
ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. വനമേഖലയിൽ രാത്രി മുഴുവൻ കനത്ത വെടിവെപ്പ് തുടരുകയും ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന തകർത്തതായും സൈന്യം വ്യക്തമാക്കി. വനത്തിനുള്ളിലെ ഗുഹയിലാണ് ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ‘ഓപ്പറേഷൻ ഷെരുവാലി’ ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഭീകരർ പ്രദേശം വിട്ട് രക്ഷപ്പെടാനാകാത്ത വിധം പൂർണമായും വളഞ്ഞിരിക്കുകയാണെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ശനിയാഴ്ച്ചയാണ് സൈന്യം, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ ചേർന്ന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. പ്രദേശത്തെ തീവ്രവാദി സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൈനിക നീക്കം.
ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെ ഡോറിമൽ–ഗംഭീർ മൊഗ്ല ബെൽറ്റിൽ സുരക്ഷാസേനയും സംശയിക്കപ്പെടുന്ന ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം മൂന്നിലധികം ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി നിഗമനമുണ്ട്. ഇവർ രക്ഷപ്പെടുന്നത് തടയാൻ വിപുലമായ നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും തുടരുകയാണെന്ന് സൈന്യം അറിയിച്ചു.










