01:06am 12 November 2026
NEWS
പ്രതിപക്ഷ ഉപനേതാവ്: സിപിഐയിലും തർക്കം
04/06/2026  08:36 AM IST
nila
പ്രതിപക്ഷ ഉപനേതാവ്: സിപിഐയിലും തർക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുന്ന പ്രതിപക്ഷ ഉപനേതൃ പദവി വിഷയത്തിൽ സിപിഐക്കുള്ളിൽ തന്നെ ഭിന്നസ്വരങ്ങൾ ഉയരുന്നു. സിപിഎമ്മുമായി ഔദ്യോഗിക ചർച്ചകൾ പൂർത്തിയാകുന്നതിന് മുൻപ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ആവശ്യം ഉന്നയിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. വിഷയത്തിൽ ആദ്യം സിപിഎമ്മുമായി ആശയവിനിമയം നടത്തേണ്ടതായിരുന്നുവെന്നും പാർട്ടിക്ക് അനാവശ്യമായ പ്രതിസന്ധി സൃഷ്ടിച്ചുവെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം.

പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച നിലപാട് കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് ഒരു വിഭാ​ഗം സിപിഐ നേതാക്കളുടെ ആരോപണം. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുന്ന് പ്രതിഷേധം രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളും ചില നേതാക്കൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിഷയത്തിൽ അന്തിമ നിലപാട് ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും എന്നാണ് സൂചന.

നിലവിലെ കീഴ്വഴക്കം മാറ്റി പ്രതിപക്ഷ ഉപനേതൃ  പദവി സിപിഐയ്ക്ക് നൽകണമെന്ന ബിനോയ് വിശ്വത്തിന്റെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി. മാറ്റത്തിനുവേണ്ടി മാത്രം കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ചർച്ചയ്ക്ക് ശേഷം ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐയെ അപമാനിച്ചിട്ടില്ലെന്ന സിപിഎം വാദം തള്ളിയ അദ്ദേഹം, മുന്നണി രാഷ്ട്രീയത്തിന്റെ യഥാർഥ അർഥം സിപിഎം മനസിലാക്കേണ്ടതുണ്ടെന്നും പ്രതികരിച്ചു.

പ്രതിപക്ഷ ഉപനേതാവിനെ കുറിച്ചുള്ള തർക്കം തുടരുന്നതിനാൽ എൽഡിഎഫ് നിയമസഭാ കക്ഷി യോഗം പോലും ഇതുവരെ ചേരാനായിട്ടില്ല. സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ബിനോയ് വിശ്വം വിശദീകരിക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ, മുന്നണിയിൽ സിപിഐയുടെ തുടർനിലപാട് എന്താകുമെന്നതിൽ ഇന്നത്തെ യോഗം നിർണായകമാകുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img