01:50pm 01 May 2026
NEWS
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സേനകളുടെ കരുത്ത് തെളിയിച്ചു: രാജ്നാഥ് സിങ്
01/05/2026  11:04 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സേനകളുടെ കരുത്ത് തെളിയിച്ചു: രാജ്നാഥ് സിങ്

 

 കൊച്ചി: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സേനകളുടെ കരുത്ത് തെളിയിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്‌.കര, വ്യോമ, നാവിക സേനകളുടെ ശക്തി വിളിച്ചോതുന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യ സ്വന്തം നിലയ്ക്ക് ആസൂത്രണം ചെയ്ത്   നടപ്പാക്കുകയും സ്വയം തോന്നിയപ്പോൾ  നിർത്തിവെയ്ക്കുകയും ചെയ്ത  സൈനിക നടപടിയാണിത്. ഓപ്പറേഷൻ സിന്ദൂർ  ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിൻ്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയതായി പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ഡെൽഹിയിൽ നാഷണൽ സെക്യുരിറ്റി സമിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതോടെ തദ്ദേശിയമായി ഇന്ത്യ നിർമ്മിക്കുന്ന പ്രതിരോധ ഉൽപ്പന്നങ്ങളുടെയും ആയുധങ്ങളുടെയും വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതായി പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിന്ന് ആയുധങ്ങളും പ്രതിരോധ ഉൽപ്പന്നങ്ങളും വാങ്ങാൻ നിരവധി രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38424 കോടി രൂപ എത്തിയത് ഇതിന് ഉദാഹരണമാണ്. 62.66 % വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.

 ഇന്ത്യയുടെ മണ്ണിൽ ഭീകര പ്രവർത്തനം നടക്കുമ്പോൾ കേവലം നയതന്ത്രതലത്തിലുള്ള പ്രതിഷേധങ്ങളിൽ മാത്രം ഇന്ത്യയുടെ പ്രതികരണം ഒതുങ്ങില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. മുൻ കാലങ്ങളിൽ നിന്ന് വിഭിന്നമായി നിർണായകമായി തിരിച്ചടിക്കാൻ രാജ്യത്തിന് സാധിച്ചു.

 72 മണിക്കൂറിനകം ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചെങ്കിലും മുന്നൊരുക്കങ്ങൾ വിപുലവും നീണ്ടതുമായിരുന്നു. യുദ്ധ സന്നാഹങ്ങൾ പെട്ടെന്ന് സ്വരൂപിക്കാനും പ്രതികരിക്കാനുമുള്ള  ഇന്ത്യയുടെ സൈനിക മേൽക്കോയ്മയ്ക്കും ഇത് തെളിവായി.

 പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ.സമീർ വി കാമത്ത്,  ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ് എയർ മാർഷൽ അഷ്തോശ് ദീക്ഷിത് തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img