10:32am 18 January 2026
NEWS
മദ്യപിക്കാന്‍ വേണ്ടി ആരും
ഊട്ടിയിലേക്ക് പോകണ്ട
പിഴയടച്ച് പണ്ടാരമടങ്ങും

08/11/2019  11:04 AM IST
Keralasabdam Online Desk
മദ്യപിക്കാന്‍ ഊട്ടിയിലേക്ക് പോകണ്ട
HIGHLIGHTS

നീലഗിരി ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ 55 മദ്യക്കടകളുണ്ട്. മറ്റു ജില്ലകളിലുള്ളതുപോലെ നീലഗിരിയില്‍ മദ്യക്കടകളോടനുബന്ധിച്ചു ബാറുകളില്ല. ഈ കടകളില്‍നിന്നു ശരാശരി ഒന്നരക്കോടി രൂപയുടെ മദ്യമാണ് പ്രതിദിനം വിറ്റുപോകുന്നത്

ക്രിസ്തുമസ് അവധിക്കാലം വരാന്‍ പോവുകയാണ്. അവധി ആഘോഷിക്കാന്‍ ഹില്‍സ്‌റ്റേഷനുകളിലേക്ക് പായുന്നത് മലയാളികളുടെ ഇഷ്ടവിനോദമാണ്. ആഘോഷമെന്നാല്‍ മദ്യത്തിനും ഇടമുണ്ടാകും. എന്നാലിനി മദ്യപിച്ച് ലക്കുകെട്ട് ആഘോഷിക്കാമെന്ന് കരുതി ആരും ഊട്ടിയിലോട്ട് വണ്ടി വിടണ്ട. പണിയാകും. ഊട്ടിയിലെ പൊതുഇടങ്ങളില്‍ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞാല്‍ പിഴ ഒന്നു രണ്ടും രൂപയല്ല. രൂപ 10,000 പിഴയൊടുക്കണം. നീലഗിരി കലക്ടര്‍ ഇന്നസെന്റ് വിദ്യ ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറക്കി. നീലഗിരി ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ 55 മദ്യക്കടകളുണ്ട്. മറ്റു ജില്ലകളിലുള്ളതുപോലെ നീലഗിരിയില്‍ മദ്യക്കടകളോടനുബന്ധിച്ചു ബാറുകളില്ല. ഈ കടകളില്‍നിന്നു ശരാശരി ഒന്നരക്കോടി രൂപയുടെ മദ്യമാണ് പ്രതിദിനം വിറ്റുപോകുന്നത്. ഇത്രയും രൂപയ്ക്ക് മദ്യംവാങ്ങുന്നവര്‍ അതകത്താക്കിയ ശേഷം കുപ്പികള്‍ പൊതുഇടങ്ങളിലും കാടുകളിലുമൊക്കെയാണ് വലിച്ചെറിയുന്നത്. ഒരു ദിവസം 20,000ത്തോളം കുപ്പികളാണ് ജില്ലയില്‍നിന്നും നീക്കം ചെയ്യാറുള്ളത്. ഇത് രൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഊട്ടിയില്‍ സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് വന്‍തുക പിഴ ഈടാക്കാന്‍ തീരുമാനിച്ചതെന്ന് കലക്ടര്‍ പറയുന്നു. ഇനി ആരെങ്കിലും മദ്യക്കുപ്പി വലിച്ചെറിയുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കൈയോടെ പിടികൂടി പിഴ ഈടാക്കും. വനത്തിലേക്കു വലിച്ചെറിയുന്ന കുപ്പികളില്‍ ഭൂരിഭാഗവും പാറകളില്‍ തട്ടി പൊട്ടിച്ചിതറുകയാണ് പതിവ്. ഇത് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകും. മദ്യക്കുപ്പികള്‍ ഉപേക്ഷിക്കാനായി എല്ലായിടങ്ങളിലും പ്രത്യേക ബക്കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ഇനി മദ്യക്കുപ്പി വാങ്ങി റൂമില്‍ ഇരുന്ന് മദ്യപിക്കാമെന്ന് കരുതിയാല്‍ അവിടെയും കുരുക്കുണ്ടാകും. ടൂറിസ്റ്റുകളുടെ വരവുംപോക്കും പൊലീസിന്റെ കര്‍ശനനിരീക്ഷണത്തിലാക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചുകഴിഞ്ഞു എന്നാണ് ലഭ്യമാകുന്ന വിവരം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img