്രിയാകും എന്നുറപ്പില്ലാതെ, മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെല്ലാം കെ.സി, തെരഞ്ഞെടുപ്പ് ചെലവിനായി കോടികൾ ഉദാരമായി നൽകില്ലെന്നും അവരെല്ലാം കരുതിയിരുന്നു.

കേരളത്തിലെ പാർട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും, പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കാൻ കേരളത്തിലേക്കയച്ച ഹൈക്കമാൻഡ് പ്രതിനിധികളും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്നതാണ് ഹൈക്കമാൻഡ് താൽപ്പര്യം എന്ന സന്ദേശമാണ് എം.എൽ.എമാർ നൽകിയത്. അതോടെ നിഷ്പക്ഷനായി നിലകൊള്ളേണ്ട കെ.പി.സി.സി പ്രസിഡണ്ട് മുതൽ കടുത്ത ഉമ്മൻചാണ്ടി അനുകൂലികളായിരുന്ന എ ഗ്രൂപ്പുകാർ വരെ കെ.സിക്കുള്ള തങ്ങളുടെ പിന്തുണ ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു. നേതൃത്വം ഓക്കെ പറഞ്ഞാലുടൻ കേരളത്തിലേക്ക് പറന്നെത്തി സത്യപ്രതിജ്ഞ ചെയ്യാൻ സംശയലേശമെന്യേ തയ്യാറെടുത്തിരുന്നു കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക താനായിരിക്കില്ലെന്ന അറിവ് തികച്ചും അപ്രതീക്ഷിതമായിരുന്നു.

കേരളത്തിൽ 5 വർഷം കൊണ്ട് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശൻ ഉണ്ടാക്കിയെടുത്ത സ്വീകാര്യതയും വിശ്വാസ്യതയും കണ്ടില്ലെന്ന് നടിക്കാൻ ഹൈക്കമാൻഡിന് കഴിയാത്തവിധം അതിശക്തമായിരുന്നു വി.ഡി. സതീശന് വേണ്ടിയുള്ള പൗരസമൂഹത്തിന്റെ മുറവിളിയും വികാരപ്രകടനങ്ങളും.

അന്നുണ്ടായ തിരിച്ചടിയുടെ മാനസിക ആഘാതത്തിൽ കെ.സി. ഇനിയും മോചിതനായിട്ടില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന മേയ് നാല് മുതൽ വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ച മേയ് 14 വരെ സംസ്ഥാന കോൺഗ്രസിൽ നിലനിന്ന കലുഷിതമായ അന്തരീക്ഷത്തിലേക്ക് ഭരണം 6 മാസം തികയ്ക്കുന്ന ദിവസം പാർട്ടിയെ വി.ഡി. സതീശൻ വിരുദ്ധ നേതാക്കൾ തിരിച്ചുകൊണ്ടുപോയി എന്നതാണ് മഹാഭൂരിപക്ഷം നൽകി യു.ഡി.എഫിനെ 10 വർഷത്തിനുശേഷം അധികാരത്തിലെത്തിച്ച ജനവിഭാഗത്തെ നിരാശപ്പെടുത്തുന്നത്.

ഒരു വശത്ത് ജനകീയ മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി. സതീശന്റെ ജനപ്രീതി കോട്ടം തട്ടാതെ തുടരുമ്പോൾ മറുവശത്ത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പ്രധാന പ്രവർത്തകർ വി.ഡി. സതീശന് മുഖ്യമന്ത്രിക്കസേരയിൽ 5 വർഷം തുടരാൻ കഴിയില്ലെന്നും അതിനിടയിൽ മാറ്റമുണ്ടാകുമെന്നും ചർച്ച ചെയ്യുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് വിരോധാഭാസം.

നവംബർ 18 ന് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ സംഭവിച്ചതൊന്നും യാദൃച്ഛികമായിരുന്നില്ല. എന്നാൽ അതിൽ കെ.സി. വേണുഗോപാലിന് നേരിട്ട് പങ്കുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നു കരുതാം. കാരണം 2026 മെയ് 14 നുശേഷം കേരളത്തിൽ കോൺഗ്രസുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രശ്‌നത്തിൽ നേരിട്ടിടപെടുകയോ ഹൈക്കമാൻഡിനോട് അഭിപ്രായം അറിയിക്കുകയോ കെ.സി ചെയ്തിട്ടില്ല. കേരളത്തിലെ പി.സി.സി നേതൃത്വത്തിൽ കഴിവതും വേഗം പുനഃസംഘടന വേണമെന്ന് സണ്ണിജോസഫ് രാജിസന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കോൺഗ്രസ് ലീഡർ രാഹുൽഗാന്ധിയോടും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയോടും നേരിട്ടുകണ്ട് അഭ്യർത്ഥിച്ചിരുന്നു. അതേത്തുടർന്ന് ഇക്കാര്യത്തിൽ കെ.സിയോട് അഭിപ്രായം ആരാഞ്ഞ രാഹുൽഗാന്ധിയോടും ഖാർഗെയോടും മുഖ്യമന്ത്രിയെ തീരുമാനിച്ച നിങ്ങൾതന്നെ അതും തീരുമാനിച്ചുകൊള്ളുക എന്ന് അദ്ദേഹം പറഞ്ഞതായാണ് വിശ്വസനീയമായ വിവരം.

കെ.സി. വേണുഗോപാലിന്റെ കൂടി സമ്മതം ഇല്ലാത്ത ഒരാളെ കെ.പി.സി.സി പ്രസിഡണ്ടായി നിയമിക്കാൻ രാഹുൽഗാന്ധിക്കും, ഖാർഗെയ്ക്കും, പ്രിയങ്കാഗാന്ധിക്കും ബുദ്ധിമുട്ടുണ്ട് എന്നതുകൊണ്ടാണ് കേരളത്തിലെ പി.സി.സി അധ്യക്ഷന്റെ നിയമനം അനിശ്ചിതമായി നീണ്ടുപോകുന്നത്.
എന്നാൽ കെ.സി. അനുയായികളുടെ ഗ്രൂപ്പ് കേരളത്തിലിന്ന് ശക്തമാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നത്. അതുവരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ, അതിനും മുമ്പ് കെ. കരുണാകരനും എ.കെ. ആന്റണിയും തമ്മിൽ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനുവേണ്ടി പോരും അടിയും ചർച്ചയും നടത്തി സ്ഥാനമാനങ്ങൾ വീതം വെച്ചെടുത്തിരുന്നതാണ് സംസ്ഥാന കോൺഗ്രസിന്റെ ചരിത്രം.

2021 മേയ് 22 ന് വി.ഡി. സതീശനെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചശേഷം കേരളത്തിൽ ഗ്രൂപ്പുകൾക്ക് പ്രസക്തിയില്ലാതായി. വി.ഡി. സതീശനാകട്ടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ താനില്ല എന്ന ഉറച്ച നിലപാടിലായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ കെ.സി. വേണുഗോപാൽ രാഹുൽഗാന്ധിയുടെ വിശ്വസ്തനും സോണിയാഗാന്ധിയുടെ പ്രതാപകാലത്ത് അഹമ്മദ് പട്ടേൽ എന്നപോലെ കോൺഗ്രസിന്റെ സംഘടനാകാര്യങ്ങളുടെ നിർണ്ണായകചുമതലക്കാരനുമായതിനുശേഷം കേരളത്തിൽ കെ.സി. വേണുഗോപാലിന് ഒരു ഗ്രൂപ്പ് എന്നുവിശേഷിപ്പിക്കാവുന്ന വിധം ഉള്ള അനുയായിവൃന്ദം രൂപപ്പെട്ടു. അതിന് മുമ്പ് രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിൽ നിന്നവരും ഉമ്മൻചാണ്ടിയുടെ ഗ്രൂപ്പിൽ നിന്നവരും അതിൽ ഉണ്ടായിരുന്നു.

ആ ഗ്രൂപ്പിലുള്ളവർക്കെല്ലാം അറിയാമായിരുന്നു, കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമായിരുന്നിട്ടുള്ള കെ.സി. വേണുഗോപാലിന് കേന്ദ്രത്തിൽ വീണ്ടും കോൺഗ്രസിന് അധികാരം ലഭിക്കും മുമ്പ് കുറച്ചുകാലം എങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന്. എംപിയായിട്ടുള്ള കെ.സി. മുഖ്യമന്ത്രിയാകുമ്പോഴും തങ്ങൾക്കും ആ മന്ത്രിസഭയിൽ ഇടം വേണമെന്ന് അടൂർപ്രകാശ് മുതൽ എം.കെ. രാഘവൻ വരെ അരഡസൻ എം.പിമാർ ആഗ്രഹിക്കുകയും ചെയ്തു. (എം.പിമാർ മത്സരിക്കാനെത്തുന്നതിന് തടയിട്ടതായിരുന്നു വി.ഡി. സതീശന്റെ ആദ്യവിജയം).

കേരളത്തിൽ കെ.സി. വേണുഗോപാൽ ഗ്രൂപ്പിന്റെ മുഖ്യലീഡറായിരുന്നത് എ.പി. അനിൽകുമാറായിരുന്നു. 2025 ജനുവരി 19 ന് തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയോഗത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കൂടുതൽ വിജയസാധ്യതയുള്ള 63 മണ്ഡലങ്ങളിൽ പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനുള്ള ഒരു കർമ്മപദ്ധതി നിയമസഭാകക്ഷി നേതാവ് വി.ഡി. സതീശൻ യോഗത്തിൽ അവതരിപ്പിച്ചു.

ഇത് എവിടെ ആരാണ് തീരുമാനിച്ചത് എന്നുചോദിച്ച് എ.പി. അനിൽകുമാർ ആ നിർദ്ദേശത്തെ എതിർത്തു. 'ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രതിപക്ഷ നേതാവ് ആരാണ്?' എന്ന് ചോദിച്ച എ.പി. അനിൽകുമാർ, വി.ഡി. സതീശൻ പാർട്ടി നേതൃത്വവുമായോ മറ്റ് മുതിർന്ന നേതാക്കളുമായോ യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന് യോഗത്തിൽ തുറന്നടിച്ചു. അനിൽകുമാറിന്റെ രൂക്ഷ വിമർശനത്തെത്തുടർന്ന് വി.ഡി. സതീശൻ തന്റെ പ്രസംഗം പൂർത്തിയാക്കാതെ യോഗത്തിൽ നിന്നിറങ്ങിപ്പോകുകയും രാഷ്ട്രീയകാര്യ സമിതിയോഗം അനിവാര്യമായി അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു.

എന്നാൽ വി.ഡി. സതീശൻ പ്ലാനും പദ്ധതിയുമിട്ട് പരസ്യമായി ആവർത്തിച്ച് പ്രഖ്യാപിച്ചതുപോലെ കോൺഗ്രസ് 63 സീറ്റിൽ വിജയിക്കുകയും യു.ഡി.എഫ് 102 സീറ്റ് നേടുകയും ചെയ്തപ്പോൾ വിജയത്തിൽ വി.ഡി. സതീശനുള്ള ക്രെഡിറ്റ് ശത്രുക്കൾക്കുപോലും നിഷേധിക്കാൻ കഴിയാത്തതായി. വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരായ സണ്ണിജോസഫ്, എ.പി.അനിൽകുമാർ, ബിന്ദുകൃഷ്ണ, എം.ലിജു, ടി. സിദ്ധിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി എന്നിവർക്ക് വി.ഡി. സതീശനോട് ഉള്ളതിനേക്കാൾ കൂറ് കെ.സി. വേണുഗോപാലിനോടാണ് എന്നതായിരുന്നു മുഖ്യമന്ത്രിയെന്ന നിലയിൽ സതീശൻ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളി. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ രമേശ് ചെന്നിത്തല മദ്ധ്യസ്ഥന്റെ റോളിലാണ്. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടൽ പാടില്ലെന്ന നിലപാടിലാണദ്ദേഹം. പോയിട്ട് കെ. മുരളീധരനും റോജി എം. ജോണും മാത്രമാണ് മന്ത്രിസഭയിൽ വി.ഡി. സതീശന് പൂർണ്ണ പിന്തുണ നൽകുന്നത്.

സംസ്ഥാന മന്ത്രിസഭയുടെ തലവനും കേന്ദ്ര ബിന്ദുവുമാണ് മുഖ്യമന്ത്രി. ഭരണഘടനാനുസൃതമായി സംസ്ഥാനത്തിന്റെ യഥാർത്ഥ ഭരണാധികാരം മുഖ്യമന്ത്രിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ മുഖ്യമന്ത്രിയുടേതാണ് അവസാനവാക്ക്. ഏതെങ്കിലും ഒരു മന്ത്രിയിൽ വിശ്വാസം ഇല്ലാതായാൽ അദ്ദേഹത്തോട് രാജി ആവശ്യപ്പെടാനോ അല്ലെങ്കിൽ ആ മന്ത്രിയെ പുറത്താക്കാൻ ഗവർണറോട് ശുപാർ ശചെയ്യാനോ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. വി. ഡി. സതീശൻ എന്ന വ്യക്തിയോടുള്ള ഈഗോ മൂലം ചിലർക്കിത് അംഗീകരിക്കാൻ കഴിയുന്നില്ലെന്നാണ് കാണുന്നത്.

കെ.സി. വേണുഗോപാൽ ഗ്രൂപ്പ് സംസ്ഥാന കോൺഗ്രസിൽ ശക്തമായതോടെ നഷ്ടം സംഭവിച്ചത് പഴയ എ ഗ്രൂപ്പിനാണ്. മുഖ്യമന്ത്രിയാരാകണം എന്ന തർക്കത്തിൽ എ ഗ്രൂപ്പിന്റെ കരുത്തരായ യുവനേതാക്കൾ ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും ചാണ്ടി ഉമ്മൻവരെയും കെ.സി. വേണുഗോപാലിന് പിന്തുണച്ചതോടെ എ ഗ്രൂപ്പിന്റെ സ്വന്തം അസ്തിത്വം നഷ്ടമായിരുന്നു. മുതിർന്ന നേതാക്കളായ കെ.സി. ജോസഫ്, എം.എം. ഹസ്സൻ, ബെന്നി ബെഹ്‌നാൻ അടക്കമുള്ള പഴയ എ ഗ്രൂപ്പിലെ പ്രമുഖരായ നേതാക്കൾക്ക് ബോർഡ് കോർപ്പറേഷൻ വീതം വയ്ക്കുന്ന തീരുമാനങ്ങളിൽ പോലും ഒരു റോളും ഇല്ലാതായി. ഉമ്മൻചാണ്ടിയോട് കൂറുപുലർത്തി നിന്ന സംസ്ഥാനത്തൊട്ടാകെയുള്ള പല പ്രധാന പ്രവർത്തകരും ഗ്രൂപ്പ് നേതാക്കളെ പഴിച്ചു.

അങ്ങനെയാണ് പഴയ എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനമെടുത്തത്. പി.സി.സി പുനഃസംഘടിപ്പിക്കുന്നതുവരെ വർക്കിംഗ് പ്രസിഡണ്ടുമാരായ ഷാഫി പറമ്പിലിനോടും പി.സി. വിഷ്ണുനാഥിനോടും സ്ഥാനമാനങ്ങൾ വീതം വയ്ക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തണം. ബെന്നി ബെഹ്‌നാനെയോ, ഷാഫി പറമ്പിലിനെയോ, കെ.സി. ജോസഫിനെയോ കെ.പി.സി.സി പ്രഡിഡണ്ടാക്കണം എന്നെല്ലാമാണ് എ ഗ്രൂപ്പിന്റെ ആവശ്യങ്ങൾ.

എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കെ.സി. വേണുഗോപാൽ ഗ്രൂപ്പും ആവശ്യപ്പെടുന്നത് സ്ഥാനമാനങ്ങൾ വീതം വയ്ക്കുന്നത് സംബന്ധിച്ച കൂടിയാലോചനയും വിഹിതവും ആണെങ്കിലും അതിനുമപ്പുറം മുഖ്യമന്ത്രിയെ ദുർബലപ്പെടുത്തുന്ന പ്രതിഛായ തകർക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ ഗ്രൂപ്പിനുണ്ടെന്ന് വി.ഡി. സതീശനെ അനുകൂലിക്കുന്നവർ കരുതുന്നു.

ഗുരുവായൂർ ദേവസ്വം ബോർഡ്, പി.എസ്.സി മെമ്പർ ബോർഡ്/ കോർപ്പറേഷൻ നിയമനങ്ങളിലൊന്നും തങ്ങളുടെ ഗ്രൂപ്പിന് പ്രാതിനിധ്യം വേണ്ടപോലെ ലഭിക്കുന്നില്ല. തങ്ങളുമായി കൂടിയാലോചിക്കുന്നില്ല എന്നതാണ് കെ.സി. ഗ്രൂപ്പ് നേതാക്കളുടെ പരാതിയും വിമർശനവും. കൂടിയാലോചനയില്ലാതെ തീരുമാനങ്ങളിലേക്ക് പോകാനാകില്ലെന്ന വാദം ശക്തിപ്പെടുത്തി മുഖ്യമന്ത്രിയെ നിയന്ത്രിക്കുകയും അതോടൊപ്പം കൂടുതൽ പദവികൾ മേടിച്ചെടുക്കുകയും കെ.സി. പക്ഷം ലക്ഷ്യമിടുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ ആദ്യം വെടി ഉതിർത്ത യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുതൽ മുഖ്യമന്ത്രിയുടെ വിമർശകരെല്ലാം പരസ്യമായും രഹസ്യമായും ഉന്നയിക്കുന്നത് മുഖ്യമന്ത്രി കൂടിയാലോചനകൾ ഇല്ലാതെ തീരുമാനമെടുക്കുന്നുവെന്നാണ്. അതുകൊണ്ടാണ് മുൻമുഖ്യമന്ത്രി പിണറായി വിജയൻപോലും വി.ഡി. സതീശൻ ഏകാധിപതിയാണെന്ന് വിമർശിക്കാനവസരം ഉണ്ടായത്.

എന്നാൽ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പുനഃസംഘടന യഥാസമയം നടക്കുമ്പോൾ കേരളത്തിലെ പി.സി.സി അധ്യക്ഷൻ മന്ത്രിയായി പാർട്ടി അദ്ധ്യക്ഷന്റെ പണി നിർത്തി വെച്ച് 6 മാസമായിട്ടും പുതിയ പി.സി. സി അധ്യക്ഷനെ വയ്ക്കാത്തതും പുനഃസംഘടന നടത്താത്തതും ബോധപൂർവ്വമാണെന്നും സർക്കാരിന് പാർട്ടി സംഘടനയുടെ പിൻബലവും പിന്തുണയും ഇല്ലാതാക്കുകയും ഒപ്പം പാർട്ടിയോട് കൂടിയാലോചനയില്ലെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്യുന്നത് ദുഷ്ടലാക്കോടെയാണെന്ന് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർ വിലയിരുത്തുന്നു.

പി.സി.സി  അദ്ധ്യക്ഷനായിരുന്ന സണ്ണിജോസഫ് ഒരു ശുദ്ധനാണെന്നതിൽ മുഖ്യമന്ത്രിക്കും തർക്കമുണ്ടായിരിക്കില്ല. വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത തകർക്കാൻ സണ്ണിജോസഫ് ചിലരുടെ കയ്യിലെ കരുവായി ആവർത്തിച്ച് പരസ്യപ്രസ്താവന നടത്തിയത് ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നുപറഞ്ഞതുപോലെയായി എന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന ഒരു നേതാവ് പറഞ്ഞത്. പുതിയ ചെയർമാനിൽ നിന്ന് ലഭ്യമായ ചില വിവരങ്ങൾ വകുപ്പുമന്ത്രി കൂടി അറിഞ്ഞശേഷം വേണമായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്താൻ. ഇതിലുള്ള പരിഭവം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് പറഞ്ഞുതീർത്തശേഷവും പി.സി.സി അധ്യക്ഷൻ മുഖ്യമന്ത്രിയെ വിമർശിക്കും വിധം നടത്തിയ പരസ്യവിമർശനം പാർട്ടി അച്ചടക്കത്തിന്റെ സീമകൾ പോലും ലംഘിക്കുന്നതായിരുന്നു.

യു.ഡി.എഫ് കൺവീനർ തുടർച്ചയായി മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനങ്ങൾ ഉന്നയിച്ചു. കൺവീനറായ താനൊന്നും അറിയുന്നില്ല, യു.ഡി.എഫ് യോഗം ചേരുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാതിയും വിമർശനവും. മന്ത്രിയാകാൻ ആഗ്രഹിച്ചുനടക്കാതെ പോയതിൽ അസംതൃപ്തനായിരുന്നു അടൂർപ്രകാശ്. അതിനിടെ ഗുരുതരമായ ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതുമൂലം ആശയവിനിമയത്തിൽ കുറേക്കാലം മുടക്കം വന്നു. ഇതാണ് അടൂർപ്രകാശിനെ പ്രകോപിതനാക്കിയത്.

ഇതിനെല്ലാം പുറമെയാണ് ഏതാനും മന്ത്രിമാർ മുൻകൂട്ടി കൂടിയാലോചിച്ച് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കാനും അത് മാധ്യമവാർത്തയാക്കാനുമുള്ള ആസൂത്രിതനീക്കം നടത്തിയത്. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർമാരായി നിശ്ചയിച്ചവരുടെ പേരിലായിരുന്നില്ല തർക്കം. തങ്ങളോടുകൂടി കൂടിയാലോചിച്ചല്ല ആ പേരുകൾ തീരുമാനിച്ചതെന്നുള്ളതായിരുന്നു ഒരു വിഭാഗത്തിന്റെ പ്രശ്‌നം. കോൺഗ്രസിലെ ഹിന്ദു മന്ത്രിമാർ ഫയലിൽ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്നു എന്ന് ഇതേ മന്ത്രിമാർതന്നെയാണ് വാർത്ത ചോർത്തി നൽകിയത്. യഥാർത്ഥത്തിൽ സ്ഥലത്തില്ലാത്ത മന്ത്രിമാരായിരുന്നു ഒപ്പിടാതിരുന്നത്.

പി.എസ്.സി മെമ്പർമാരുടെ പേരുകളിലെ തർക്കത്തിന് നേതൃത്വം നൽകിയത് പാർട്ടി വർക്കിംഗ് പ്രസിഡന്റ് കൂടിയായ എ.പി. അനിൽകുമാറാണ്. എവിടെ ചർച്ച ചെയ്തു തീരുമാനിച്ചു, ആരോട് ആലോചിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒപ്പം കെ.പി.സി.സി പ്രസിഡന്റായിട്ടും താനൊന്നും അറിയുന്നില്ലെന്ന് സണ്ണിജോസഫ് ഘടകകക്ഷി മന്ത്രിമാർ കൂടിയുള്ള മന്ത്രിസഭായോഗത്തിൽ കുണ്ഠിതപ്പെടുകയും ചെയ്തു.
ഈ ആസൂത്രിത നീക്കത്തിന് രണ്ട് ലക്ഷ്യമുണ്ടായിരുന്നു. വർക്കിംഗ് കമ്മിറ്റി അംഗം, രണ്ട് മുൻ പി.സി.സി അദ്ധ്യക്ഷൻമാർ, ഇപ്പോഴത്തെ പി.സി.സി അദ്ധ്യക്ഷൻ, വർക്കിംഗ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇവരെല്ലാമുള്ള മന്ത്രിസഭയിൽ ചർച്ച ചെയ്തു കൂടിയാലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നുള്ള മുഖ്യമന്ത്രിയുടെ വാദം പൊളിക്കുകയായിരുന്നു ഒരു ലക്ഷ്യം. മറ്റൊന്ന് മന്ത്രിസഭ 6 മാസം തികയ്ക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം  മുഖ്യമന്ത്രി മാധ്യമങ്ങളോട് നിരത്തുന്ന നേട്ടങ്ങളുടെ ശോഭ കെടുത്തുക എന്നതുമായിരുന്നത്രേ

കൂടിയാലോചനയില്ലാത്ത മുഖ്യമന്ത്രിയുടെ ഏകാധിപത്യശൈലിക്കെതിരെ മന്ത്രിസഭയിൽ പൊട്ടിത്തെറി എന്ന് ചാനലുകളിൽ മുഴുവൻ ബ്രേക്കിംഗ് ന്യൂസ് വരുവാൻ മന്ത്രിസഭായോഗം കഴിഞ്ഞ് മിനിറ്റുകൾ പോലും എടുത്തില്ല. അങ്ങനെ സർക്കാരിന്റെ 6 മാസത്തെ നേട്ടങ്ങൾ വാർത്തയാേകണ്ട ദിവസം മന്ത്രിസഭായോഗത്തിലെ തമ്മിലടി വാർത്തയാക്കുന്നതിൽ എ.പി. അനിൽകുമാറും ടീമും വിജയിച്ചു. എന്നാൽ മന്ത്രിസഭായോഗത്തിലെ തർക്കമെന്ന വാർത്തയേയും ജനാധിപത്യപരമായ ചർച്ചയായി അവതരിപ്പിച്ച് അതിന് എതിരാളികൾ പ്രതീക്ഷിക്കാത്ത മാനം നൽകി മുഖ്യമന്ത്രി. തൊഴിൽകുത്ത് ഇഷ്ടപ്പെടാത്ത സ്വന്തം പാർട്ടി അനുഭാവികൾ തന്നെ മന്ത്രിമാരായ എ.പി.അനിൽകുമാറും സണ്ണിജോസഫിനം എതിരേ സമൂഹമാധ്യമങ്ങളിൽ തെറിയുടെ പൊങ്കാലയിട്ടു.

അതോടെ മന്ത്രിസഭാ യോഗ വാർത്ത ചോർത്തിയത് വി.ഡി. സതീശൻ അനുകൂലമന്ത്രിയാണെന്ന് തലേന്ന് വാർത്ത നൽകിയവരെക്കൊണ്ട് തന്നെ വാർത്ത കൊടുപ്പിക്കാനും തലേന്ന് വാർത്ത ചോർത്തിയവർ തയ്യാറായി. എന്നാൽ മന്ത്രിസഭായോഗത്തിൽ എ.പി.അനിൽകുമാർ 'ചിലരോട് മാത്രം സംസാരിച്ച് തീരുമാനമെടുക്കുന്ന രീതി ശരിയല്ല' എന്ന് നടത്തിയ പരാമർശം മുസ്ലീം ലീഗിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി തന്റെ അധികാരകേന്ദ്രീകരണം ഉറപ്പിക്കുന്നുവെന്ന കെ.സി പക്ഷ ആക്ഷേപത്തിന്റെ പ്രതിഫലനമായിരുന്നു. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി 'അത്തരം സംസാരങ്ങളിലേക്കു പോകേണ്ടെന്നും ലീഗിനോടുള്ള പല സമീപനങ്ങളും എല്ലാവർക്കും ബോധ്യമുള്ളതാണെന്നും തിരിച്ചടിച്ചു.'
മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള  തർക്കത്തിൽ വി.ഡി. സതീശനെ പിന്തുണച്ച ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാഗത്തുനിന്നും പ്രതികാരബുദ്ധിയോടെയുള്ള നീക്കം ഉണ്ടാകുന്നതായി മുസ്ലീംലീഗിന് പരാതിയും അമർഷവും ഉണ്ട്. 

ഡൽഹിയിൽ നടന്ന വോട്ട് ചോരി പ്രക്ഷോഭത്തിൽ ചെറിയ  പാർട്ടികൾക്ക് ലഭിച്ച പരിഗണനപോലും ലീഗിനുണ്ടായില്ലെന്നാണ് ഒരു പരാതി. രാംലീല മൈതാനിയിൽ നടന്ന റാലിയിൽ പങ്കെടുത്ത കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് അവസാനനിമിഷം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ ഒഴിവാക്കി. ഗ്യാനേഷ്‌കുമാറിന്റെ പബ്ലിക് ഇംപീച്ച്‌മെന്റിലേക്ക്, എം.എസ്.എഫ് പ്രതിനിധികളെ ക്ഷണിച്ചില്ല. സോണിയാഗാന്ധിയുടെ പുസ്തകപ്രകാശനച്ചടങ്ങിലേക്കും ലീഗിന് ക്ഷണമുണ്ടായില്ല. ഇതിലെല്ലാം ലീഗിന് പരാതിയുണ്ട്. അത് പ്രിയങ്കാഗാന്ധി വഴി കോൺഗ്രസ് നേതൃത്വത്തിനെ അറിയിക്കാനും ലീഗ് ആലോചിക്കുന്നുണ്ട്.

വി.ഡി. സതീശനെ തങ്ങളുടെ രാഷ്ട്രീയഭാവി സാധ്യതകൾക്കുള്ള വിലങ്ങുതടിയായി കാണുന്ന സി.പി.എം മറ്റ് രാഷ്ട്രീയപ്പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന കീഴ്‌വഴക്കം മാറ്റിവെച്ച് സണ്ണിജോസഫിനെയും കെ.സി. പക്ഷത്തേയും തലോടി വിവാദത്തിൽ കക്ഷി ചേർന്നതാണ് ശ്രദ്ധേയമായ മറ്റൊരു രാഷ്ട്രീയ സംഭവവികാസം. കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്കിടയിലുള്ള ഭിന്നത പരമാവധി മുതലെടുത്ത് വി.ഡി. സതീശന്റെ വിശ്വാസ്യതയും ജനകീയ പ്രതിച്ഛായയും തകർക്കുക എന്നതാണ് സി.പി.എം ലക്ഷ്യം.

സണ്ണിജോസഫിനും എ.പി. അനിൽകുമാറിനും എതിരെ വി.ഡി. സതീശന്റെ സൈബർ ടീമിന്റെ സൈബർ ആക്രമണത്തെ അപലപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും വി.ഡി. സതീശന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്തുമാണ് കോൺഗ്രസിലെ സതീശൻ വിരുദ്ധരെ പിന്തുണയ്ക്കുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ വ്യക്തിപരമായ പെരുമാറ്റശൈലി  സംസംബന്ധിച്ച് മുമ്പും പറയപ്പെട്ടിരുന്ന ചില പ്രത്യേകതകളെ വലിയ ന്യൂനതയായി അവതരിപ്പിച്ചാൽ തങ്ങളുടെ ആരോപണങ്ങൾക്ക് വിശ്വാസ്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് പാളയത്തിലെ എതിരാളികൾ. മുഖ്യമന്ത്രി കൂടിയാലോചനകളില്ലാതെ തീരുമാനങ്ങളെടുക്കുന്നു. അഹങ്കാരമാണ് സ്ഥായീഭാവം. സ്വന്തം അടുപ്പക്കാരെപ്പോലും കേൾക്കാൻ തയ്യാറാകുന്നില്ല. പറയും മുമ്പേ എല്ലാം തനിക്കറിയാമെന്ന ഭാവമാണ് എന്നെല്ലാമുള്ള വിമർശനങ്ങളാണ് വി.ഡി. സതീശൻ ധാർഷ്ട്യത്തിലും ഏകാധിപത്യത്തിലും ഒന്നരപ്പിണറായി ആണ് എന്ന നിലയിൽ സ്വന്തം പാളയത്തിലുള്ളവർ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

എന്നാൽ ഈ പ്രചാരണങ്ങളൊന്നും പൊതുസമൂഹത്തിന് മുമ്പിൽ ഏശുന്നില്ലെന്നതാണ് വി.ഡി. സതീശന്റെ വിജയം. 6 മാസത്തെ ഭരണം മികച്ച തുടക്കം എന്ന നിലയിലാണ് കക്ഷിരാഷ്ട്രീയ വിധേയത്വമില്ലാത്ത രാഷ്ട്രീയ നിരീക്ഷകരും ഉദ്യോഗസ്ഥരും എല്ലാം വിലയിരുത്തുന്നത്. പ്രിയദർശിനി സൗജന്യയാത്ര, വയോജന വകുപ്പ്, സംരംഭകർക്കായി സരൾ, മിഷൻ സമുദ്ര, മാരിടൈം ബോർഡ്, രാസലഹരിക്കെതിരെ തുഫാൻ, ഉന്നതവിദ്യാഭ്യാസരംഗത്ത് നൂതനാശയങ്ങൾക്കുള്ള നീക്കം, നികുതിഭാരം വർദ്ധിപ്പിക്കാതെ വരുമാന വർദ്ധനവ് തുടങ്ങി മാറ്റം ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു വി.ഡി. സതീശന്റെ ആറുമാസം. പരിചയസമ്പന്നരായ മുതിർന്ന മന്ത്രിമാർ രമേശ് ചെന്നിത്തലയും കെ. മുരളീധരനും കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ഘടകകക്ഷി മന്ത്രിമാരും നൽകിയ പിന്തുണ മുഖ്യമന്ത്രിക്ക് കരുത്ത് പകർന്നപ്പോൾ ചില മന്ത്രിമാരുടെ ഭരണ പരിചയക്കുറവും ചിലരുടെ കഴിവുകേടും ബാധ്യതയുമായി. മുൻസർക്കാരിന്റെ കാലത്തെ അധികാരദുർവിനിയോഗത്തെക്കുറിച്ച് അനവധി അന്വേഷണങ്ങൾ പ്രഖ്യാപിച്ചത് അണികളിൽ ആവേശം ഉണ്ടാക്കി.

എന്നാൽ സ്വകാര്യ വ്യക്തികളിൽ നിന്ന് സൗജന്യം സ്വീകരിച്ചുള്ള ഹെലികോപ്റ്റർ യാത്രയും മന്ത്രിമാരുടെ വിവാദവിദേശയാത്രകളെ ന്യായീകരിച്ചതും മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പ്രതിച്ഛായയിൽ ഇടിവുണ്ടാക്കിയ കാര്യമാണ്. മാധ്യമ സമ്മേളനങ്ങളിൽ ചോദ്യകർത്താക്കളോട് കുറച്ചുകൂടി സഹിഷ്ണുത കാണിക്കണമെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ അഭ്യുദയകാംക്ഷികൾ തന്നെയാണ്.

സ്വന്തം പാർട്ടിയിൽ മിത്രങ്ങളേക്കാൾ കൂടുതൽ ശത്രുക്കളാണെങ്കിലും അവർ ആഗ്രഹിക്കുന്നതുപോലെ എളുപ്പം കസേരയിൽ നിന്ന് ഇറക്കാൻ കഴിയാത്തവിധം വി.ഡി. സതീശൻ കേരളീയ പൊതുസമൂഹത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു. മുസ്ലീം സമുദായവും ക്രൈസ്തവസമുദായവും പല കാരണങ്ങളാൽ മുഖ്യമന്ത്രിക്ക് ഉറച്ച പിന്തുണ നൽകുന്നു. സതീശനെ ശക്തിയുക്തം എതിർത്തിരുന്ന എൻ.എസ്.എസിനും അദ്ദേഹം സ്വീകാര്യനായിരിക്കുന്നു. പഴയപോലെ എതിർക്കാൻ വെള്ളാപ്പള്ളിയും ഇല്ല.

മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്ന് സ്വന്തം പാർട്ടിയിലെ വിമർശകർ പറയുമ്പോഴും ഒരു പച്ചമനുഷ്യനെപ്പോലെ വികാരങ്ങൾ അത് സന്തോഷമായാലും സങ്കടമായാലും ദേഷ്യമായാലും ഉടനടി സ്വാഭാവികമായി പ്രകടിപ്പിക്കുന്ന വി.ഡി. സതീശൻ എന്ന വ്യക്തിയെ സ്ത്രീകൾ, പ്രായമായവർ, യുവാക്കൾ, കുട്ടികൾ എല്ലാം ഇഷ്ടപ്പെടുന്നു എന്നുള്ളതാണ് അദ്ദേഹം എവിടെ ചെന്നാലും കാണുന്ന കാഴ്ചകൾ. ഈ ആരവവും അധികാരവും തലയ്ക്ക് പിടിക്കാതിരുന്നാൽ വി.ഡി. സതീശനെ ആർക്കും എളുപ്പം താഴെയിറക്കാനാവില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img