01:23am 13 July 2026
NEWS
ലഹരിമാഫിയക്ക് കനത്ത തിരിച്ചടിയായി 'ഓപ്പറേഷൻ തണ്ടർ' : കണക്കുകൾ പുറത്തുവിട്ട് മന്ത്രി
12/07/2026  03:40 PM IST
NILA
 ലഹരിമാഫിയക്ക് കനത്ത തിരിച്ചടിയായി ഓപ്പറേഷൻ തണ്ടർ : കണക്കുകൾ പുറത്തുവിട്ട് മന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പ് നടപ്പിലാക്കിയ 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായി നടത്തിയ 'ഓപ്പറേഷൻ തണ്ടർ' വൻ വിജയമായതായി എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. 2026 മെയ് 18 മുതൽ ജൂലൈ 11 വരെയുള്ള കാലയളവിലെ ലഹരിവേട്ടയുടെ വിശദാംശങ്ങളാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

സംസ്ഥാനം നേരിട്ടിരുന്ന ലഹരിവ്യാപന ഭീഷണിക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ജനകീയ ലഹരിവിരുദ്ധ കർമപദ്ധതിക്ക് രൂപം നൽകിയതെന്നും, സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതിലൂടെ നടന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഈ കാലയളവിൽ സംസ്ഥാനത്താകെ 24,131 റെയ്ഡുകൾ നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 20,669 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 1,983 മയക്കുമരുന്ന് കേസുകൾ, 3,444 അബ്കാരി കേസുകൾ, 15,242 കോട്പ (COTPA) കേസുകൾ എന്നിവ ഉൾപ്പെടുന്നു. മയക്കുമരുന്ന് കേസുകളിലെ 1,868 പ്രതികളിൽ 1,793 പേരെയും, അബ്കാരി കേസുകളിലെ 3,208 പ്രതികളിൽ 2,823 പേരെയും അറസ്റ്റ് ചെയ്തു.

പരിശോധനകളിൽ 268.4 കിലോ കഞ്ചാവ്, 324 കഞ്ചാവ് ചെടികൾ, 292.3 ഗ്രാം ഹെറോയിൻ, 846.3 ഗ്രാം എംഡിഎംഎ, 924.6 ഗ്രാം മെത്താംഫിറ്റമിൻ, 185 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കൂടാതെ 503 ലിറ്റർ ചാരായം, 9,135.6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം (IMFL), 756 ലിറ്റർ സ്പിരിറ്റ്, 24,925 ലിറ്റർ വാഷ് എന്നിവയും പിടിച്ചെടുത്തു.

ലഹരിക്കടത്തിന് ഉപയോഗിച്ച 183 വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇതിൽ 62 എണ്ണം എൻഡിപിഎസ് കേസുകളിലും, 121 എണ്ണം അബ്കാരി കേസുകളിലുമാണ് പിടിച്ചെടുത്തത്.

വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചുള്ള ലഹരി വിതരണം തടയാൻ 18,446 സ്കൂൾ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തി. ഇതിന് പുറമെ 16,078 കള്ളുഷാപ്പുകൾ, 4,765 ബസ് സ്റ്റാൻഡുകൾ, 3,542 നഗരപ്രദേശങ്ങൾ, 1,412 റെയിൽവേ സ്റ്റേഷനുകൾ, 1,064 തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിലും വ്യാപക പരിശോധന നടത്തി.

കോട്പ കേസുകളിൽ നിന്ന് മാത്രം 30,45,702 രൂപ പിഴയായി ഈടാക്കി. കൂടാതെ 8,415.7 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

ലഹരിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും, ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ എക്സൈസ് കൺട്രോൾ റൂമിന്റെ 9447178000 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img