04:04pm 08 May 2026
NEWS
പാകിസ്താനിലെ ഭീകരക്യാമ്പുകൾ ഇപ്പോഴും സജീവം
08/05/2026  06:21 AM IST
nila
പാകിസ്താനിലെ ഭീകരക്യാമ്പുകൾ ഇപ്പോഴും സജീവം

പാകിസ്താനിലെ ഭീകരക്യാമ്പുകൾ ഇപ്പോഴും സജീവമാണെന്ന് ഇന്ത്യൻ സൈന്യം. ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണെന്നും ഇന്ത്യൻ സേനാവിഭാഗങ്ങൾ മുന്നറിയിപ്പ് നൽകി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ന്റെ ഒന്നാം വാർഷികത്തിലാണ്  അന്നത്തെ ദൗത്യത്തിന് നേതൃത്വം നൽകിയ കര, വ്യോമ, നാവിക സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം മേയ് ഏഴിന് പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. 

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്ക് കാര്യമായ നാശനഷ്ടം വരുത്താൻ പാകിസ്താനിന് സാധിച്ചില്ലെന്ന് എയർമാർഷൽ അവധേഷ് കുമാർ ഭാരതി പറഞ്ഞു. മറിച്ച് പാകിസ്താന്റെ 11 വ്യോമതാവളങ്ങളും 13 യുദ്ധവിമാനങ്ങളും തകർന്നതായും നൂറിലധികം സൈനികർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താനിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങളും തെളിവുകളും സഹിതമാണ് അന്ന് മാധ്യമങ്ങളെ സമീപിച്ചതെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ്. ജനറൽ രാജീവ് ഘായ് പറഞ്ഞു. ഇന്ത്യയുടെ ലക്ഷ്യം പാകിസ്താനിലെ ഭീകരവാദ ശൃംഖലകളെ ഏകോപിത സൈനിക നീക്കങ്ങളിലൂടെ ദുർബലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാവികസേനയുടെ കൃത്യമായ വിന്യാസം വഴി പാകിസ്താന്റെ കടൽമാർഗ മുന്നേറ്റങ്ങൾ ഫലപ്രദമായി തടയാനായെന്ന് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് പറഞ്ഞു. കര, വ്യോമ, നാവിക സേനകളുടെ ഏകോപിത പ്രവർത്തനത്തിന്റെ മികച്ച മാതൃകയായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും ലഫ്. ജനറൽ സുബിൻ എ. മിനുവാല വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img