04:25pm 10 November 2026
NEWS
രാഹുൽ ഗാന്ധിക്ക് ഉമ്മൻചാണ്ടി 'ഗുരു': പുതുപ്പള്ളിയിൽ അനുസ്മരണച്ചടങ്ങ്
19/07/2025  08:52 AM IST
സുരേഷ് വണ്ടന്നൂർ
രാഹുൽ ഗാന്ധിക്ക് ഉമ്മൻചാണ്ടി ഗുരു: പുതുപ്പള്ളിയിൽ അനുസ്മരണച്ചടങ്ങ്

പുതുപ്പള്ളി: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി പുതുപ്പള്ളിയിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ രാഹുൽ ഗാന്ധിക്ക് ഉമ്മൻചാണ്ടി ഗുരുതുല്യനായ വ്യക്തിയായി. പ്രവൃത്തികളിലൂടെ തന്നെ പലതും പഠിപ്പിച്ച ഉമ്മൻചാണ്ടി ഒരു വഴികാട്ടിയായിരുന്നുവെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

"ഗുരു എന്നതിന് കേവലം അദ്ധ്യാപകൻ എന്നല്ല അർത്ഥം, ഒരു വഴികാട്ടി കൂടിയാണ്," രാഹുൽ പറഞ്ഞു. ഉമ്മൻചാണ്ടിയെക്കുറിച്ച് സംസാരിക്കാൻ ഈ വേദിയിൽ എത്താനായത് തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യരെ ഇത്രയധികം മനസ്സിലാക്കിയ ഒരാളെ താൻ കണ്ടിട്ടില്ലെന്ന് രാഹുൽ ഗാന്ധി ഓർമ്മിച്ചു. ഭാരത് ജോഡോ യാത്രയിൽ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടും ഉമ്മൻചാണ്ടി പങ്കെടുത്തതും, പിന്നീട് നിർബന്ധിച്ച് കാറിൽ കയറ്റേണ്ടി വന്നതും രാഹുൽ ഗാന്ധി വികാരഭരിതനായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ സേവനങ്ങൾ വോട്ടിന് വേണ്ടിയായിരുന്നില്ലെന്നും രാഹുൽ ഗാന്ധി എടുത്തുപറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം രാഹുൽ ഗാന്ധി നിർവഹിച്ചു. കേൾവി ശക്തിയില്ലാത്ത കുട്ടികളെ സഹായിക്കാൻ കെ.പി.സി.സി ആരംഭിക്കുന്ന 'സ്മൃതി തരംഗം' പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യു തൃതീയൻ കാതോലിക്ക ബാവ, ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.

സംഗമത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുകയും പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു.

രാഷ്‌ട്രീയ വേട്ടയാടലിന് ഇരയായ നേതാവ്

ഉമ്മൻചാണ്ടിയെ അതിക്രൂരമായ രാഷ്ട്രീയ വേട്ടയാടലിന് ഇരയാക്കിയെന്ന് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ തുറന്നുപറഞ്ഞു. നുണകൾ കൊണ്ടുള്ള തുടർച്ചയായ ക്രിമിനൽ വേട്ടയാടലാണ് അദ്ദേഹം നേരിട്ടതെന്നും, എന്നിട്ടും ആ കാലഘട്ടത്തിൽ പോലും ഉമ്മൻചാണ്ടി ഫോണിൽ മറ്റൊരാളെക്കുറിച്ചും ദേഷ്യത്തോടെ സംസാരിക്കുന്നത് താൻ കേട്ടിട്ടില്ലെന്നും രാഹുൽ ഓർമ്മിച്ചു. മനസ്സിനെ സമതുലിതാവസ്ഥയിൽ നിലനിർത്തി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു ഉമ്മൻചാണ്ടിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img