
ബംഗളുരു: ടൗൺഷിപ്പ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം ഇരമ്പുന്ന ബിഡദിയിൽ നിന്നും ഫ്രീഡം പാർക്കിലേക്ക് നൂറുകണക്കിന് കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്ര ഈ മാസം മുപ്പതിന് ആരംഭിക്കാനാണ് ജെഡിഎസ്സ് തീരുമാനിച്ചിരുന്നത്. എന്നാൽ മുൻപ്രധാനമന്ത്രിയും ജെഡിഎസ്സ് അധ്യക്ഷനുമായ ദേവഗൗഡയുടെ പത്നി ചെന്നമ്മ നിര്യാതയായതിനാൽ പദയാത്ര ആരംഭിക്കുന്നത് നീളും. ബിജെപിയും ജെഡിഎസ്സും ഒന്നിച്ച് പദയാത്ര നടത്താൻ ഏകദേശ ധാരണയായിട്ടുണ്ട്. ബിഡദി ടൗൺഷിപ്പിന് പുറമെ കനകപുരയ്ക്ക് സമീപം ഹാരോഹള്ളി മേഖലയിലാണ് നഗരത്തിലെ രണ്ടാമത്തെ അന്തർദ്ദേശീയ വിമാനത്താവളം സ്ഥാനം പിടിക്കുക എന്ന സൂചന കർഷക സമൂഹത്തിൽ ആശങ്ക പരത്തുന്നുണ്ട്. സ്വന്തം തട്ടകമായ കനകപുര റോഡിലെ ഈ മേഖലയിൽ പുതിയ വിമാനത്താവളം കൊണ്ടുവരാനാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ ശ്രമിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്മാർ പരിഗണിക്കുന്ന മൂന്നിടങ്ങളിൽ രണ്ട് കനകപുര റോഡ് മേഖലയിലും ഒന്ന് തുംകൂർ ജില്ലയിൽ പെടുന്ന നെലമംഗള കുനിഗൽ മേഖലയിലുമാണ്. തുംകൂർ ജില്ലയിൽ വിമാനത്താവളം കൊണ്ടുവരാൻ ശ്രമിക്കുന്നത് ഉപമുഖ്യമന്ത്രി ഡോ: ജി പരമേശ്വരയാണ്. മുഖ്യമന്ത്രിയ്ക്കും ഉപമുഖ്യമന്ത്രി യ്ക്കും ഇടയിൽ ഇക്കാര്യത്തെ പറ്റി ശീതസമരം നിലനിൽക്കുന്നുണ്ട്. മുഖ്യപ്രതിപക്ഷമായ ബിജെപി പിന്തുണയ്ക്കുന്നത് ഡോ: പരമേശ്വരയുടെ നിർദ്ദേശത്തെയാണ്. ജെഡിഎസ്സ് രണ്ടാം വിമാനത്താവളം എവിടെ വരണം എന്ന കാര്യത്തിൽ നിലപാട് വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും ബിഡദി ടൗൺഷിപ്പിനെതിരെ രണ്ടുകക്ഷികളും ഒന്നിച്ച് പദയാത്ര സംഘടിപ്പിക്കാനാണ് നീക്കം. പദ്ധതി ബാധിക്കുന്ന 26 ഗ്രാമങ്ങളിലെ 9700 ഏക്ര കൃഷിഭൂമിയെയും തോട്ടങ്ങളെയും സ്പർശിച്ചുകൊണ്ടാണ് പദയാത്ര നീങ്ങുക. ബിഡദി ബൈരമംഗല സർക്കിളിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് 35 കിലോമീറ്റർ ദൂരമുണ്ട്. പദയാത്ര ഫ്രീഡം പാർക്കിൽ എത്തിച്ചേരാൻ അഞ്ചോ ആറോ ദിവസം വേണ്ടിവരും. കേന്ദ്രമന്ത്രി കുമാരസ്വാമിയും മുൻമുഖ്യമന്ത്രി യഡിയൂരപ്പയും ചേർന്ന് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഫ്രീഡം പാർക്കിൽ പദയാത്ര സമാപിക്കുമ്പോൾ ദേവഗൗഡയും പങ്കെടുക്കുമെന്നാണറിയുന്നത്. മുണ്ടുടുത്ത് കഴുത്തിൽ പച്ച ഷാളണിഞ്ഞ കർഷകരുടെയും ഗ്രാമീണരുടെയും മുന്നേറ്റത്തിന് ഹൈടെക് നഗരം വേദിയാകും.
Photo Courtesy - Google










