
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്ക് ഗൂഗിൾ, മെറ്റ തുടങ്ങിയ ടെക് ഭീമൻമാരും ഓപ്പൺ എഐ, പെർപ്ലെക്സിറ്റി പോലുള്ള എഐ കമ്പനികളും വൻതോതിൽ നിക്ഷേപം നടത്തുകയാണ്. എന്നാൽ ഇത്രയും വലിയ ചെലവുകൾക്കിടയിലും ചാറ്റ് ജിപിടി, ജെമിനി പോലുള്ള എഐ ചാറ്റ്ബോട്ടുകൾ വഴി സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ കമ്പനികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സബ്സ്ക്രിപ്ഷൻ മോഡൽ മാത്രം ദീർഘകാലത്ത് സാമ്പത്തികമായി മതിയാകില്ലെന്ന തിരിച്ചറിവാണ് പുതിയ വഴികൾ തേടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് ചാറ്റ് ജിപിടിയുമായി നടത്തുന്ന സംഭാഷണങ്ങളിൽ പരസ്യങ്ങൾ ഉൾപ്പെടുത്താനുള്ള സാധ്യതകൾ ഓപ്പൺ എഐ പരിശോധിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം സ്പോൺസർ ചെയ്ത വിവരങ്ങൾ കൂടി പ്രദർശിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് സൂചന. ഉദാഹരണമായി, ഒരു ഉപയോക്താവ് അനുയോജ്യമായ സ്മാർട്ഫോണുകൾ നിർദേശിക്കാൻ ആവശ്യപ്പെട്ടാൽ, അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സംഭാഷണത്തിനിടയിൽ തന്നെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.
ചാറ്റ് ജിപിടിക്കുള്ളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ വിവിധ മാർഗങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഓപ്പൺ എഐയിലെ ആഭ്യന്തര ടീമുകൾ. എന്നാൽ ഉപയോക്തൃ അനുഭവം നഷ്ടപ്പെടാതെ പരസ്യങ്ങൾ അവതരിപ്പിക്കുക എന്നതാണ് കമ്പനിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
2022-ൽ അവതരിപ്പിക്കപ്പെട്ടതുമുതൽ അതിവേഗ വളർച്ചയാണ് ചാറ്റ് ജിപിടി കൈവരിച്ചത്. നിലവിൽ ഏകദേശം 90 കോടി പ്രതിദിന സജീവ ഉപയോക്താക്കളുള്ള ഈ എഐ പ്ലാറ്റ്ഫോം, 2030 ഓടെ 260 കോടി സജീവ ഉപയോക്താക്കളെ ലക്ഷ്യമിടുന്നുവെന്നതാണ് റിപ്പോർട്ടുകൾ.
ഓപ്പൺ എഐയുടെ ഉൽപ്പന്നങ്ങളിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ നിലവിൽ പദ്ധതികളില്ലെന്ന് സിഇഒ സാം ആൾട്ട്മാൻ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു വർഷത്തിനിടെ ഡിജിറ്റൽ പരസ്യരംഗത്തെ പരിചയസമ്പന്നരെ കമ്പനി നിയമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, റീട്ടെയിൽ പരസ്യങ്ങൾക്ക് വഴിയൊരുക്കുന്ന ഷോപ്പിംഗ് ഫീച്ചറുകൾ വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സൂചനകളുണ്ട്.
എന്നാൽ ചാറ്റ് ജിപിടിയിൽ പരസ്യങ്ങൾ എപ്പോൾ മുതൽ പ്രത്യക്ഷപ്പെടും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഉപയോക്തൃ പ്രതികരണവും വിപണി സാഹചര്യവും വിലയിരുത്തിയ ശേഷമേ ഇത്തരം മാറ്റങ്ങൾ നടപ്പാക്കുകയുള്ളുവെന്നാണ് ടെക്നോളജി മേഖലയിലെ വിലയിരുത്തൽ.











