08:58pm 11 November 2026
NEWS
എല്‍ഡിഎഫ് കൊച്ചി നഗരത്തെ നരക തുല്യമാക്കിയെന്ന് പ്രതിപക്ഷ നേതാവ്
07/11/2025  08:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എല്‍ഡിഎഫ് കൊച്ചി നഗരത്തെ നരക തുല്യമാക്കിയെന്ന് പ്രതിപക്ഷ നേതാവ്
HIGHLIGHTS

- യുഡിഎഫ് കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി ആരംഭിക്കും
- കൊച്ചി കോര്‍പറേഷന്‍ ഭരണത്തിനെതിരെ യുഡിഎഫ് കുറ്റപത്രം പുറത്തിറക്കി

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കൊച്ചി നഗരത്തിന് പ്രത്യേക പരിഗണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫിന്റെ സ്വപ്‌ന പദ്ധതിയായ കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതിയൂടെ ആദ്യ ഘട്ടത്തില്‍ ഇന്ധന ഗതാഗതത്തിനും, രണ്ടാം ഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിനും, മൂന്നാം ഘട്ടത്തില്‍ യാത്രാ ഗതാഗതത്തിനും പരിഹാരമാകുമെന്ന് അദ്ദേഹം പറഞഅഞു. സംസ്ഥാനത്തെ രണ്ട് പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളെയും, പതിനൊന്ന് മിനി പോര്‍ട്ടുകളെയും ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ംഗലാപുരം മുതല്‍ കന്യാകുമാരിവരെയുള്ള മത്സ്യ ബന്ധന മേഖലയ്ക്കും ഉണര്‍വാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഇനിയും വികസിക്കേണ്ടതുണ്ട്, ഗ്രേറ്റര്‍ കൊച്ചിക്കും അപ്പുറത്തുള്ള വികസനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയുടെ വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇപ്പോഴത്തേതിനേക്കാള്‍ നാനൂറ് ഇരട്ടി നികുതി വരുമാനമാണ് ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസ് കുറ്റപത്രം പുറത്തിറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊച്ചി നഗരത്തെ നരക തുല്യമാക്കിയ ഭരണമായിരുന്നു എല്‍ഡിഎഫിന്റേതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊതുക് നിവാരണം, വെള്ളക്കെട്ട് ഇല്ലാതാക്കല്‍, മാലിന്യ സംസ്‌കരണം തുടങ്ങി കൊച്ചി നഗരത്തെ ബാധിക്കുന്ന പ്രാഥമിക വിഷയങ്ങളില്‍ കോര്‍പറേഷന്‍ ചെറു വിരല്‍ അനക്കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനായി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കിയെങ്കിലും അമ്പേ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

കോര്‍പറേഷന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയാണ് കൊച്ചിയുടെ ഹൃദയ ഭാഗത്ത് വെറും ഒരു ലക്ഷം രൂപയ്ക്ക് ഒന്നര ഏക്കര്‍ ഭൂമി ലഭ്യമാക്കിയതെന്നും, 250 ശതമാനം എക്‌സസോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് പിന്നില്‍ കെ ബാബു മന്ത്രിയായിരുന്ന കാലത്താണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ടോണി ചമ്മിണി കോര്‍പറേഷന്‍ മേയറായിരുന്ന കാലത്ത് സമര്‍പ്പിച്ച പ്രോപൊസല്‍ ആണ് രാജ്യത്തെ 600 നഗരസഭകളുമായി മത്സരിച്ച് ഇരുപതിനായിരം കോടിയുടെ സ്മാര്‍ട് സിറ്റി പദ്ധതി കൊച്ചിക്ക് ലഭിച്ചതെന്ന് അദ്ദേഹം കാട്ടിച്ചേര്‍ത്തു. ഈ പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ് ഇപ്പോള്‍ സിപിഎം. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം, വിമാനത്താവളം, കൊച്ചി മെട്രോ, ഗോശ്രീ പാലം തുടങ്ങി വിവിധങ്ങളായ വികസന പദ്ധതികളാണ് യുഡിഎഫ് യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ ഇപ്പോള്‍ കൊച്ചിയുടെ വികസനം തങ്ങളാണ് നടത്തിയതെന്ന സിപിഎമ്മിന്റെ അവകാശ വാദം പൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബ്രഹ്‌മപുരത്ത് സിപിഎം ബന്ധുക്കളായ കരാറുകാരുടെ അഴിമതി മറക്കാന്‍ തീയിട്ട ആളുകളാണ് സിപിഎം എന്നും, ഗൂഢാലോചന മറച്ചുവെക്കനാണ് തീയിട്ടതെന്നും അദ്ദേഹം ആരോപിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് തിരിച്ചെടുക്കുമെന്നും, അതിനുള്ള വിശ്രമമില്ലാത്ത നാളുകളാണ് ഇനിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് കുറ്റപത്രത്തിനൊപ്പം സ്വപ്‌ന പദ്ധതികളുമാണ് വോട്ടര്‍മാരിലേക്ക് എത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംപിമാരായ ഹൈബി ഈഡന്‍, അഡ്വ. ജെബി മേത്തര്‍, എംഎല്‍എമാരായ കെ ബാബു, ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി പി സജീന്ദ്രന്‍, അഡ്വ ജയ്‌സണ്‍ ജോസഫ്, ഡോ. മാത്യു കുഴല്‍നാടന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ദീപ്തി മേരി വര്‍ഗീസ്, എം ആര്‍ അഭിലാഷ്, നേതാക്കളായ അജയ് തറയില്‍, ഡൊമിനിക് പ്രസന്റേഷന്‍, വി ജെ പൗലോസ്, എന്‍ വേണുഗോപാല്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ടോണി ചമ്മിണി, ലൂഡി ലൂയിസ്, ചാള്‍സ് ഡയസ്, സുനില സിബി തുടങ്ങിയവര്‍ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img