
''നല്ല കമ്മ്യൂണിസ്റ്റുകാരുടെ വോട്ട് ഇത്തവണ യുഡിഎഫിന്''.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേരള ശബ്ദത്തോട് പ്രതികരിക്കുന്നു.
ചോദ്യം: യുഡിഎഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരുമെന്നു താങ്കൾ പറയുന്നു. പക്ഷേ പുറത്തുവരുന്ന പല സർവ്വേ ഫലങ്ങളും സൂചന നൽകുന്നത് അങ്ങനയല്ലല്ലോ ?
വി ഡി സതീശൻ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന മിക്കവാറും സർവെകൾ യാതൊരു ശാസ്‌ത്രീയ അടിസ്ഥാനവുമില്ലാതെ നിഷിപ്ത താല്പര്യത്തോടെ തട്ടിക്കൂട്ടിയ സര്‍വെകളാണ്. ഭൂരിഭാഗവും പെയ്ഡ് സര്‍വെകളാണ്. അവക്കൊന്നും ഒരു വിശ്വാസ്യതയുമില്ല. അവസാന നിമിഷം ട്രെൻഡുനോക്കി തീരുമാനമെടുക്കുന്ന വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും ഈ പ്രവണത ഉണ്ടായിരുന്നു. അതിലൊന്നും ജനവികാരം പ്രതിഫലിക്കുന്നില്ലന്നു ഫലം വന്നപ്പോൾ മനസിലായി. ഇപ്പോഴുള്ള ജനവികാരം എന്താണെന്ന് അന്ധമായ രാഷ്ട്രീയ വിധേയത്വമില്ലാത്ത രാഷ്ട്രീയ നിരീക്ഷകർക്കെല്ലാം ബോധ്യമുണ്ട് .
ചോദ്യം: എന്താണ് താങ്കളുടെ ഈ ആത്മവിശ്വാസത്തിനടിസ്ഥാനം ?
വി ഡി സതീശൻ: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകൾ, ലോകസഭാ ഇലക്ഷൻ, തദ്ദേശസ്ഥാപന ഇലക്ഷൻ അതിലെല്ലാം പ്രകടമായ ഭരണ വിരുദ്ധ വികാരം അതേപോലെ നിലനിൽക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ കൊണ്ടോ, ശതകോടികൾ ചിലവഴിച്ചുള്ള പ്രചാരണ കോലാഹലങ്ങൾക്കോ ജനവികാരം മാറ്റിമറിക്കാനായിട്ടില്ല. കാസർകോട് മുതൽ കന്യാകുമാരി വരെ പിണറായി വിജയൻ്റെ ചിത്രവുമായി സ്ഥാപിച്ചിട്ടുള്ള ആയിരക്കണക്കിന് പടുകൂറ്റൻ ഹോർഡിംഗുകൾ ജനമനസുകളിൽ കടുത്ത അമർഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഭരണവിരുദ്ധ വികാരത്തിനപ്പുറം സിപിഎം നെ പിണറായി വിജയൻ്റെ ഏകാധിപത്യത്തിലുള്ള വലതുപക്ഷ വ്യത്യയാനം സംഭവിച്ച പാർട്ടിയാക്കി മാറ്റിയതിൽ നിരാശയും അമർഷവുമുള്ള നല്ല കമ്മ്യൂണിസ്റ്റുകാർ ആ പാർട്ടി തീർത്തും നശിക്കാതിരിക്കാൻ എൽഡിഎഫ് അധികാരത്തിൽ വരരുത് എന്നാഗ്രഹിക്കുന്നു. അവരുടെ വോട്ട് യുഡിഎഫ്നാണ്. മറ്റൊന്ന് പിണറായി വിജയൻ്റെയും സിപിഎമ്മിൻ്റെയും കാപട്യവും ഇരട്ടതാപ്പും അവസരവാദ നിലപാടും സാധാരണക്കാർക്കുപോലും മനസിലായിരിക്കുന്നു എന്നതാണ്. മോദി സർക്കാർ പിണറായിയോടും, പിണറായി തിരിച്ചും കാണിക്കുന്ന മൃദു സമീപനം, സിപിഎം ൻ്റെ എസ് ഡി പിഐ യോടുള്ള അവസരവാദ നിലപാട്.ശബരിമല കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാട്, അങ്ങനെയെത്രയോ വിഷയങ്ങളിൽ ഇവരുടെ മുഖം മൂടി അഴിഞ്ഞുവിണിരിക്കുന്നു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീവ്രവാദ സംഘടനയെന്നു പ്രഖ്യാപിച്ചവരുമായി ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ബിജെപിയുടെ കാപട്യവും കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലും ബിഷപ്പുമാരുടെ അടുത്തും പോകുന്ന ബി.ജെ.പിയാണ് എഫ്.സി.ആര്‍.എ ഭേദഗതിയുമായി വന്നിരിക്കുന്നത്. ആരാധനാലയങ്ങള്‍ ഉള്‍പ്പെട എല്ലാം ഏറ്റെടുക്കാന്‍ സാധിക്കുന്ന അപകടകരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയുള്ള എഫ്.സി.ആര്‍.എ ബില്ലാണ് പാര്‍ലമെന്റില്‍ കൊണ്ടു വന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിക്കുമെന്ന് കാണ്ടാണ് തല്‍ക്കാലം മാറ്റി വച്ചത്. അതിശക്തമായ മതേതര നിലപാട് സ്വീകരിച്ചിരിക്കുന്ന യു.ഡി.എഫിനെ മതേതര കേരളം അംഗീകരിക്കുക തന്നെ ചെയ്യും. പ്രതിപക്ഷ നേതാവ് പറഞ്ഞു.
Photo Courtesy - Google











