
തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുമെന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസസ്ഥലം മാറുന്നു. നിലവിൽ ബേക്കറി ജംക്ഷനിലെ വാടകവീട്ടിൽ താമസിക്കുന്ന അദ്ദേഹം ഇനി ഇടപ്പഴഞ്ഞിയിലെ മറ്റൊരു വാടകവീട്ടിലേക്ക് മാറും.
കഴിഞ്ഞ ഒക്ടോബർ 17ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾക്ക് നാശനഷ്ടമുണ്ടായിരുന്നു. ഇതേത്തുടർന്ന് അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നെങ്കിലും പ്രവൃത്തികൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ വാടകവീട്ടിലേക്ക് മാറാനുള്ള തീരുമാനം.
അതിനിടെ, തീപിടിത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അറിയിച്ചുകൊണ്ട് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.










