
കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതു വരെ സമരം തുടരും; അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയതിന്റെ പാപം മറയ്ക്കാനാണോ അയ്യപ്പ സംഗമം നടത്തുന്നത്? സ്വര്‍ണം അടിച്ചുമാറ്റിയതു കൊണ്ടാണ് നിയമസഭയില്‍ ഇന്ന് ചര്‍ച്ചയില്ലാത്തത്; വൈപ്പിന്‍ എം.എല്‍.എയ്ക്ക് എതിരായ ആരോപണം എങ്ങനെയാണ് പുറത്തു വന്നതെന്ന് സി.പി.എം അന്വേഷിക്കട്ടെ; എന്ത് കേസുണ്ടായാലും എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്തിന്?
യു.ഡി.എഫ് എം.എല്‍.എമാരായ സനീഷ് കുമാര്‍ ജോസഫും എ.കെ.എം അഷറഫും ചൊവ്വാഴ്ച മുതല്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കുകയാണ്. കുന്നംകുളത്തെ പൊലീസ് അതിക്രമത്തില്‍ പ്രതികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. സഭാ നടപടികള്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ച് സത്യഗ്രഹ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ്. ഇനി നിയമസഭ 29, 30 തീയതികളില്‍ മാത്രമെ സമ്മേളിക്കൂ. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതു വരെ സമരം നിയമസഭയ്ക്കുള്ളിലും പുറത്തും സമരം തുടരുക തന്നെ ചെയ്യും. ഈ വിഷയത്തില്‍ കേരളം വലിയ സമരങ്ങളിലേക്ക് പോകും.
അടിയന്തര പ്രമേയമായി ഇന്ന് നോട്ടീസ് നല്‍കിയത് ശബരിമലയിലെ സ്വര്‍ണ മോഷണം സംബന്ധിച്ചാണ്. ശബരിമലയിലെ സ്വര്‍ണം പൂശിയ ദ്വാരപാലകശില്പം ചെന്നിയില്‍ നന്നാക്കി തിരിച്ചെത്തിച്ചപ്പോള്‍ നാലു കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതിയാണ് പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി അറിയാതെ ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലെയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്റെ നാലു കിലോ സ്വര്‍ണം കൊള്ളയടിച്ചത്. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്തുന്നത്. അയ്യപ്പ സംഗമം നടത്തുന്നതിന് മുന്‍പ് സ്വര്‍ണം എവിടെ പോയെന്ന് വിശ്വാസികളോടും കേരളത്തോടും പറയാനുള്ള ബാധ്യത സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുണ്ട്. അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയവരാണ് സര്‍ക്കാരിലും ദേവസ്വം ബോര്‍ഡിലും ഇരിക്കുന്നത്. അതിന്റെ പാപം മറയ്ക്കാന്‍ വേണ്ടിയാണോ അയ്യപ്പ സംഗമം നടത്തുന്നത്?
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മൂന്നു ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.
1. സുപ്രീം കോടതിയില്‍ ആചാരലംഘനത്തിന് അനുകൂലമായി നല്കിയ സത്യവാങ്മൂലം തിരുത്താന്‍ തയാറുണ്ടോ?
2. നാമജപഘോഷയാത്ര നടത്തിയവര്‍ക്കും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തായാറുണ്ടോ?
3. ഭരണത്തിന്റെ സായാഹ്നത്തില്‍ എത്തിയപ്പോഴാണ് ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന തോന്നലുണ്ടായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 112 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്ത് വികസനം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 9 വര്‍ഷമായി ശബരിമലയില്‍ ഒരു വികസനപ്രവര്‍ത്തനവും നടത്താത്ത സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങുന്നത് ജനങ്ങളെ കബളിപ്പിക്കാനല്ലേ?
ഈ മൂന്നു ചേദ്യങ്ങള്‍ക്കും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉത്തരം പറയണം. അയ്യപ്പസംഗമത്തിന്റെ ബോര്‍ഡുകളിലെല്ലാം പിണറായി വിജയനും വി.എന്‍ വാസവനും മാത്രമെയുള്ളൂ. അയ്യപ്പനുമില്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമില്ല. ദേവസ്വം ബോര്‍ഡാണ് അയ്യപ്പ സംഗമം മുന്നില്‍ നിന്നും നയിക്കുന്നതെന്നാണ് പറഞ്ഞത്. എന്നിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഫുഡ് കമ്മിറ്റിയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഈ നാടകവും കാപട്യവും അയ്യപ്പ ഭക്തര്‍ തിരിച്ചറിയും. ഈ പരിപാടി നടത്തിയത് നന്നായി. അതുകൊണ്ടാണ് പഴയ കാര്യങ്ങളൊക്കെ ആളുകളുടെ മനസിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്നു ദിവസവും എന്ത് അടിയന്തിര പ്രമേയം കൊണ്ടു വന്നാലും രണ്ട് മണിക്കൂര്‍ ചര്‍ച്ചയാണ്. അത് എന്തിനെ ഭയന്നിട്ടാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അതുപറയുന്നില്ല. രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്ത് മൂന്നു ദിവസവും സര്‍ക്കാര്‍ തലയും കുനിച്ചാണ് ഇറങ്ങിപ്പോയത്. എന്നാല്‍ ഇന്ന് എന്താണ് പറ്റിയത്? ഇന്നും ഞങ്ങള്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് വന്നത്. സ്വര്‍ണം അടിച്ചുമാറ്റിയതു കൊണ്ടാണ് ഇന്ന് ചര്‍ച്ചയില്ലാത്തത്. ശബരിമല അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയതിനെ കുറിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തരോട് പറയാതെ അയ്യപ്പസംഗമത്തിന് പോകരുതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
വോട്ടര്‍ പട്ടിക പരിഷ്ക്കരണം സംബന്ധിച്ച യോജിച്ച പ്രമേയം കൊണ്ടു വരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. അതിനോട് പൂര്‍ണമായും യോജിക്കും. യോജിച്ചുള്ള പ്രമേയം കൊണ്ടു വരും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി ബിഹാറില്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുകയാണ്. അതുകൊണ്ടു തന്നെ ഞങ്ങളും അതില്‍ പങ്കുചേരും. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പ് കൂടി വരാന്‍ പോകുകയാണ്. അതു കഴിഞ്ഞാല്‍ നിയമസഭ തിരഞ്ഞെടുപ്പും നടക്കും. എസ്.ഐ.ആര് നടപ്പാക്കിയാല്‍ 2002 ന് ശേഷം ചേര്‍ത്ത അന്‍പത്തി രണ്ടര ലക്ഷം വോട്ടുകള്‍ പുറത്താകും. വോട്ട് ചേര്‍ക്കുന്നതും സങ്കീര്‍ണമാണ്. രാഹുല്‍ ഗാന്ധി പറഞ്ഞതു പോലെ തിരഞ്ഞെടുപ്പ് കമ്മിഷന് സര്‍ക്കാരിന്റെ വാലാട്ടിയായി പ്രവര്‍ത്തിക്കുകയാണ്.
സി.പി.എമ്മില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം പോലുള്ള എന്ത് കേസുണ്ടായാലും എന്റെ നെഞ്ചത്തേക്ക് കയറുന്നത് എന്തിനാണ്. എന്റെ വീട്ടിലേക്കാണ് മാര്‍ച്ച്. ഞാന്‍ എന്തു ചെയ്തിട്ടാണ്. എങ്ങനെയാണ് ഈ സംഭവം ആദ്യം പുറത്തുവന്നതെന്ന് സി.പി.എം അന്വേഷിക്കട്ടെ. കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലൊക്കെ ഉണ്ടാകും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപകമായ പ്രചരണം സി.പി.എം ഹാന്‍ഡിലുകള്‍ നടത്തിയപ്പോള്‍ ഈ മാന്യതയൊന്നും ഉണ്ടായില്ലല്ലോ. അന്ന് മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സംരക്ഷണം തുടങ്ങിയ വാക്കുകളൊന്നും ഉണ്ടായില്ലല്ലോ. അതിനെ ന്യായീകരിക്കുന്നില്ല. അങ്ങനെ ചെയ്യരുതെന്ന് കോണ്‍ഗ്രസ് അനുഭാവികളോട് പോലും പത്രസമ്മേളനം നടത്തി പറഞ്ഞതാണ്. ഞങ്ങള്‍ക്ക് മുന്നില്‍ ഒരു കേസ് വന്നപ്പോള്‍ സ്ത്രീസംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് നടപടി എടുത്തതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിലെ ഇപ്പോഴത്തെ വിവാദം എങ്ങനെയാണ് പുറത്തു വന്നതെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്റെ പ്രസ്താവനയിലുണ്ട്. കോണ്‍ഗ്രസ് ആസൂത്രിതമായല്ല ഇത് നടത്തിയതെന്ന് അദ്ദേഹ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ വേട്ടയാടുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്. വാര്‍ത്ത എങ്ങനെയാണ് പുറത്തു വന്നതെന്ന് സി.പി.എം അന്വേഷിക്കുന്നതാണ് നല്ലത്. ഏത് യൂട്യൂബ് ചാനലിലാണ് ഈ വര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞ ഒരു മാസമായി നിലനില്‍ക്കുന്ന സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസുകാരും ഇതു കൊടുക്കുന്നുണ്ടാകും. അതൊന്നും എന്റെ തലയില്‍ കെട്ടിവയ്ക്കേണ്ട. എന്റെ വീട്ടിലേക്ക് കാളയുമായും കോഴിയുമായും പ്രകടനം നടത്താന്‍ ഞാനാണോ പ്രതി. പത്രത്തിലും യൂട്യൂബ് ചാനലിലും വാര്‍ത്ത വന്നല്ലോ. എല്ലാ ആഴ്ചയും എനിക്കെതിരെ പറയുന്ന യൂട്യൂബ് ചാനലിലാണ്. ഞാന്‍ അവരെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് പറയാറില്ല. ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. ആര്‍ക്കും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശരിയാണെങ്കില്‍ തിരുത്തും. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും. എങ്ങനെയാണ് പുറത്തു പോയതെന്ന് അവര്‍ അന്വേഷിക്കട്ടെ.
Photo Courtesy - Google











