03:45am 14 June 2026
NEWS
ഓപ്പറേഷൻ തൂഫാൻ: കാരവൻ പരിശോധനയെ സ്വാഗതം ചെയ്ത് ജോയ് മാത്യു; എംഎൽഎ ഹോസ്റ്റലുകളും പരിശോധിക്കണമെന്ന് ആവശ്യം
03/06/2026  11:28 AM IST
NILA
  ഓപ്പറേഷൻ തൂഫാൻ: കാരവൻ പരിശോധനയെ സ്വാഗതം ചെയ്ത് ജോയ് മാത്യു; എംഎൽഎ ഹോസ്റ്റലുകളും പരിശോധിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സർക്കാർ നീക്കമായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പാക്കണമെന്ന് നടൻ ജോയ് മാത്യു. സിനിമാ മേഖലയിൽ ഉപയോഗിക്കുന്ന കാരവനുകളിലും പരിശോധന നടത്തുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു.  എംഎൽഎ ഹോസ്റ്റലുകളിൽ പരിശോധന നടത്താനും ആർജ്ജവം കാണിക്കണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. 

സിനിമാ പ്രവർത്തകരുടെ കാരവനുകൾ ഉൾപ്പെടെ ഏത് കാരവനും പരിശോധിക്കാമെന്ന് ജോയ് മാത്യു പറഞ്ഞു. എന്നാൽ പരിശോധന സിനിമാ മേഖലയിലേക്ക് മാത്രം പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ കാണിക്കുന്ന അതേ ആർജവം എംഎൽഎ ഹോസ്റ്റലുകളിലും മറ്റ് ഇടങ്ങളിലുമുള്ള പരിശോധനകൾക്കായി പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാർട്ടികളിലെ ചിലർ ലഹരി ഉപയോഗത്തിന് അടിമകളാണെന്ന് മുൻപ് എംഎൽഎ ജി. സുധാകരൻ പരാമർശിച്ച കാര്യം ചൂണ്ടിക്കാട്ടിയ ജോയ് മാത്യു, ലഹരിക്കെതിരായ നടപടി എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. താൻ പ്രവർത്തിച്ച സിനിമാ ചിത്രീകരണ സ്ഥലങ്ങളിൽ കാരവനുകളുടെ ഉപയോഗം സുതാര്യമായിരുന്നുവെന്നും, കാരവനുകളെ സംബന്ധിച്ച് പ്രചരിക്കുന്ന പല കഥകളും അതിശയോക്തി കലർന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img