
ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാനായി തുർക്കി നിർമിത ഡ്രോണുകളും പാകിസ്ഥാൻ ഉപയോഗിച്ചുവെന്ന് ഇന്ത്യ. ഭട്ടിൻഡയിൽ കണ്ടെത്തിയ ഡ്രോണുകളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നാലു വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്നലെ പാകിസ്ഥാൻ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ ആക്രണശ്രമങ്ങളെയെല്ലാം ഇന്ത്യ വിഫലമാക്കിയെന്നും പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
നിയന്ത്രണ രേഖയിലുടനീളം പാകിസ്ഥാൻ വെടിവെപ്പ് നടത്തി. മോർട്ടാറുകളും ഹെലി കാലിബർ ആർട്ടിലറികളുമുപയോഗിച്ചായിരുന്നു ആക്രമണം നടത്തി. 300-400 ഡ്രോണുകൾ പാകിസ്ഥാൻ ഉപയോഗിച്ചതായും അവയെ വെടിവെച്ചിട്ടതായും ഇന്ത്യ വിശദീകരിച്ചു. പാകിസ്ഥാൻ ഇന്ത്യയുടെ വ്യോമാതിർത്തി പലതവണ ലംഘിച്ചു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും പാകിസ്ഥാൻ ലക്ഷ്യമിട്ടു. എന്നാൽ, ഡ്രോണുകളെ തകർത്ത് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരിശോധിക്കാനാണ് ഡ്രോണുകൾ അയച്ചതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
പാകിസ്ഥാൻ പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിടുകയാണെന്നും ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. പുഞ്ചിലെ ഗുരുദ്വാര ആക്രമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മിസ്രിയുടെ പ്രതികരണം. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിലാണ് ഗുരുദ്വാര തകർന്നത്. എന്നാൽ അത് ഇന്ത്യ ചെയ്തതാണെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നു. ഇതുകൂടാതെ ഒരു ക്രിസ്ത്യൻ ആരാധനാലയവും സ്കൂളും തകർത്തു. എല്ലാ മര്യാദകളും ലംഘിച്ചാണ് അവർ മുന്നോട്ട് പോകുന്നതെന്നും വിക്രം മിസ്രി പറഞ്ഞു.
ആക്രമണത്തിൽ പാകിസ്ഥാന്റെ ഏരിയൽ റഡാർ തകർത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കൾ വ്യക്തമാക്കി. ആക്രമണം നടക്കുന്ന സമയത്ത് സിവിലിയൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമിൽ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യയുടെ തിരിച്ചടിയിൽ സിവിലിയൻ വിമാനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഢാലോചനയാണ് പാകിസ്ഥാൻ നടത്തിയത്. പാകിസ്ഥാന്റെ നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രതികരിച്ചത്.











