
ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിന് വീണ്ടും നോട്ടിസ് നൽകി. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. 2026 മാർച്ച് 15ന് ശേഷം ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എംപിമാരുടെ നോട്ടീസ്. ഭരണഘടനയിലെ അനുച്ഛേദങ്ങൾ 324(5), 124(4) പ്രകാരം നടപടി വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
ഒമ്പത് പ്രധാന ആരോപണങ്ങളാണ് നോട്ടിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ വ്യക്തമായ തെളിവുകളോടെയാണെന്നും അവഗണിക്കാനാവില്ലെന്നും പ്രതിപക്ഷം പറയുന്നു. ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നത് ഭരണഘടനാ മൂല്യങ്ങൾക്കുള്ള അവഹേളനമാണെന്നും നോട്ടിസിൽ ആരോപിക്കുന്നു. കൂടാതെ, പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും താൽപര്യങ്ങൾക്ക് അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നുമാണ് വിമർശനം.
ഇതിനു മുമ്പ് മാർച്ച് 12ന് സമർപ്പിച്ച സമാന നോട്ടിസ് രാജ്യസഭാ അധ്യക്ഷനും ലോക്സഭാ സ്പീക്കറും തള്ളിയിരുന്നു. അതിനെത്തുടർന്ന് കൂടുതൽ വിവരങ്ങളും തെളിവുകളും ചേർത്ത് പുതിയ നോട്ടിസ് സമർപ്പിച്ചതാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള 11 പ്രതിപക്ഷ പാർട്ടികളിലെ എംപിമാരാണ് നോട്ടിസിൽ ഒപ്പുവെച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കാനുള്ള നടപടിക്രമം സുപ്രീം കോടതി ജഡ്ജിയെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമായി സങ്കീർണവും കർശനവുമാണ്.










