
കർണാടകത്തിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയിൽ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്നങ്ങൾ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. തലമുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യദിയൂരപ്പയുടെ മകനും എംഎൽഎയുമായ വിജയേന്ദ്രയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബസന ഗൗഡപാട്ടീൽ യത് നാൽ വിജയേന്ദ്രയുടെ നേതൃത്വം അംഗീകരിക്കുന്നില്ല. യദിയൂരപ്പയോട് കടുത്ത ശത്രുത പുലർത്തുന്ന നേതാവാണ് യത് നാൽ. 2021ൽ യദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറേണ്ടിവന്നതിന്റെ ഒരു പ്രധാന കാരണം യത് നാളിന്റെ തുടർച്ചയായുള്ള പരസ്യ വിമർശനമായിരുന്നു. പാർട്ടിയെ ദേശീയതലത്തിൽ ആ കാലയളവിലും ഇപ്പോഴും നിയന്ത്രിച്ചുപോരുന്ന അമിത്ഷാ യത് നാളിന്റെ വിമത പ്രവർത്തനത്തിന് തടയിടാൻ കൂട്ടാക്കിയിരുന്നില്ല. യദിയൂരപ്പയ്ക്ക് മുഖ്യമന്ത്രിക്കസേര വിട്ടൊഴിയേണ്ടിവന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നത്. സംസ്ഥാനത്ത് ബിജെപി ശിഥിലമായതിന്റെ കാരണവും അതുതന്നെ. ആ തകർച്ചയിൽ നിന്ന് കര കയറാൻ പാർട്ടിക്ക് ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടുമിരിക്കുന്നു. പിഴവ് മനസ്സിലാക്കിയ അമിത് ഷാ സംസ്ഥാനത്ത് പാർട്ടിയുടെ നിയന്ത്രണം യദിയൂരപ്പയ്ക്ക് തന്നെ തിരിച്ചുകൊടുത്തെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ല. വിജയേന്ദ്ര അധ്യക്ഷനായത് മുതൽ യത് നാൽ കലിപ്പിലാണ്. ദേശീയ നേതൃത്വത്തിന് അദ്ദേഹത്തെ നിയന്ത്രിക്കാനാവുന്നില്ല. പാർട്ടിയിൽ ഒരു പ്രത്യേക വിഭാഗമായാണ് യത് നാളും സഹായികളും പ്രവർത്തിക്കുന്നത്. മറ്റൊരു പ്രമുഖ നേതാവായ രമേഷ് ജാർക്കിഹോളിയും യത് നാളിന് ഒപ്പമുണ്ട്. ഈ രണ്ടു നേതാക്കളെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നതാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. പക്ഷെ ദേശീയ നേതൃത്വം ആ നിലപാട് അംഗീകരിക്കുന്നില്ല. അതിനിടയിലാണ് യദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ വിജയേന്ദ്ര കള്ളഒപ്പിട്ട് അദ്ദേഹത്തെ കുഴപ്പത്തിൽ ചാടിച്ചു എന്ന ഗുരുതര ആരോപണവുമായി യത് നാൽ രംഗത്ത് വന്നത്. ബിജെപിയുടെ ഭരണകാലത്ത് കോവിഡ് സംവിധാനവുമായി ബന്ധപ്പെട്ട് നടന്നു എന്നാരോപിക്കപ്പെടുന്ന അഴിമതികളെ കുറിച്ച് കോൺഗ്രസ് ഗവണ്മെന്റ് അന്വേഷിക്കുകയും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ല. യത് നാൽ രേഖാമൂലം പരാതിപ്പെട്ടാൽ കള്ള ഒപ്പിട്ടതായി പറയുന്ന സംഭവത്തെ പറ്റി അന്വേഷണം നടത്തുമെന്ന് ഗവണ്മെന്റ് വക്താവ് കൂടിയായ ഐ ടി മന്ത്രി പ്രിയങ്ക് ഖാർഗെ പ്രഖ്യാപിച്ചു. യത് നാളിന്റെ പുതിയ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ വിജയേന്ദ്ര തയ്യാറായിട്ടില്ല. വളരെ സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് കർണാടകത്തിലെ ബിജെപി കടന്നുപോകുന്നത്.
Photo Courtesy - Google











