
ഓപ്പറേഷൻ സിന്ദൂറിൻറെ ഭാഗമായി ഇന്ത്യ നടത്തിയ സൈനിക നടപടികളിൽ പാകിസ്ഥാൻ സൈന്യത്തിന് വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്. പാകിസ്ഥാന്റെ സൈനിക ശേഷിയുടെ 20 ശതമാനം ഇല്ലാതാക്കാൻ ഓപ്പറേഷൻ സിന്ദൂറിലൂടെ കഴിഞ്ഞു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിന് പിന്നാലെ അതിർത്തിയിൽ പാകിസ്ഥാൻ സൈനികർ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്.
ഒരു ഡസനിലധികം പാക് സൈനിക താവളങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തി. ഈ തിരിച്ചടിയിൽ കനത്ത നാശനഷ്ടമാണ് പാക് സൈന്യത്തിനുണ്ടായത്. പാകിസ്ഥാൻ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും, നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും ഇന്ത്യ തകർത്തതായും 50 ഓളം സൈനികർ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോർട്ട്.
പാക് വ്യോമത്താവളങ്ങളിൽ മാത്രം ഉന്നത റാങ്കിലുള്ള സൈനികരടക്കം, 50ലേറെ പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായുമാണ് പുറത്ത് വരുന്ന വിവരം. നിയന്ത്രണ രേഖയിൽ പാക് സേനയുടെയും ഭീകരരുടെയും ബങ്കറുകളും പോസ്റ്റുകളും തകർത്തതായും ഇന്ത്യ പ്രതിരോധ അറ്റാഷെമാരെ അറിയിച്ചു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് സേന ഇന്നലെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചത്. പാകിസ്ഥാൻറെ പതിമൂന്നോളം വ്യോമത്താവളങ്ങിൽ വലിയ ആക്രമണം നടത്താൻ ഇന്ത്യക്ക് കഴിഞ്ഞു, മാത്രമല്ല വ്യോമത്താവളങ്ങളിലെ സൗകര്യങ്ങൾ തകർക്കാനുമായെന്ന് സൈനിക ഉദ്യോഗസ്ഥർ വിശദീകരിച്ചു.











