
കടക്കെണിയിൽ ഉഴലുന്ന കർഷകർക്ക് കൈത്താങ്ങാവേണ്ട കടാശ്വാസ കമ്മീഷൻ വെറും നോക്കുകുത്തിയാകുന്നു. കമ്മീഷൻ ഉത്തരവിട്ട ആനുകൂല്യങ്ങൾ ബാങ്കുകൾ നടപ്പിലാക്കാത്തതോടെ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ. നിലവിൽ സഹകരണ ബാങ്കുകൾ മാത്രം പരിധിയിലുള്ള കടാശ്വാസ പദ്ധതിയിൽ ദേശസാൽകൃത ബാങ്കുകളെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുമ്പോഴും അധികൃതർ മൗനത്തിലാണ്.
കമ്മീഷൻ വഴി ലഭിച്ച ആനുകൂല്യങ്ങൾ കഴിച്ച് ബാക്കി തുക കർഷകർ ബാങ്കുകളിൽ അടച്ചാലും ആധാരങ്ങൾ വിട്ടുനൽകാൻ അധികൃതർ തയ്യാറാകുന്നില്ല. കമ്മീഷൻ അനുവദിച്ച തുക സർക്കാർ ബാങ്കുകളിലേക്ക് കൈമാറാത്തതാണ് ഇതിന് തടസ്സമായി ബാങ്കുകൾ പറയുന്നത്. സർക്കാർ പണം ലഭിക്കാതെ ക്ലിയറൻസ് നൽകാനാവില്ലെന്ന കർക്കശ നിലപാടിലാണ് ബാങ്ക് ഭരണസമിതികൾ.
കമ്മീഷൻ ഉത്തരവ് വന്നിട്ടും വായ്പകളുടെ പലിശയും പിഴപ്പലിശയും ഈടാക്കുന്നത് ബാങ്കുകൾ നിർത്തുന്നില്ലെന്നതാണ് മറ്റൊരു ക്രൂരത. സർക്കാർ വിഹിതം എത്താൻ വൈകുന്ന ഓരോ ദിവസവും പലിശ കുമിഞ്ഞുകൂടുകയാണ്. ഒടുവിൽ കമ്മീഷൻ നൽകുന്ന തുച്ഛമായ ഇളവിനേക്കാൾ വലിയ തുക പലിശയിനത്തിൽ കർഷകൻ അധികമായി അടയ്ക്കേണ്ടി വരുന്നു. വിളനാശവും വിലയിടിവും മൂലം നട്ടെല്ലൊടിഞ്ഞ കർഷകന് മേൽ ബാങ്കുകൾ മീറ്റർ പലിശ ചുമത്തുന്നത് കടുത്ത ദ്രോഹമാണെന്ന് കർഷകർ പറയുന്നു.
ദേശസാൽകൃത ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത വലിയൊരു വിഭാഗം കർഷകർ ഇപ്പോഴും ആനുകൂല്യങ്ങൾക്ക് പുറത്താണ്. ഇവരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ കാർഷിക മേഖലയിലെ കടക്കെണിക്ക് ശാശ്വത പരിഹാരമാകൂ. കമ്മീഷന്റെ പരിഗണനയിലിരിക്കുന്ന കേസുകളിൽ പോലും നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾ തയ്യാറാകാത്തതോടെ പല കർഷകരും ആത്മഹത്യയുടെ മുനമ്പിലാണ്.











