
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആറിനെ ചൊല്ലിയുള്ള വിവാദം സുപ്രീം കോടതിയിലേക്ക്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പത്തോളം പ്രതിപക്ഷ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളിൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിച്ചത്. കമ്മിഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാനും അവയ്ക്ക് രേഖാമൂലം മറുപടി നൽകാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷണർമാരോട് വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐആറിന് നൽകിയ അംഗീകാരം, വോട്ടർപട്ടികയിൽനിന്നുള്ള പേരുകൾ ഒഴിവാക്കിയ നടപടി, കമ്മിഷന്റെ ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വിശദീകരണം തേടുന്ന വിഷയങ്ങൾ.
എസ്ഐആറുമായി ബന്ധപ്പെട്ട് വോട്ടർമാരെ അന്യായമായി ഒഴിവാക്കിയെന്നും ക്രമക്കേടുകൾ നടന്നെന്നും ആരോപിച്ച് നേരത്തെ നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മതിയായ വസ്തുതകളോ അനുബന്ധ രേഖകളോ ഹാജരാക്കിയിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പകരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ മാത്രമാണ് കമ്മിഷൻ ഉന്നയിച്ചതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എസ്ഐആർ, ECINET, ഫോം 6 എന്നിവയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് അംഗങ്ങൾ എന്തെങ്കിലും വിയോജിപ്പുകളോ എതിർപ്പുകളോ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. വോട്ടർപട്ടികയുടെ ഡാറ്റാബേസിലേക്ക് സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ പ്രവേശനം നൽകിയിരുന്നോ, വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ ഒഴിവാക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങളിലും വ്യക്തത തേടുന്നുണ്ട്.
ഓൺലൈൻ ഫോം 6ൽ പുതിയ പ്രഖ്യാപനം ഉൾപ്പെടുത്താൻ അനുമതി നൽകിയത് ആരാണെന്നും ഡ്രാഫ്റ്റ് വോട്ടർപട്ടികയിൽനിന്നും അന്തിമ പട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ടവരുടെ സംസ്ഥാന തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്, ആർജെഡി നേതാവ് തേജസ്വി യാദവ്, സുപ്രിയ സുലെ എന്നിവരുൾപ്പെടെ പത്തോളം പ്രതിപക്ഷ നേതാക്കളാണ് രാഹുൽ ഗാന്ധിക്കൊപ്പം ഹർജി സമർപ്പിച്ചിരിക്കുന്നത്.










