04:20am 06 November 2026
NEWS
പാതിവില തട്ടിപ്പിൽ നിന്നും 'ഭാ​ഗ്യ'ത്തിന് ഒഴിവായ 'ധനമന്ത്രി'യെ ഭാവിയിലും 'ഭാ​ഗ്യം' തുണയ്ക്കുമോ?
07/02/2025  02:42 PM IST
nila
പാതിവില തട്ടിപ്പിൽ നിന്നും ഭാ​ഗ്യത്തിന് ഒഴിവായ ധനമന്ത്രിയെ ഭാവിയിലും ഭാ​ഗ്യം തുണയ്ക്കുമോ?
HIGHLIGHTS

കേരളം ഞെട്ടുന്ന ഒരു തട്ടിപ്പ് പുറത്തുകൊണ്ടുവരാനുള്ള വലിയ അവസരമാണ് ഭാ​ഗ്യത്തിന്റെ ചുമലിൽവെച്ച് വി ഡി സതീശൻ കൈയൊഴിയുന്നത്

അനന്തു കൃഷ്ണൻ നടത്തിയ പാതിവില തട്ടിപ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാ​ഗത്തും ​ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നു തന്നെയാണ് അദ്ദേഹ​ത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. പാതിവില തട്ടിപ്പുകാർ തന്നെയും സമീപിച്ചിരുന്നുവെന്നും  തന്റെ ഭാഗ്യത്തിന് അതിന് നിന്നുകൊടുത്തില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഒരു അസാധാരണമായ സംഭവം തന്റെ മുന്നിൽ വന്നിട്ടും അതിനെ കുറിച്ച് അന്വേഷണം നടത്തി കേരളം ഞെട്ടുന്ന ഒരു തട്ടിപ്പ് പുറത്തുകൊണ്ടുവരാനുള്ള വലിയ അവസരമാണ് ഭാ​ഗ്യത്തിന്റെ ചുമലിൽവെച്ച് വി ഡി സതീശൻ കൈയൊഴിയുന്നത്. സാധാരണമെന്ന് സാധാരണ ജനത്തിന് തോന്നുന്ന സംഭവങ്ങളിൽ പോലും അസാധാരണത്വം കണ്ടുപിടിക്കുകയും അത് പൊതുസമൂഹത്തോട് വിളിച്ചു പറയുകയും പിന്നീട് തങ്ങളുടെ നിലപാടായിരുന്നു ശരിയെന്ന് സമൂഹത്തെയാകെ ബോധ്യപ്പെടുത്തുകയും ചെയ്ത പ്രതിപക്ഷ നേതാക്കൾ പ്രവർത്തിച്ച നാടാണ് കേരളം. 

വി ഡി സതീശൻ ജനകീയനായ ജനപ്രതിനിധിയും കഴിവുറ്റ വാഗ്മിയും ഏതുവിഷയവും ആഴത്തിൽ പഠിച്ച് കൃത്യമായി അവതരിപ്പിക്കാൻ കഴിവുള്ള നേതാവുമാണ്. സാമ്പത്തികവിഷയങ്ങൾ സമർഥമായി കൈകാര്യം ചെയ്യുന്ന നേതാവ് എന്ന നിലയിൽ ഏറ്റവുമൊടുവിലത്തെ യുഡിഎഫ് മന്ത്രിസഭയിൽ ധനമന്ത്രിയാകും എന്ന് രാഷ്ട്രീയ കേരളം കരുതിയിരുന്ന നേതാവാണ് അദ്ദേ​ഹം. 

ആദ്യ കേൾവിയിൽ തന്നെ അസ്വാഭാവികത തോന്നുന്ന ഒരു പദ്ധതിയുമായി ഒരാൾ തന്നെ സമീപിച്ചിട്ടും അതിന്റെ വിശദാംശങ്ങൾ അന്വേഷിക്കാതിരുന്നത് വി ഡി സതീശന്റെ മാത്രമല്ല, ഈ നാട്ടിലെ പലരുടെയും നിർഭാ​ഗ്യമാണ്. പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്ന് ഒരാൾ വാ​ഗ്ദാനം ചെയ്യുമ്പോൾ ഏത് സാധാരണക്കാരനും ചോദിക്കുന്ന ചോദ്യം അതെങ്ങനെ സാധിക്കുമെന്നാണ്. ആ ചോ​ദ്യം വി ഡി സതീശൻ ചോദിക്കുകയോ ആ ചോദ്യത്തിന് പിന്നാലെ തന്റേതായ നിലയിൽ അന്വേഷണം നടത്തുകയോ ചെയ്തിരുന്നെങ്കിൽ ഇതിനും മുമ്പേ അനന്തു കൃഷ്ണന്റെ തട്ടിപ്പ് പുറത്തുവരുമായിരുന്നു. കുറേയധികം മനുഷ്യരെങ്കിലും ഇയാളുടെ തട്ടിപ്പിൽ നിന്നും രക്ഷപെടുമായിരുന്നു. 

കേരളം ഞെട്ടിയ പല തട്ടിപ്പുകളും ആദ്യം വിളിച്ചുപറഞ്ഞിട്ടുള്ളതും തെളിയിച്ചിട്ടുള്ളതും കേരളത്തിലെ മുഖ്യമന്ത്രിയോ പൊലീസ് മേധാവിയോ ഒന്നുമല്ല. മറിച്ച് പ്രതിപക്ഷ നേതാക്കളായിരുന്നു. അത് കോൺ​ഗ്രസിൽ കെ കരുണാകരൻ മുതൽ സതീശന്റെ മുൻ​ഗാമി രമേശ് ചെന്നിത്തല വരെ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അത്തരം ഇടപെടലുകൾ ഏറെ നടത്തിയിട്ടുള്ളത് മുതിർന്ന സിപിഎം നേതാവ് വി എസ് അച്ചുതാനന്ദൻ തന്നെയാണ്. സർക്കാരിന്റെ അഴിമതി മുതൽ മൂന്നാറിലെ ഭൂമി കയ്യേറ്റം വരെയുള്ള വിവിധങ്ങളായ വിഷയങ്ങളിൽ വി എസ് സജീവമായ അന്വേഷണങ്ങൾ നടത്തുകയും തന്റെ കണ്ടെത്തലുകൾ വിളിച്ചുപറയുകയും ചെയ്തിട്ടുണ്ട്. അതിനായി നടന്നുകയറാൻ പറ്റാത്ത മലകൾ പോലും ആ മനുഷ്യൻ കയറിയിറങ്ങി. 

പാതിവില തട്ടിപ്പിന് ഭാ​ഗ്യം കൊണ്ട് നിന്നു കൊടുത്തില്ല എന്ന് വി ഡി സതീശൻ എന്ന സാധാരണ മനുഷ്യന് പറയാം. വി ഡി സതീശൻ എന്ന രാഷ്ട്രീയക്കാരനും വേണമെങ്കിൽ ഒരു പരിധിവരെ പറയാം. എന്നാൽ, വി ഡി സതീശൻ എന്ന പ്രതിപ​ക്ഷ നേതാവിന് ഒരിക്കലും അങ്ങനെ പറഞ്ഞ് കയ്യൊഴിയാൻ കഴിയുന്ന തെറ്റല്ല അത്. കേരളത്തിൽ സമീപ വർഷങ്ങളിൽ തട്ടിപ്പുകാരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഈ തട്ടിപ്പുകാരിൽ പലർക്കും ഉന്നത ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം ബന്ധങ്ങൾ ഉപയോ​ഗിച്ചാണ് ഇക്കൂട്ടരെല്ലാം തട്ടിപ്പുകൾ നടത്തിയതും. ഇതെല്ലാം വി ഡി സതീശന് അറിയാവുന്നതുമാണ്. എന്നിട്ടും തന്റെ മുന്നിൽ വന്ന തട്ടിപ്പുകാരനെ കുറിച്ച് യാതൊരു അന്വേഷണവും നടത്താത്ത പ്രതിപക്ഷ നേതാവ് ഭാ​ഗ്യത്തെ കൂട്ടുപിടിച്ച് അതിൽ ആശ്വാസം കൊള്ളുന്നത് ഒട്ടും ആശ്വാസ്യമല്ല. 

കൃത്യമായ ഹോംവർക്കിലൂടെ വ്യക്തമായ ചോദ്യങ്ങളുന്നയിക്കുന്നമികച്ച നിയമസഭാ സാമാജികനായിരുന്നു വി ഡി സതീശൻ എന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും തർക്കമുണ്ടാകില്ല. 2010-ലെ ലോട്ടറി വിവാദത്തിൽ വി ഡി സതീശൻ നടത്തിയ ഇടപെടൽ രാഷ്ട്രീയ കേരളത്തിന് മറക്കാൻ സാധിക്കുന്നതല്ല. ഇടത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക്കുമായി വി.ഡി സതീശൻ നേർക്കു നേർ കൊമ്പു കോർത്തു. സാന്റിയാഗോ മാർട്ടിനെന്ന ഇതര സംസ്ഥാന ലോട്ടറി മാഫിയ തലവനെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്നും അന്ന് അദ്ദേഹം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പോലുമന്ന് വി ഡി സതീശനൊപ്പമായിരുന്നു! സാന്റിയാ​ഗോ മാർട്ടിൻ നേരിട്ട് വന്ന് വി ഡി സതീശനോട് കുമ്പസാരം നടത്തിയതായിരുന്നില്ല അത്. മറിച്ച്, വി ഡി സതീശനെന്ന പ്രതിപക്ഷ അന്വേഷണ ത്വരയും ജാ​ഗ്രതയുമാണ് അന്ന് കേരളം കണ്ടത്.

2011-ൽ യു.ഡി.എഫ്. അധികാരത്തിൽ വന്നു. ഉമ്മൻ ചാണ്ടി സർക്കാരിൽ ധനമന്ത്രിയായി വി ഡി സതീശൻ വരുമെന്ന് ഏവരും കരുതിയെങ്കിലും കോൺ​ഗ്രസിലെ ​ഗ്രൂപ്പ് സമവാക്യങ്ങളിൽപെട്ട് മന്ത്രി കസേര ലഭിക്കാതെ പോയി. എന്നാൽ, പിന്നീട് കോൺ​ഗ്രസിലെ അധികാര രാഷ്ട്രീയവടംവലിയിൽ ശക്തനാകാനാണ് സതീശൻ ശ്രമിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ നിഷ്പ്രയാസം ഒതുക്കി പ്രതിപക്ഷ നേതാവാകാൻ സതീശന് കഴിഞ്ഞു. കോൺ​ഗ്രസിനുള്ളിലെ അധികാര വടംവലിയിൽ ശക്തിമാനാകാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ ധർമ്മം മറന്നുപോകുന്നോ എന്ന സംശയത്തിലേക്കാണ് സമീപകാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img