04:02am 01 May 2026
NEWS
ഓപ്പറേഷൻ ത്രാഷി–1: കിഷ്ത്വാറിലെ കാടുകളിൽ 326 ദിവസത്തെ ദൗത്യം; സുരക്ഷാസേനയ്ക്ക് നിർണായക വിജയം
24/02/2026  04:57 AM IST
nila
ഓപ്പറേഷൻ ത്രാഷി–1: കിഷ്ത്വാറിലെ കാടുകളിൽ 326 ദിവസത്തെ ദൗത്യം; സുരക്ഷാസേനയ്ക്ക് നിർണായക വിജയം

ശ്രീനഗർ: ഇന്ത്യൻ സൈന്യവും പൊലീസും സിആർപിഎഫും ചേർന്ന് നടത്തിയ ‘ഓപ്പറേഷൻ ത്രാഷി–1’ വിജയകരമായി പൂർത്തിയാക്കി.  ജമ്മു–കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ കൊടുംകാടുകളും പർവ്വതനിരകളും കേന്ദ്രീകരിച്ച് ഏകദേശം 326 ദിവസം നീണ്ടുനിന്ന ദൗത്യമാണ് വിജയകരമായി പര്യവസാനിച്ചത്. ദൗത്യത്തിൽ, പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഏഴ് ഭീകരരെ സുരക്ഷാസേന വധിച്ചു.

റോഡുകളോ സമതലങ്ങളോ ഇല്ലാത്ത, കടുത്ത ഭൂപ്രകൃതിയുള്ള ഛാത്രു മേഖലയിൽ ഒരു വർഷത്തോളം സൈന്യം നിലയുറപ്പിച്ചാണ് ഓപ്പറേഷൻ മുന്നോട്ട് കൊണ്ടുപോയത്. കാലാവസ്ഥയിലെ കഠിനമായ വ്യതിയാനങ്ങൾക്കിടയിലും ദൗത്യബോധത്തോടെ സൈനികർ മേഖലയിൽ തുടരുകയായിരുന്നു. പല ഘട്ടങ്ങളിലായി ഏറ്റുമുട്ടലുകൾ നടന്നെങ്കിലും, ഭീകരർ വനമേഖലകളിലേക്ക് ഒളിച്ചോടുകയായിരുന്നു.

ദൗത്യത്തിന്റെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ പ്രധാനിയായ സൈഫുള്ളയെ സൈന്യം വധിച്ചതാണ്. 2016ൽ കൊല്ലപ്പെട്ട ബുർഹാൻ വാനിയെ പോലെ കശ്മീരിൽ അക്രമം പടർത്താൻ ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു സൈഫുള്ളയെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

പ്രാദേശിക ജനവിഭാഗങ്ങളിൽ നിന്നുള്ള സഹകരണം, കൃത്യവും വ്യക്തവുമായ മിലിട്ടറി ഇന്റലിജൻസ് വിവരങ്ങൾ എന്നിവയാണ് വിജയത്തിൽ നിർണായകമായത്. ആധുനിക യുദ്ധതന്ത്രങ്ങളും സാങ്കേതികവിദ്യയും ഫലപ്രദമായി വിനിയോഗിച്ച സേന, ആളില്ലാ വിമാനങ്ങൾ, സാറ്റലൈറ്റ് ഇമേജറി, എഫ്.പി.വി ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുകയായിരുന്നു.

അപകടകരമായ ഈ ദൗത്യത്തിന് നേതൃത്വം നൽകിയത് വൈറ്റ് നൈറ്റ് കോർപ്സ് ആയിരുന്നു. ഇന്ത്യൻ സൈന്യം, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിആർപിഎഫ് എന്നിവയുടെ ഏകോപിത പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img