09:44pm 11 November 2026
NEWS
അവയവക്കടത്ത് കേസ്: കേരളത്തിൽ നാല് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇ.ഡി റെയ്ഡ്
18/06/2026  11:44 AM IST
nila
അവയവക്കടത്ത് കേസ്: കേരളത്തിൽ നാല് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇ.ഡി റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ചിടങ്ങളിൽ ഇ.ഡി ഇന്ന് വ്യാപക പരിശോധന നടത്തി. കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ, കോട്ടയത്തെയും തിരുവനന്തപുരത്തെയും ഓരോ ആശുപത്രികൾ, കൂടാതെ കേസിലെ പ്രധാന ഇടനിലക്കാരായ കൊല്ലം പുളിയത്തുമുക്ക് സ്വദേശികളായ ശ്രീജയുടെയും സുധീറിന്റെയും വീടുകളിലുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. അവയവക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിലും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിലും നിന്നാണ് അന്വേഷണം സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധന നടക്കുന്ന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

അവയവക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനായി കണക്കാക്കപ്പെടുന്ന നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്ന് നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വലിയ തുക കമ്മിഷൻ ഇനത്തിൽ കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കാനാണ് റെയ്ഡ്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാവപ്പെട്ടവരെ ലക്ഷ്യമിട്ട് വളരെ കുറഞ്ഞ തുക നൽകി അവരുടെ അവയവങ്ങൾ സ്വന്തമാക്കിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നീട് ഈ അവയവങ്ങൾ ആവശ്യക്കാർക്ക് കോടിക്കണക്കിന് രൂപയ്ക്ക് വിറ്റഴിച്ചിരുന്നുവെന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

അവയവദാനവുമായി ബന്ധപ്പെട്ട നിയമനടപടികൾ മറികടക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പേരിലുള്ള വ്യാജ ലെറ്റർഹെഡുകളും സീലുകളും പ്രതികൾ നിർമിച്ച് ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഇ.ഡിയുടെ ഇപ്പോഴത്തെ പരിശോധനകൾ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img