
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം അദാനി ഏറ്റെടുക്കാൻ കാരണമായത് ഉമ്മൻ ചാണ്ടിയുടെ ശക്തമായ തീരുമാനമെന്ന് മുൻ കേന്ദ്രമന്ത്രിയും പിണറായി സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്. നിർമ്മാണ കരാർ ഏറ്റെടുത്ത ശേഷം അദാനി കേരളത്തിലെ കോൺഗ്രസിന് വാഗ്ദാനം ചെയ്ത പണം ഉമ്മൻചാണ്ടി സ്വീകരിച്ചില്ലെന്നും കെ വി തോമസ് വെളിപ്പെടുത്തി. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഒരുപോലെ നൽകിയായിരുന്നു കെ വി തോമസിന്റെ പ്രതികരണം.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരിക്കെ 2015ലെ ഡൽഹി യാത്രയിൽ വിഴിഞ്ഞം നിർമാണം ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞുവെന്നായിരുന്നു കെ വി തോമസിന്റെ വെളിപ്പെടുത്തൽ. പദ്ധതി നഷ്ടപ്പെടുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ആശങ്കയെന്നും കെ വി തോമസ് പറയുന്നു. ഗൗതം അദാനിയുമായി തനിക്ക് അടുപ്പമുണ്ടെന്നും പക്ഷേ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അദാനിയോടുള്ള എതിർപ്പ് പരിഹരിക്കണമെന്നും താൻ ഉമ്മൻചാണ്ടിയോട് പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.
അദാനിയെ ബന്ധപ്പെട്ടപ്പോൾ കേരളത്തിലെ ട്രേഡ് യൂണിയൻ പ്രശ്നങ്ങളാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. 2000 ഏക്കർ സൗജന്യമായി തരാമെന്ന തമിഴ്നാടിന്റെ വാഗ്ദാനവും അദാനി പറഞ്ഞു. എങ്കിലും ഉമ്മൻ ചാണ്ടിയെ കാണാൻ സമ്മതം അറിയിച്ചു. ഡൽഹിയിലെ തന്റെ വസതിയിൽ പ്രഭാതഭക്ഷണത്തിന് എത്തിയ ഇരുകൂട്ടരും ചർച്ച നടത്തി. തുടർന്ന് ഉമ്മൻ ചാണ്ടിയും അദാനിയും മാത്രമായി സംസാരിച്ചു. താൻ കേരളത്തിലേക്ക് വരുമെന്ന് അദാനി അതിനു ശേഷം പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കരാറായ ശേഷം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിനെ സാമ്പത്തികമായി സഹായിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായിരുന്നു. എന്നാൽ, അദാനി നൽകിയ സാമ്പത്തിക വാഗ്ദാനം ഉമ്മൻ ചാണ്ടി നിരസിച്ചെന്നും കെ വി തോമസ് വെളുപ്പെടുത്തി.
വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് സോണിയ ഗാന്ധിയെ ബോധ്യപ്പെടുത്താൻ ഉമ്മൻ ചാണ്ടിക്കായി. അദാനിക്കെതിരെ ചില കോൺഗ്രസ് നേതാക്കൾ കത്തെഴുതിയെങ്കിലും ഉമ്മൻ ചാണ്ടിയുടേത് ശക്തമായ തീരുമാനമായിരുന്നു. തുടർന്നുണ്ടായ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചും സമചിത്തതയോടെയും മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം യാഥാർഥ്യമാക്കി – തോമസ് പറഞ്ഞു.











