
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് സംയുക്തസേനാ മേധാവി വ്യക്തമാക്കിയത്. വർഷം മുഴുവൻ 24 മണിക്കൂറും സേന സർവസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധതന്ത്രങ്ങളുടെ കാര്യത്തിൽ മൂന്നാം വിപ്ലവത്തിന്റെ മുനമ്പിലാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിലും അറിവിലും സൈന്യത്തിന് ഒരുപോലെ പ്രാവീണ്യം വേണമെന്ന് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. യുദ്ധത്തിന് മൂന്ന് തലങ്ങളാണ്: അടവുകൾ, പ്രവൃത്തി, എല്ലാ മേഖലയിലുമുള്ള തന്ത്രപരമായ ആധിപത്യമുറപ്പാക്കൽ. യോദ്ധാവിന് ഈ മൂന്ന് തലങ്ങളിലും പ്രാവീണ്യമുണ്ടാകണം. അടിക്കടിയുള്ള സാങ്കേതികവിദ്യാ പ്രവാഹത്താൽ എല്ലായിടത്തും അസാധാരണവേഗമാണ്. യുദ്ധതന്ത്രങ്ങളുടെ കാര്യത്തിൽ മൂന്നാം വിപ്ലവമാണിപ്പോൾ. അതിന്റെ മുനമ്പിലാണ് നാമിപ്പോൾ. ഒന്നും രണ്ടും തലമുറ യുദ്ധതന്ത്രങ്ങളെ മൂന്നാം തലമുറയുമായി ബന്ധിപ്പിച്ച് മുന്നേറുകയാണെന്നും സംയുക്ത സേനാമേധാവി പറഞ്ഞു.











