
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന തരത്തിൽ ബജറ്റ് അവതരണത്തിലും ധവളപത്രത്തിലുമുണ്ടായ പരാമർശങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റിൽ തന്നെ 2000 കോടി രൂപയുടെ അധിക വിഹിതം വകയിരുത്താൻ സർക്കാരിന് സാധിച്ച സാഹചര്യത്തിൽ സാമ്പത്തിക അപകടാവസ്ഥയെന്ന വാദം രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. 6000 കോടി രൂപ ട്രഷറിയിൽ ശേഷിപ്പിച്ചാണ് എൽഡിഎഫ് സർക്കാർ അധികാരം വിട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനക്ഷേമ മേഖലകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് പല വകയിരുത്തലുകളും കുറച്ചതായാണ് ബജറ്റിൽ നിന്ന് വ്യക്തമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാർഷിക മേഖലയ്ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്നും കേന്ദ്ര നയങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളെ സർക്കാർ മനപ്പൂർവം അവഗണിക്കുകയാണെന്നും പിണറായി പറഞ്ഞു.
നവകേരളം എന്ന വികസന കാഴ്ചപ്പാട് ബജറ്റിൽ കാണാനില്ലെന്നും ഭാവി കേരളത്തിനായുള്ള വ്യക്തമായ രൂപരേഖ അവതരിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് സർക്കാരിന്റെ പല പദ്ധതികളും പേരുമാറ്റി പുതുതായി പ്രഖ്യാപിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അതിദാരിദ്ര്യ നിർമാർജനത്തെക്കുറിച്ചോ പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി ഉയർത്തിയ വിഷയങ്ങളെക്കുറിച്ചോ ബജറ്റിൽ പരാമർശമില്ലെന്ന് പിണറായി പറഞ്ഞു. പഴവർഗങ്ങളിൽ നിന്ന് മദ്യോത്പാദനം സംബന്ധിച്ച പ്രഖ്യാപനമില്ലാത്തത് വലിയ കമ്പനികൾക്ക് അവസരം ഒരുക്കാനുള്ള നീക്കമാണോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് ബജറ്റിന്റെ മുഖമുദ്രയെന്നും ധാതു ഖനനം മുതൽ തീരദേശ വികസനം വരെ സ്വകാര്യ താൽപര്യങ്ങൾക്ക് വഴിയൊരുക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താനുള്ള നീക്കം ഗൗരവതരമാണെന്നും അതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും പിണറായി കൂട്ടിച്ചേർത്തു.
കേന്ദ്ര നയങ്ങളുടെ മാതൃകയിൽ പ്ലാനിങ് ബോർഡ് പുനഃസംഘടിപ്പിക്കാനും കിഫ്ബിയെ ദുർബലപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കിഫ്ബി എന്ന ആശയത്തെ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയെ ഉപേക്ഷിക്കുന്ന സമീപനമാണ് ബജറ്റിൽ കാണുന്നതെന്നും പുതിയതായി പ്രഖ്യാപിച്ച മത്സ്യത്തൊഴിലാളി ഭവന പദ്ധതി നേരത്തെ നിലവിലുണ്ടായിരുന്ന പദ്ധതിയുടെ ആവർത്തനമാത്രമാണെന്നും പിണറായി വിമർശിച്ചു.
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി വെറും 10 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്നും ഇത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് ബജറ്റിൽ വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നെങ്കിലും അത്തരമൊരു പുതുമയും പ്രഖ്യാപനങ്ങളിൽ കാണാനായില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.










