06:20pm 29 April 2026
NEWS
എന്തുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ?
07/05/2025  10:13 AM IST
nila
എന്തുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ?

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് പഹൽ​ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രം സഹിതമാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പഹൽ​ഗാമിൽ ഭീകരർ കൊലപ്പെടുത്തിയത് പുരുഷന്മാരെ മാത്രമായിരുന്നു. പേര് ചോദിച്ച് മുസ്ലീമല്ല എന്നുറപ്പിച്ച ശേഷമായിരുന്നു ഭീകരർ വെടിയുതിർത്തത്. 

ഇന്ത്യയുടെ പൗരാണിക വിശ്വാസമനുസരിച്ച് ഭർതൃമതികളായ സ്ത്രീകൾ സിന്ദൂര രേഖയിൽ സിന്ദൂരം ചാർത്താറുണ്ട്. ഭർത്താവ് മരിക്കുന്നതോടെ ഈ സിന്ദൂരം മായ്ച്ച് കളയുകയും ചെയ്യും. വിധവയാകുന്ന സ്ത്രീകൾ പിന്നീടൊരിക്കലും സിന്ദൂരം അണിയാറില്ല. ഭർത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയിൽ ചാർത്തുന്ന ആ ചുവന്നപൊട്ടിനെ  സ്ത്രീകൾ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്‌കാരികമായും സിന്ദൂരതിലകത്തിന് രാജ്യത്ത് വലിയ പ്രാധാന്യമുണ്ട്. 

പഹൽഗാം ഭീകരാക്രമണത്തിലെ കണ്ണീർകാഴ്ചയായിരുന്നു ആറ് ദിവസം മുൻപ് മാത്രം വിവാഹിതയായ ഹിമാൻഷി നർവാളിന്റെ ചിത്രം. മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയ ഇരുവരുടേയും വിധി മറ്റൊന്നായിരുന്നു. ഭർത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹത്തിനരികിൽ കണ്ണീരോടെയിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ആക്രമണത്തിന്റെ മുഖചിത്രമായി. വിനയ് നർവാളിന്റെ സംസ്‌കാരചടങ്ങിൽ സിന്ദൂരമണിയാതെ പങ്കെടുത്ത ഹിമാൻഷിയേയും ഇന്ത്യ കണ്ടു.

പഹൽഗാമിന് ഉടൻ തിരിച്ചടിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന് പിന്നിൽ ഹിമാൻഷിയുൾപ്പെടെയുള്ള അനേകം വനിതകളുടെ കരഞ്ഞുകണ്ണീർ വറ്റിയ മുഖം കൂടിയുണ്ട്. അവർക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര്. 

പോരാളികളായിറങ്ങുന്നവരും നെറ്റിയിൽ ചുവന്ന സിന്ദൂരം ചാർത്തുന്ന രീതി പരമ്പരാഗതമായി നിലനിൽക്കുന്നുണ്ട്. രജ്പുത്, മറാത്ത യോദ്ധാക്കന്മാർ പോരാട്ടത്തിനിറങ്ങുമ്പോൾ നെറ്റിയിൽ സിന്ദൂരം ചാർത്തിയിറങ്ങുന്നതാണ് രീതി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ദൂർ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img