
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്നായിരുന്നു സതീശന്റെ വിമർശനം. വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധസമരത്തിൽ സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ നിശിതമായി വിമർശിച്ചത്.
വി ഡി സതീശന്റെ വാക്കുകൾ ഇങ്ങനെ:
'നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗം. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല.
'നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാര്‍ത്ത വരുമെന്ന് കണ്ടാല്‍ എന്ത് വിഡ്ഢിത്തവും വായില്‍ നിന്ന് വരുവോ. നമ്മുടെ പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താ പറയേണ്ടത്. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നു'.
ഏതു മാളത്തിൽ പോയി ഒളിച്ചാലും ഈ സ്വർണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിനുവേണ്ടി യുഡിഎഫ് അവസാനം വരെ പ്രവർത്തിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.











