10:43pm 10 November 2026
NEWS
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം
18/08/2025  12:26 PM IST
nila
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. ഇന്നു രാവിലെ ചേർന്ന ഇന്ത്യാ സഖ്യത്തിന്റെ നേതാക്കളുടെ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഇന്ത്യാ സഖ്യം നീക്കം ആരംഭിച്ചത്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി വാർത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും വാർത്താസമ്മേളനം നടത്തി. 

രാജ്യത്ത് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടത്തപ്പെടുന്നതെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ട‌ർമാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒപ്പം വോട്ടുകൊള്ള സംബന്ധിച്ച ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്നും അല്ലെങ്കിൽ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇംപീച്ച്മെന്റ് കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നീക്കം ആരംഭിച്ചത്. 

ഇംപീച്ച്മെന്റ് നോട്ടിസ് നൽകുന്നതിനായി ഒപ്പുശേഖരണം നടത്തുകയാണ് ആദ്യകടമ്പ. പാർലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച്‌ ചെയ്യാൻ സാധിക്കു. എന്നാൽ ഈ വിഷയത്തിൽ ഗൗരവമേറിയ ചർച്ചകൾ പാർലമെന്റിൽ നടത്താൻ പ്രതിപക്ഷത്തിനു അവസരം ലഭിക്കും. വർഷകാല സമ്മേളനം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനാൽതന്നെ ഈ സമ്മേളനകാലത്ത് ഇംപീച്ച്മെന്റ് നടപടി അവതരിപ്പിക്കാൻ അനുവാദം ലഭിക്കുമോ എന്നതും സംശയമാണ്. സ്പീക്കറാണ് നോട്ടിസിൽ തീരുമാനം എടുക്കേണ്ടത്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img