
ദോഹ: ആത്മവിമർശനം നടത്തുന്നതിലൂടെ സ്വയം വിമലീകരിക്കപ്പെടാൻ സംഘടനാ പ്രവർത്തകർ ശ്രദ്ധാലുക്കളായിരിക്കണമെന്ന് പ്രമുഖ ഖുർആൻ പണ്ഡിതൻ നൗഷാദ് കാക്കവയൽ അഭിപ്രായപ്പെട്ടു. ഓഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി ദോഹയിൽ എത്തിയ അദ്ദേഹം ഇസ്ലാഹി സെന്റർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. സമൂഹത്തിന്റെ നന്മയും അഭിവൃദ്ധിയും സംഘടനാ പ്രവർത്തകരുടെ പ്രഥമ ലക്ഷ്യങ്ങളാവണം. ക്ഷമയും സഹനവും കൈമുതലാക്കി ഗുണകാംക്ഷയോടെയുള്ള പ്രബോധന പ്രവർത്തനങ്ങൾക്കാണ് സ്ഥായിയായ ഫലങ്ങളുണ്ടാവുക - അദ്ദേഹം പറഞ്ഞു. മദീന ഖലീഫ നോർത്തിലെ ഇസ്ലാഹി സെന്റർ ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് ഷമീർ വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബർ,നവംബർ മാസങ്ങളിലെ പ്രവർത്തന പദ്ധതികൾ വൈസ് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് നല്ലളം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അലി ചാലിക്കര, ട്രഷറർ അഷ്റഫ് മടിയാരി, ഹമീദ് കല്ലിക്കണ്ടി എന്നിവർ സംസാരിച്ചു.











