
എറണാകുളത്ത് മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു. മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നാണ് 95 ശതമാനത്തോളം മീഥൈൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂം പിടിച്ചെടുത്തത്. ഇത് ഉപയോഗിക്കുന്നതിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തത്.
ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ 'കരിഷ്മ പെർഫ്യൂം' എന്ന പേരിൽ ഇറക്കിയ പെർഫ്യൂമിലാണ് ഗുരുതരമായ അളവിൽ മായം ചേർത്തതായി കണ്ടെത്തിയത്. കേരള പോയിസൺ റൂളിന്റെ ഷെഡ്യൂൾ ഒന്നിൽ വരുന്ന ഒരു വിഷമാണ് മീഥൈൽ ആൽക്കഹോൾ. ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാർത്ഥങ്ങളുള്ള സൗന്ദര്യ വർധക വസ്തുക്കൾ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം മായം ചേർക്കൽ വിഭാഗത്തിലാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്. പെർഫ്യൂം ആയിട്ടാണ് നിർമ്മിക്കുന്നതെങ്കിലും ആഫ്റ്റർ ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതിനാൽ തന്നെ മൃദുവായ മുഖ ചർമ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തിൽ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
ഈ കോസ്മെറ്റിക് ഉത്പന്നത്തിന്റെ ലൈസൻസ് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കും. മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ നിർമ്മിച്ച് വിതരണം നടത്തിയാൽ 3 വർഷം വരെ തടവും 50,000 രൂപയിൽ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണ്. എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സന്തോഷ് കെ മാത്യുവിന്റെ ഏകോപനത്തിൽ ഡ്രഗ്സ് ഇൻസ്പെക്ടർമാരായ നിഷിത് എംസി, ടെസ്സി തോമസ്, നവീൻ കെആർ, നിഷ വിൻസെന്റ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. സൗന്ദര്യവർധക വസ്തുക്കളിൽ ഗുരുതരമായ അളവിൽ മായം കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.











