04:37pm 09 November 2026
NEWS
എന്നെ തല്ലേണ്ടമ്മാവാ...' നിലപാട് ഇനി നടക്കില്ല; ഹൈക്കോടതി ഉത്തരവ് ലംഘിച്ച ആർ.ഡി.ഒയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്!
16/07/2026  09:43 AM IST
​നിയമകാര്യ ലേഖകൻ
എന്നെ തല്ലേണ്ടമ്മാവാ... നിലപാട് ഇനി നടക്കില്ല; ഹൈക്കോടതി ഉത്തരവ് ലംഘിച്ച ആർ.ഡി.ഒയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്!

​കൊച്ചി: ഭൂമി തരംമാറ്റ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവ് തുടർച്ചയായി അവഗണിച്ച മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ. അബ്ബാസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ എസ്.എച്ച്.ഒയ്ക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്.
​ഉദ്യോഗസ്ഥർക്കിടയിലെ വീഴ്ചകളെ രൂക്ഷമായി വിമർശിച്ച കോടതി, 'എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല' എന്ന നിലപാടിൽ ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഫോം 5 അപേക്ഷകളിൽ കൃത്യമായ കാരണങ്ങളില്ലാതെ ഒരേ വാചകങ്ങൾ ആവർത്തിച്ച് ഉത്തരവുകൾ നിരസിക്കുന്നത് പതിവാണെന്നും, അപേക്ഷകൾ തള്ളുകയാണെങ്കിൽ അതിന് വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
​ബോണ്ട് ഒപ്പിട്ടാൽ വിട്ടയയ്ക്കാം; സർക്കാർ പ്ലീഡർ ഹാജരാകരുത്
കോടതിയിൽ ഹാജരാകാമെന്ന് സമ്മതിച്ച് ബോണ്ട് ഒപ്പിട്ടു നൽകുകയാണെങ്കിൽ ആർ.ഡി.ഒയെ വിട്ടയയ്ക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ കേസിൽ ആർ.ഡി.ഒയ്ക്കായി ഗവൺമെന്റ് പ്ലീഡർ ഹാജരാകരുതെന്നും, സ്വന്തം നിലയിൽ അഭിഭാഷകനെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മുൻ ഉത്തരവ് പ്രകാരം സത്യവാങ്മൂലം സമർപ്പിക്കുകയാണെങ്കിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ആർ.ഡി.ഒയെ ഒഴിവാക്കും.
​കാർഷികേതര ആവശ്യത്തിനായി, ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാനുള്ള ഫോം 5 അപേക്ഷ മതിയായ കാരണം വ്യക്തമാക്കാതെ നിരസിച്ചതിനെതിരെ സൗത്ത് ചിറ്റൂർ സ്വദേശി മനു ആന്റണി നൽകിയ ഹർജിയിലാണ് ഈ ഇടക്കാല ഉത്തരവ്.
​സത്യവാങ്മൂലം നൽകിയിരുന്നു: ആർ.ഡി.ഒ
അതേസമയം, കേസ് പരിഗണിക്കുന്നതിന് തലേന്ന് തന്നെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സത്യവാങ്മൂലം സർക്കാർ അഭിഭാഷകന് നൽകിയിരുന്നുവെന്ന് മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ. അബ്ബാസ് പ്രതികരിച്ചു. പിന്നെ എന്തുണ്ടായാണ് വീഴ്ച സംഭവിച്ചതെന്ന് അറിയില്ലെന്നും കോടതി ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img