10:28pm 20 September 2026
NEWS
കേരളത്തിൽ മഴ വീണ്ടും ശക്തം; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
20/09/2026  07:25 PM IST
nila
കേരളത്തിൽ മഴ വീണ്ടും ശക്തം; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം. വാഗമൺ, വെള്ളിക്കുളം, തീക്കോയി മേഖലകളിൽ ശക്തമായ മഴയെ തുടർന്ന് വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ അടിയന്തര ആവശ്യങ്ങളില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. പ്രത്യേകിച്ച് അപകടസാധ്യതയുള്ള റോഡുകളിലൂടെയുള്ള യാത്രയിൽ ജാഗ്രത പാലിക്കണം.

മീനച്ചിൽ ആറ്റിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ജലനിരപ്പ് ഉയർന്നാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടാണ്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img