04:45pm 30 July 2026
NEWS
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; പാർലമെന്റ് നടപടികൾ വീണ്ടും തടസ്സപ്പെട്ടു
30/07/2026  01:45 PM IST
NILA
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; പാർലമെന്റ് നടപടികൾ വീണ്ടും തടസ്സപ്പെട്ടു

 

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളിലെയും നടപടികൾ വീണ്ടും സ്തംഭിച്ചു. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമായപ്പോൾ, വിഷയത്തിൽ സർക്കാർ-പ്രതിപക്ഷ ഏറ്റുമുട്ടൽ രൂക്ഷമായി.

പോലീസ് നടപടിയിൽ ഇരയായ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും, വിഷയത്തിൽ അദ്ദേഹം പാർലമെന്റിൽ വിശദീകരണം നൽകാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദ്യം ചെയ്തു.

രാവിലെ പാർലമെന്റ് സമുച്ചയത്തിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ ലോക്‌സഭയിലും വിഷയം ഉയർന്നതോടെ സഭാനടപടികൾ തടസ്സപ്പെട്ടു. രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അവിടെയും കാര്യമായ ചർച്ചകൾ നടക്കാനായില്ല.

സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം സ്പീക്കർ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് പ്രതിപക്ഷം ലോക്‌സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

അതേസമയം, സർക്കാർ ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്നും, ജനകീയ വിഷയങ്ങൾ ഉയർത്താൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നതെന്നും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ആരോപിച്ചു.

ഇതിനിടെ, പൊലീസ് അതിക്രമത്തിനിരയായ വിദ്യാർഥികൾക്ക് നീതി ലഭ്യമാക്കണമെന്നും സംഭവത്തെക്കുറിച്ച് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img