
തിരുവനന്തപുരം: നിയമസഭ സംഘർഷഭരിതം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം നിമയഭയിൽ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്ക് കടന്നുകയറാൻ ശ്രമിച്ചതോടെ സഭ താത്ക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്പീക്കറെ ഇരിപ്പിടത്തിൽ നിന്നുമാറ്റിയെങ്കിലും ഭരണപക്ഷ - പ്രതിപക്ഷ എംഎൽഎമാർ രണ്ടു ഭാഗങ്ങളിലായി സംഘടിച്ച് നിൽക്കുകയായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംഎൽഎമാർ അൻവർ സാദത്തും സനീഷ് കുമാറും സ്‌പീക്കർ എ എൻ ഷംസീറിന്റെ ഇരിപ്പിടത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്പീക്കറെ ഇരിപ്പിടത്തിൽ നിന്നുമാറ്റി. നിലവിൽ ഭരണപക്ഷ പ്രതിപക്ഷ എംഎൽഎമാർ ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റ് സഭയ്ക്ക് ഇരുവശത്തായി നിലയുറപ്പിച്ചിരിക്കുകയാണ്.
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബാനർ താഴ്ത്തണമെന്നും ഇല്ലെങ്കിൽ പിടിച്ചുമാറ്റുമെന്നും സ്പീക്കർ എ എൻ ഷംസീർ മുന്നറിയിപ്പ് നൽകി. പിന്നാലെയാണ് സ്പീക്കറുടെ ചേമ്പറിൽ കയറാൻ പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചത്.
വിഷയ ഭാരിദ്ര്യം കാരണം പ്രതിപക്ഷത്തിന് ഒരു അടിയന്തരപ്രമേയം പോലുമില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പരിഹാസം. നടുത്തളത്തിന് തൊട്ടരികെയെത്തിയ ഭരണപക്ഷ എംഎൽഎമാർ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കടുക്കുകയായിരുന്നു. നിലവിൽ സഭ സ്തംഭിച്ച നിലയിലാണ്. അൻവർ സാദത്തിനെയും സനീഷ് കുമാറിനെയും സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.











