
കോഴിക്കോട്: കോഴിക്കോട്ട് ലഹരിക്കേസിൽ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതിയാപ്പ സ്വദേശിനി കീർത്തന (21), നന്മണ്ട സ്വദേശി അനന്തു (26) എന്നിവരാണ് പിടിയിലായത്. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഈ മാസം എട്ടിന് നടക്കാവ് രാരിച്ചൻ റോഡിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഇരുവരും രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഉപയോഗിച്ചിരുന്ന മുറിയിൽ നിന്ന് 6 ഗ്രാം എംഡിഎംഎയും 85,000 രൂപയും പൊലീസ് കണ്ടെത്തിയിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിന് സമീപത്തെ ഒളിത്താവളത്തിൽ നിന്ന് നടക്കാവ് പൊലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്ത് ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചുനൽകുന്നതായിരുന്നു കീർത്തനയുടെ പ്രവർത്തനരീതിയെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
അതേസമയം, അനന്തുവിനെതിരെ വാഹനം ഇടിച്ച് യുവതി മരിച്ച കേസുൾപ്പെടെ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട്ടെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളായി കണക്കാക്കുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങളും മറ്റ് ബന്ധങ്ങളും പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.










