10:00am 13 November 2026
NEWS
മനുഷ്യക്കടത്ത് ആരോപിച്ച്‌ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
27/07/2025  06:45 PM IST
സണ്ണി ലുക്കോസ്
മനുഷ്യക്കടത്ത് ആരോപിച്ച്‌ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും, മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ലെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

"ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാർ. അവർ കേരളത്തില്‍ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളില്‍ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡില്‍ കണ്ടത്.

ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പൊലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകള്‍ക്കെതിരെ ആള്‍ക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയില്‍ പൊതുവിടങ്ങളില്‍ സഭാ വസ്ത്രം ഉപേക്ഷിച്ച്‌ സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിർദേശം നല്‍കിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്

മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാറിന് കുഴലൂതുകയല്ല ഛത്തിസ്ഗഡ് സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റേയും ജോലി. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്‌എസിൻ്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡില്‍ കളളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം," വി.ഡി സതീശൻ പറഞ്ഞു

അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗില്‍ അറസ്റ്റിലായത്. കണ്ണൂർ, അങ്കമാലി സ്വദേശികളാണ് അറസ്റ്റിലായ കന്യാസ്ത്രീകള്‍. ബജ്‌രംഗ്ദള്‍ പ്രവർത്തകർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img