06:20pm 13 November 2025
NEWS
ഓറല്‍ അള്‍സറുകള്‍: കാരണങ്ങളും ചികിത്സയും
20/05/2025  11:02 AM IST
Health Dusk
ഓറല്‍ അള്‍സറുകള്‍: കാരണങ്ങളും ചികിത്സയും

ഓറല്‍ അള്‍സറുകള്‍ എന്നത് വായിന്റെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ്. ഇവയുടെ മദ്ധ്യഭാഗം വെള്ള, മഞ്ഞ, ഇളം ചാരം എന്നിവയില്‍ ഏതെങ്കിലും നിറമോ ചുറ്റും ചുവപ്പു നിറവും ആയിരിക്കും. സാധാരണയായി കവിളിന്റെ ഉള്‍ഭാഗം (ബക്കല്‍ മ്യൂക്കോസ), നാവ്, ചുണ്ട്, വായിന്റെ മുകള്‍ഭാഗം എന്നീ ഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇത് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ 1 - 2 ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കും.


വായ്ക്കുള്ളിലെ എപ്പിതീലിയത്തിനും അതിന്റെ താഴെയുള്ള പാളിയായ ലാമിന പ്രോപ്രിയയ്ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമാണ് ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നത്. മാനസികാഘാതം, ഉത്കണ്ഠ, റേഡിയേഷന്‍ ചികിത്സ, രോഗാണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ഇന്‍ഫ്‌ളമേറ്ററി സിസ്റ്റമിക് ഡിസോര്‍ഡര്‍ എന്നിവയാണ് കേടുപാടുകള്‍ക്ക് കാരണമാകുന്നത്.


രോഗകാരണങ്ങള്‍ രണ്ടായി തരം തിരിക്കാം

· തടയാന്‍ കഴിയുന്നവ

· തടയാന്‍ കഴിയാത്തവ

തടയാന്‍ കഴിയുന്ന കാരണങ്ങള്‍

· കവിളിന്റെ ഉള്‍ഭാഗം ഇടയ്ക്കിടെ കടിക്കുന്നത് ഒഴിവാക്കുക.

· മൂര്‍ച്ഛയുള്ള പല്ലുകള്‍, ബ്രേസസ്, തെറ്റായ രീതിയില്‍ ഫില്ലിംഗുകള്‍ ചെയ്യുന്നത്, ശരിയായിരിക്കാത്ത കൃത്രിമ പല്ലുകള്‍.

· ഫുഡ് അലര്‍ജി / എരിവോ ചൂടോ കൂടുതലുള്ള ഭക്ഷണം

· ഭക്ഷണമോ പാനീയമോ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍
· മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും

· പല്ല് തേയ്ക്കുമ്പോള്‍ വായ്ക്കുള്ളില്‍ ഉണ്ടാകുന്ന മുറിവുകള്‍.


തടയാന്‍ കഴിയാത്ത കാരണങ്ങള്‍

· കുടുംബപരമായ പ്രവണത / ജനിതകം.

· പോഷകക്കുറവ് - അയണ്‍, സിങ്ക്, ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി.

· ചില മരുന്നുകള്‍ - ഉദാ: എന്‍ എസ് എ ഐ ഡി, ബീറ്റ ബ്ലോക്കറുകള്‍.

· ഹോര്‍മോണ്‍ മാറ്റങ്ങള്‍ - ഉദാ: ഗര്‍ഭധാരണം.

· പുകയില ഉപേക്ഷിച്ചതിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന അള്‍സറുകള്‍.


ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നതിന്റെ മറ്റു കാരണങ്ങള്‍

· കൈകാലുകളുടെയും വായുടെയും അസുഖങ്ങള്‍.

· ഓറല്‍ ലൈക്കണ്‍ പ്ലാനസ്.

· Crohn's Disease / സീലിയാക് രോഗം.

· പ്രതിരോധശേഷിയില്ലായ്മ - എച്ച്‌ഐവി, ലൂപസ്.


ഡോക്ടറെ കാണേണ്ട സാഹചര്യങ്ങള്‍ എപ്പോള്‍?

· അള്‍സര്‍ 3 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍.

· രക്തസ്രാവം ഉണ്ടാകുന്നെങ്കില്‍ / കൂടുതലായി വേദനിക്കുന്നെങ്കില്‍ / മുമ്പ് വന്നിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി അള്‍സറുകള്‍ ഉണ്ടാകുമ്പോള്‍.

· ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ അള്‍സറുകള്‍ ഉണ്ടായാല്‍ - ത്വക്ക്, ലൈംഗിക അവയവങ്ങള്‍

· ജോയിന്റുകളില്‍ വേദനയും ചുവപ്പും അനുഭവപ്പെടുമ്പോള്‍.

· ആവര്‍ത്തിച്ച് വരുന്ന അള്‍സറുകള്‍.

· ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ വേദന ഉണ്ടാകുമ്പോള്‍.

· പനി, ക്ഷീണം, ശരീരഭാരം കുറയുക എന്നീ അവസ്ഥയില്‍.

· ഉയര്‍ന്ന തോതില്‍ മദ്യം / പുകയില ഉപയോഗിക്കുന്നവരില്‍.


ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍

ചെയ്യേണ്ടത്

· മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുക.

· തണുത്ത പാനീയങ്ങള്‍ സ്‌ട്രോ ഉപയോഗിച്ച് കുടിക്കുക.

· ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക.

· കൃത്യമായ ഇടവേളകളില്‍ പല്ല് പരിശോധന നടത്തുക. ബ്രൈസസിന്റെ അഗ്രഭാഗം കൂര്‍ത്തിരിക്കുന്നെങ്കില്‍ അല്ലെങ്കില്‍ ശരിയായി ഇരിക്കാത്ത കൃത്രിമ പല്ലുകള്‍ ഉണ്ടെങ്കില്‍ ഉടനെ അത് പരിഹരിക്കേണ്ടതാണ്.

· ആരോഗ്യകരവും സമീകൃതവുമായ ആഹാരരീതി ശീലിക്കുക.

· മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
· പ്രമേഹം, രക്താദിമര്‍ദ്ദം, കൊളസ്‌ട്രോള്‍, കരള്‍, വൃക്ക എന്നിവയുടെ പരിശോധനകള്‍ കൃത്യമായി ചെയ്യുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ ഉചിതമായ ചികിത്സ തേടേണ്ടതുമാണ്.


ഒഴിവാക്കേണ്ടത്

· അധികമായി ഉപ്പ്, മുളക്, ആസിഡിറ്റിക്ക് കാരണമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

· കട്ടിയുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

· ചൂട് കൂടുതലുള്ള ഭക്ഷണ പാനീയങ്ങള്‍, അസിഡിറ്റി ഉള്ള പാനീയങ്ങള്‍, ചായ, കാപ്പി, മദ്യം എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.


വീട്ടിലെ പരിചരണ രീതികള്‍

· അള്‍സറിന്റെ മുകളില്‍ ഐസ് ചിപ്പുകള്‍ വച്ച് അലിയിക്കുക.

· ഉപ്പുവെള്ളം അല്ലെങ്കില്‍ ആന്റിസെപ്റ്റിക് മൗത്ത് വാഷ് കൊണ്ട് വായ് കഴുകുക.

· ആന്റിസെപ്റ്റിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയ അള്‍സര്‍ ജെല്‍ ഉപയോഗിക്കുക.


ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നതിലൂടെ വായിലെ അള്‍സര്‍ പൂര്‍ണ്ണമായും പരിചരിച്ച് ഭേദമാക്കാന്‍ സാധിക്കുന്നു.


Dr. Dhanashree A Iyengar
Junior Consultant ENT
SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.