12:31pm 29 August 2026
NEWS
നിയമസഭയിൽ എട്ടു സീറ്റ് കിട്ടിയപ്പോൾ വളർന്നുപോയി എന്നാണോ സിപിഐ കരുതുന്നത്? പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള കലിപ്പ് ദേശാഭിമാനിയിലും


29/08/2026  10:33 AM IST
nila
നിയമസഭയിൽ എട്ടു സീറ്റ് കിട്ടിയപ്പോൾ വളർന്നുപോയി എന്നാണോ സിപിഐ കരുതുന്നത്? പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള കലിപ്പ് ദേശാഭിമാനിയിലും

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം–സിപിഐ തർക്കം പാർട്ടി മുഖപത്രങ്ങളിലും പ്രതിഫലിക്കുന്നു. സിപിഐയുടെ അവകാശവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് സി.എൻ. മോഹനൻ രംഗത്തെത്തി. ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ എഡിറ്റോറിയൽ പേജിൽ ‘ഉപനേതൃപദവിയും സിപിഐയും’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 26 സീറ്റും സിപിഐയ്ക്ക് എട്ട് സീറ്റുമാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനം, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐയുടെ രാഷ്ട്രീയ വളർച്ചയെക്കുറിച്ച് എന്ത് അവകാശവാദമാണ് ഉന്നയിക്കുന്നതെന്ന് ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിന്റെ രാഷ്ട്രീയവും ഭരണപരവുമായ പരാജയമായി വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്നും ആ പ്രചാരണത്തിന്റെ താളത്തിനൊത്ത് സിപിഐ നീങ്ങുകയാണെന്നും ലേഖനം ആരോപിക്കുന്നു.

1980ൽ എൽഡിഎഫ് രൂപീകരിച്ചതിന് ശേഷം നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഉപനേതാവ് സ്ഥാനങ്ങൾ സിപിഎമ്മിനാണ് ലഭിച്ചിരുന്നതെന്നും ഈ കീഴ്‌വഴക്കത്തിന് വിരുദ്ധമായാണ് ഇപ്പോൾ ഉപനേതൃപദവി വേണമെന്ന ആവശ്യം സിപിഐ ഉന്നയിക്കുന്നതെന്നും സി.എൻ. മോഹനൻ പറയുന്നു.

ഉപനേതാവ് സ്ഥാനം പുതിയതായി രൂപംകൊണ്ട പദവിയല്ലെന്നും അത്തരമൊരു പദവി ആവശ്യപ്പെടാൻ സിപിഐക്ക് എന്താണ് ന്യായമെന്നും ലേഖനം ചോദിക്കുന്നു. സിപിഎമ്മിനെ മറികടക്കുന്ന രാഷ്ട്രീയ സ്വാധീനത്തിലേക്ക് തങ്ങൾ വളർന്നുവെന്ന് സിപിഐ കരുതുന്നുണ്ടോയെന്നും ലേഖനത്തിൽ ചോദ്യം ഉയരുന്നു.

അതേസമയം, മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലഘട്ടത്തിലെ രാജൻ കേസും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ഈച്ചരവാര്യരുടെ മകൻ രാജൻ മർദനത്തിനിരയായി കൊല്ലപ്പെട്ടത് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്ന ആരോപണം ഉന്നയിച്ചാണ് ലേഖനം അവസാനിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img