11:06am 29 April 2026
NEWS
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് കൊടും അഞ്ച് ഭീകരരും
10/05/2025  04:15 PM IST
nila
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് കൊടും അഞ്ച് ഭീകരരും

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിവരങ്ങളും സൈനികവൃത്തങ്ങൾ പുറത്തുവിട്ടു. മുദാസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരെയും വധിച്ചെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് ഈ അഞ്ച് ഭീകരരും. കൊടും ഭീകരരും പാക് സൈനിക ഉദ്യോ​ഗസ്ഥരും അടക്കമുള്ളവർ ഇവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. 

ലഷ്കറെ തയിബ പ്രവർത്തകനായ മുദാസ്സർ ഖാദിയാൻ ഖാസിന്റെ (മുദാസ്സർ, അബു ജുണ്ടാൽ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു) സംസ്കാരത്തിന് ജമാഅത്തുദ്ദ അവ പ്രവർത്തകനും ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായ ഹാഫിസ് അബ്ദുൽ റൗഫാണ് നേതൃത്വം നൽകിയത്. പാക്കിസ്ഥാൻ സൈന്യത്തിലെ ഒരു ലഫ്റ്റനന്റ് ജനറലും പാക്ക് പഞ്ചാബ് പൊലീസ് ഐജിയും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ഹാഫിസ് മുഹമ്മദ് ജമീൽ, അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭർത്താവാണ് മുഹമ്മദ് യൂസുഫ് അസ്ഹർ. ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേരുകളിലും മുഹമ്മദ് യൂസുഫ് അസ്ഹർ അറിയപ്പെട്ടിരുന്നു. കാണ്ഡഹാർ വിമാന റാഞ്ചൽ കേസിൽ ഇന്ത്യ തേടുന്ന ഭീകരൻ കൂടിയായിരുന്നു ഇയാൾ.

അബു ആകാഷ എന്നറിയപ്പെടുന്ന ഖാലിദ്, ലഷ്കറെ തയിബ പ്രവർത്തകനാണ്. ജമ്മുകശ്മീരിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിലും അഫ്ഗാനിസ്ഥാനിലേക്കുള്ള ആയുധക്കള്ളക്കടത്തിലും ഇയാൾക്കു പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ഫൈസലാബാദിൽ നടന്ന ഇയാളുടെ സംസ്കാരച്ചടങ്ങിലും പാക്കിസ്ഥാൻ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡപ്യൂട്ടി കമ്മിഷണറും പങ്കെടുത്തിരുന്നു.

ജയ്ഷെ മുഹമ്മദ് പ്രവർത്തകനാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹസ്സൻ ഖാൻ. പാക്ക് അധിനിവേശ കശ്മീരിലെ ജയ്ഷെ മുഹമ്മദിന്റെ ഓപറേഷനൽ കമാൻഡർ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണ് ഇയാൾ. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായാണ് പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യയുടെ സംയുക്ത സൈന്യം ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ പാകിസ്ഥാൻ അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയതോടെയാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്. 
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img