07:41pm 05 September 2026
NEWS
കേളു ഏട്ടനെ' വെറുതെ വിടുക! സ്നേഹം വാങ്ങി ഒ.ആർ. കേളു; വിവാദത്തിൽ പ്രതിരോധം തീർത്ത് മന്ത്രിയുടെ വേഗത്തിലുള്ള നടപടി
26/10/2025  09:31 AM IST
സുരേഷ് വണ്ടന്നൂർ
കേളു ഏട്ടനെ വെറുതെ വിടുക! സ്നേഹം വാങ്ങി ഒ.ആർ. കേളു; വിവാദത്തിൽ പ്രതിരോധം തീർത്ത് മന്ത്രിയുടെ വേഗത്തിലുള്ള നടപടി

തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മാത്രം സ്ഥാനാർത്ഥികളെ വീണ്ടും കാണുന്ന പതിവ് രീതികളെ വയനാടിന്റെ സ്വന്തം മന്ത്രി ഒ.ആർ. കേളു തിരുത്തുകയാണ്. വയനാടിന്റെ ഇടവഴികളിൽ ഒരു നാട്ടുക്കാരനെപ്പോലെ കുശലം അന്വേഷിച്ചും, ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടും, പ്രായഭേദമന്യേ 'കേളു ഏട്ടൻ' എന്ന സ്നേഹബഹുമാനം നേടി മുന്നോട്ട് പോകുന്നതിനിടയിലും, അദ്ദേഹത്തെ ലക്ഷ്യമിട്ട് രാഷ്ട്രീയ വിവാദങ്ങൾ കത്തിപ്പടരുന്നു.

​'കേളു ഏട്ടൻ' എന്ന സ്നേഹബന്ധം

​വോട്ടർമാർക്ക് മുന്നിൽ അഞ്ച് വർഷം കൂടുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന സ്ഥാനാർത്ഥികളിൽ നിന്ന് ഒ.ആർ. കേളു വേറിട്ടുനിൽക്കുന്നു. 55 വയസുകാരനായ മന്ത്രിയെ, 80 വയസ് കഴിഞ്ഞ റിട്ട. ഡി.എം.ഒ. ഡോ. ടി.വി. സുരേന്ദ്രൻ പോലും വിളിക്കുന്നത് 'കേളു ഏട്ടൻ' എന്നാണ്. തിരുനെല്ലിയിലെ നൂറ് വയസുകാരനായ ആദിവാസി മൂപ്പൻ മാരനും ഇത് തന്നെ വിളിക്കുന്നു. ഇത് പെരുമയല്ല, കുറിച്യ സമുദായത്തിൽ സാധാരണക്കാരിൽ നിന്ന് ഉയർന്നുവന്ന ഈ വ്യക്തിയോടുള്ള ആത്മാർത്ഥമായ ബഹുമാനമാണ്. മന്ത്രിയായ ശേഷവും താൻ വന്ന വഴിയും തന്നെ പിന്തുണച്ചവരെയും അദ്ദേഹം മറന്നിട്ടില്ല.

​കഴിഞ്ഞ ദിവസം യു.ഡി.എഫ് ചിന്തകനായ മുനീർ പാറക്കടവത്ത് പകർത്തിയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അക്കമ്പടി പോലീസോ പേഴ്സണൽ അസിസ്റ്റന്റോ ഇല്ലാതെ ഒരു സാധാരണക്കാരനെപ്പോലെ മെഡിക്കൽ ഷോപ്പിൽ കയറി മരുന്ന് വാങ്ങി, ഗൂഗിൾ പേ വഴി പണം നൽകി മടങ്ങുന്ന മന്ത്രിയായിരുന്നു അതിൽ. കടയുടമയോടും അവിടെയുള്ളവരോടും സ്നേഹത്തോടെ വിശേഷങ്ങൾ തിരക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യമാണ് യു.ഡി.എഫ് അനുകൂലിയായ യുവാവിനെ പോലും ഈ ദൃശ്യം പകർത്താൻ പ്രേരിപ്പിച്ചത്. ഒഴിവ് ദിവസങ്ങളിൽ തൂമ്പയെടുത്ത് പറമ്പിൽ കിളയ്ക്കുന്ന കേളുവിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാൽ കാണാം. രാഷ്ട്രീയത്തിന് അതീതമായ ഈ ബന്ധമാണ് യു.ഡി.എഫിന് മുൻതൂക്കമുള്ള വടക്കേ വയനാട്ടിൽ നിന്ന് 2016 മുതൽ അദ്ദേഹത്തെ സ്ഥിരമായി വിജയിപ്പിക്കുന്നത്.

​വിവാദം കത്തിക്കയറുന്നു: തിരുനെല്ലി ആശ്രമം സ്കൂൾ

​പട്ടികവർഗ്ഗ വകുപ്പിന് കീഴിലുള്ള തിരുനെല്ലി ഗവ. ആശ്രമം റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികളുടെ താമസസൗകര്യമാണ് നിലവിലെ പ്രധാന വിവാദം. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 127 ആദിവാസി പെൺകുട്ടികൾ അസൗകര്യങ്ങൾ നിറഞ്ഞ ഹോസ്റ്റൽ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. പ്രാക്തന ഗോത്രവർഗ്ഗത്തിൽപ്പെട്ട അടിയ-പണിയ വിഭാഗത്തിൽപ്പെട്ടവരാണ് കുട്ടികളിൽ ഭൂരിപക്ഷവും. വിവരം പുറത്തുവന്നതോടെ ഇത് രാഷ്ട്രീയ എതിരാളികൾ ഏറ്റെടുത്തു. മാനന്തവാടിയിലെ മന്ത്രി ഓഫീസിലേക്ക് കോൺഗ്രസും ബി.ജെ.പി.യും മാർച്ച് നടത്തി.

​ജൂലായ് മാസത്തിൽ ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ കുട്ടികളെ കണ്ണൂർ ജില്ലയിലെ ആറളത്ത് നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു മന്ത്രിയുടെ തീരുമാനം. എന്നാൽ, യു.ഡി.എഫ് ഭരണകാലത്ത് (2014-ൽ മന്ത്രിയായിരിക്കെ) പി.കെ. ജയലക്ഷ്മി 20 കോടിയിലധികം ചെലവാക്കി മാനന്തവാടിക്കടുത്ത് മക്കിമലയിൽ നിർമ്മിച്ച കെട്ടിടസമുച്ചയം 2016-ന് ശേഷം കാടുകയറി നശിച്ചു എന്ന വിഷയവും ഇതോടൊപ്പം ചർച്ചയായി. ഈ കെട്ടിടം യഥാസമയം പൂർത്തിയാക്കിയിരുന്നെങ്കിൽ തിരുനെല്ലിയിലെ കുട്ടികളെ ആറളത്തേക്ക് മാറ്റേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും വിമർശനമുയരുന്നു.

​വേഗത്തിലുള്ള നടപടികളുമായി മന്ത്രി

​നിലവിലെ ഹോസ്റ്റലിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കുട്ടികളെ തിരുനെല്ലിയിൽ തന്നെ പഠിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
​വിവാദങ്ങൾക്കിടയിലും മന്ത്രി ഒ.ആർ. കേളു ശക്തമായ പ്രതിരോധം തീർക്കുന്നു. തിരുനെല്ലി ഗവ. ആശ്രമം റെസിഡൻഷ്യൽ സ്കൂൾ ആറളത്തേക്ക് മാറ്റുന്നത് താൽക്കാലികമാണെന്ന് മന്ത്രി ഉറപ്പിച്ചു പറയുന്നു. നിലവിലുള്ള ഹോസ്റ്റൽ കെട്ടിടം പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കും. ആറളത്ത് വൈദ്യുതി കണക്ഷനായി 21.36 ലക്ഷം രൂപ കെ.എസ്.ഇ.ബി.യിൽ അടച്ചു. പട്ടിക വിഭാഗക്കാർക്ക് വിദഗ്ദ്ധ തൊഴിൽ പരിശീലനം നൽകാനായാണ് ആറളത്ത് കെട്ടിടം നിർമ്മിച്ചത്. കുട്ടികളുടെ പഠന സൗകര്യത്തിനായി അവിടെ 10 ലക്ഷം രൂപയും വിനിയോഗിച്ചു. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.
​രാഷ്ട്രീയ എതിരാളികളുടെ വിമർശനങ്ങളെ ചിരിച്ചു തള്ളിക്കൊണ്ട്, ജനങ്ങളുമായുള്ള ഹൃദയബന്ധം കൈവിടാതെ, കലുഷിതമായ ഈ സാഹചര്യങ്ങളെ അദ്ദേഹം നേരിടുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img