
പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരപ്രവർത്തനത്തിന്റെ അടിവേരറുക്കുമെന്ന നിശ്ചയദാർഢ്യത്തോടെ കേന്ദ്രസർക്കാർ. ഓപ്പറേഷൻ സിന്ദൂറിന് തുടർച്ചയുണ്ടാകുമെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഇത് തുടക്കം മാത്രമാണെന്നായിരുന്നു ഇന്നലെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സജ്ജരായിരിക്കണമെന്ന് അദ്ദേഹം മന്ത്രിമാർക്ക് നിർദ്ദേശവും നൽകി. പാകിസ്ഥാനിലെ ഇന്ത്യ ലിസ്റ്റ് ചെയ്ത ഭീകര കേന്ദ്രങ്ങളിൽ പകുതി പോലും കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ നശിപ്പിച്ചില്ല എന്നതും തുടർ ആക്രമണ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പാകിസ്ഥാനിലെ 21 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഒമ്പത് കേന്ദ്രങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ആക്രമിച്ചത്. അവശേഷിക്കുന്ന ഭീകരക്യാമ്പുകൾ കൂടി ഇന്ത്യ ആക്രമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
അതേസമയം, അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാൾ-പാകിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണമെന്നാണ് നിർദ്ദേശം. കശ്മീരിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗർ എയർപോർട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു.
അതിനിടെ, ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പ്രസ്താവനയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. ഇരുരാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് യുഎസ് യുഎസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരംവീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.











