
തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ സർക്കാർ മൗനം പാലിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന് മുൻ എൽഡിഎഫ് സർക്കാർ തയ്യാറാക്കിയ ബ്ലൂപ്രിന്റ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ നയപ്രഖ്യാപനത്തിൽ വ്യക്തതയില്ലെന്നും നിരവധി പ്രധാന പദ്ധതികളെക്കുറിച്ച് പരാമർശം പോലും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 5429 കോടി രൂപ ഖജനാവിൽ ശേഷിപ്പിച്ചാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിഞ്ഞതെന്നും, അത് മറച്ചുവെച്ച് തെറ്റായ ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നയപ്രഖ്യാപനത്തിലുണ്ടായതെന്നും പിണറായി ആരോപിച്ചു. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടുപോയതായും, ജനങ്ങൾക്ക് ആശ്വാസമാകുന്ന നടപടികൾ ദുർബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നുണ്ടെങ്കിലും അതിനുള്ള വ്യക്തമായ റോഡ്മാപ്പ് കാണുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയ കിഫ്ബി, കുടുംബശ്രീ, വിവിധ മിഷനുകൾ തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള മൗനം ശ്രദ്ധേയമാണെന്നും, തൊഴിലുറപ്പ് പദ്ധതി, അതിദാരിദ്ര്യ നിർമാർജനത്തിന്റെ അടുത്തഘട്ടം തുടങ്ങിയ വിഷയങ്ങളും പരാമർശിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ പൊതുകടം കുറഞ്ഞുവെന്നും, ധവളപത്രം വന്നതിന് ശേഷം കൂടുതൽ കാര്യങ്ങൾ വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ തുടക്കമായതിനാൽ കടുത്ത വിമർശനം ഇപ്പോൾ ഉയർത്തുന്നില്ലെന്നും, എന്നാൽ ജനക്ഷേമത്തിനും സംസ്ഥാന താൽപര്യങ്ങൾക്കും എതിരായ നടപടികൾ ഉണ്ടായാൽ ശക്തമായി എതിർക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. പ്രതീക്ഷിച്ച നിലവാരത്തിലുള്ള നയപ്രഖ്യാപനം അല്ല പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരുമായി നല്ല ബന്ധം പുലർത്തുന്നതിൽ തെറ്റില്ലെങ്കിലും ഫെഡറൽ തത്വങ്ങൾ അംഗീകരിക്കുന്ന സമീപനം കേന്ദ്രത്തിനില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് നിയമസഭയിൽ ആലപിച്ചതെന്നും, ദേശീയഗാനത്തിനെപ്പോലെ എഴുന്നേറ്റ് നിൽക്കേണ്ട സാഹചര്യമില്ലായിരുന്നുവെങ്കിലും പൊതുസമീപനത്തോട് വ്യത്യസ്തത കാണിക്കാതിരിക്കാനാണ് തങ്ങളും എഴുന്നേറ്റ് നിന്നതെന്നും പിണറായി വിജയൻ വിശദീകരിച്ചു.










