10:57am 20 April 2026
NEWS
പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട്
19/04/2026  06:35 PM IST
സണ്ണി ലുക്കോസ്
പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട്
HIGHLIGHTS

വയനാട്ടിലെ വീടുകളുടെ ഉദ്ഘാടനം തിരഞ്ഞെടുപ്പന് മുന്‍പ് ജനങ്ങളെ കബളിപ്പിക്കാനുള്ള കാപട്യം; മേശയുടെ പുറത്ത് കയറി മന്ത്രി ചോര്‍ച്ച പരിശോധിച്ചത് നാടകം; വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകള്‍ക്ക് മറുപടി പറയേണ്ടി വരും; പിണറായി വിജയനുമായി ബന്ധപ്പെട്ട ഒരു കേസും ഇ.ഡി അന്വേഷിക്കില്ല; ശബരിമലയിലും വയനാട്ടിലും പ്രതിപക്ഷം പറഞ്ഞത് സംഭവിച്ചു;  സി.പി.എം പറഞ്ഞ നുണകള്‍ ഓരോന്നായി പുറത്തുവരും 

 

യനാട്ടില്‍ എന്തൊരു കാപട്യമാണ് സര്‍ക്കാര്‍ കാട്ടിയത്? പണി പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മുഖ്യമന്ത്രി വീടുകള്‍ ഉദ്ഘാടനം ചെയ്തത്. വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെ ഒന്നും അവിടെയില്ല. നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല. ചോര്‍ച്ച പരിശോധിക്കേണ്ടത് എന്‍ജിനീയര്‍മാരാണ്. മന്ത്രി മേശയുടെ പുറത്ത് കയറി എന്ത് നാടകമാണ് കളിച്ചത്. വിള്ളലാണോ പെന്‍സില്‍ മാര്‍ക്കാണോ എന്ന് പരിശോധിക്കുന്നത് മന്ത്രിയാണോ? മന്ത്രിക്ക് ഇതുമായി എന്ത് ബന്ധമാണുള്ളത്? രാഹുല്‍ ഗാന്ധി കല്ലിട്ടിട്ട് പിറ്റേ ദിവസം പണി തുടങ്ങിയില്ലെന്നതാണ് ഞങ്ങള്‍ക്കെതിരായ ആരോപണം. അതേസമയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീടുകളില്‍ ആര്‍ക്കും ഇതുവരെ താമസിക്കാനായിട്ടില്ലല്ലോ. ആളുകളെ താമസിപ്പിക്കാനുള്ള സ്ഥിതിയിലേക്ക് വീട് നിര്‍മ്മാണം എത്തിയിട്ടില്ല. തിരഞ്ഞെടുപ്പന് മുന്‍പ് ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തിയ കാപട്യമായിരുന്നു ഉദ്ഘാടനം. പണി പൂര്‍ത്തിയായിരുന്നെങ്കില്‍ പിറ്റേ ദിവസം താക്കോല്‍ നല്‍കുമായിരുന്നു. പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം നടത്തി, തിരഞ്ഞെടുപ്പ് കാലത്ത് അത് ആഘോഷിച്ച് കേരളം മുഴുവന്‍ ആയിരക്കണക്കിന് ബോര്‍ഡുകള്‍ വച്ചു. ഗുരുതരമായ ക്രമക്കേടുകളാണ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്നത്. ഇതിനൊക്കെ മറുപടി പറയേണ്ടി വരും. കാലം ഇതിനൊക്കെ കണക്ക് ചോദിക്കും. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ തെറ്റായ പ്രചരണങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. ഇനിയും നിരവധി കാര്യങ്ങള്‍ പുറത്തു വരാനുണ്ട്. 

ശബരിമല സ്വര്‍ണക്കൊള്ള കേസ് എങ്ങും എത്താതെ അവസാനിക്കുമെന്ന് ഇതേ വിഷയം ഉയര്‍ത്തി നിയമസഭ സ്തഭിപ്പിച്ചപ്പോള്‍ പ്രതിപക്ഷം പറഞ്ഞതാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രതികള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കാതെ സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി. മുഴുവന്‍ പ്രതികളും പുറത്തിറങ്ങി തെളിവുകള്‍ നശിപ്പിച്ച് കേസ് തന്നെ ഇല്ലാതാകുമെന്ന് അന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് കോടതിക്ക് എതിരെ സംസാരിക്കുന്നു എന്നാണ് കുറ്റപ്പെടുത്തിയത്. ഓരോ മലയാളികളുടെയും ഉത്കണ്ഠയാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ അന്ന് പങ്കുവച്ചത്. പിണറായി വിജയന്റെ സര്‍ക്കാരും സി.പി.എമ്മും ബന്ധപ്പെട്ട ഒരു കേസിലും ഇ.ഡി അന്വേഷണം നടത്തില്ല. അത്തരത്തില്‍ ഏത് കേസാണ് കേരളത്തില്‍ അന്വേഷിച്ചിട്ടുള്ളത്? എസ്.എഫ്.ഐ.ഒ അന്വേഷിക്കുമെന്ന് പറഞ്ഞ കേസും മുഖ്യമന്ത്രിയുടെ മകന് ഇ.ഡി അയച്ച സമന്‍സും എവിടെ പോയി? 

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കരുവന്നൂരില്‍ ഇ.ഡി പിടിമുറുക്കുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍, പിടിമുറുക്കിയത് സി.പി.എം നേതാക്കളുടെ കഴുത്തിലാണെന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്. സി.പി.എം നേതാക്കളെല്ലാം ചേര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചതോടെ കഴുത്തിലെ പിടി അയഞ്ഞു. ശബരിമല കേസിലും വയനാട്ടിലും പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് സംഭവിച്ചത്. ഞങ്ങള്‍ ഒരു നുണയും പറഞ്ഞിട്ടില്ല. നുണ പറഞ്ഞ് ജങ്ങളെ കബളിപ്പിച്ചത് സി.പി.എമ്മാണ്. അത് ഒന്നൊന്നായി പുറത്തുവരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img