10:03am 18 March 2025
NEWS
ഉമ്മൻചാണ്ടി സഹാനുഭൂതി മുഖമുദ്രയാക്കിയ ഭരണകർത്താവ്: വി ഡി സതീശൻ
20/07/2024  10:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഉമ്മൻചാണ്ടി സഹാനുഭൂതി മുഖമുദ്രയാക്കിയ ഭരണകർത്താവ്: വി ഡി സതീശൻ
HIGHLIGHTS
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഹാനുഭൂതി മുഖമുദ്രയാക്കി, സദ്ഭരണത്തിൽ മാതൃക കാട്ടിയ നേതാവാണന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓർമ്മകൾ അണയാത്ത നന്മ എന്ന പേരിൽ എറണാകുളം ഡി സി സി യുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തെ ദുരുപയോഗം ചെയ്യാത്ത നേതാവായിരുന്നു ഉമ്മൻ‌ചാണ്ടി. അധികാരം ദൈവികമാണ്. അത് മറ്റുള്ളവരെ ഉപദ്രവിക്കാനുള്ളതല്ല എന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ നയം. അത് തന്നെയാണ് ഗാന്ധിയും പറഞ്ഞത്. അധികാരത്തിന് പുതിയ നിർവ്വചനം നൽകിയ നേതാവായിരുന്നു അദ്ദേഹമെന്നും സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടി ഇല്ലങ്കിലും കോൺഗ്രസ്സ് എന്ന വഞ്ചി മുങ്ങരുതെന്നും രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണ് കോൺഗ്രസെന്നും രാഷ്ടീയനിരീക്ഷകൻ എസ് ജയശങ്കർ പറഞ്ഞു. ഒരു താറാവ് വെള്ളത്തിലൂടെ ഒഴുകുന്നത് പോലെ ജനങ്ങൾക്കിടയിൽ അനായാസം പ്രവർത്തിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് അനുസമരണ സമ്മേളനത്തിൽ പ്രമുഖ ഗാന്ധിയൻ എം പി മത്തായി ചൂണ്ടിക്കാട്ടി. സാധാരണക്കാർക്കൊപ്പം പ്രവർത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രൊഫ. അരവിന്ദാക്ഷൻ പറഞ്ഞു. കഴിവിനനുസരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ജനങ്ങൾക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും സ്വന്തം താത്പര്യം ബലികഴിച്ച് സമൂഹത്തിന്‍റെ താത്പര്യം ഉയർത്തിപിടിച്ചെന്നും അരവിന്ദാക്ഷൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് ജനങ്ങൾ എന്തെല്ലാം പ്രതീക്ഷിച്ചോ, മനുഷ്യ സാധ്യമായ വിധത്തിൽ അതെല്ലാം നടപ്പാക്കിയ ജനനേതാവായിരുന്നു ഉമ്മന്ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മ്ദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം.പി മാരായ ബെന്നി ബഹനാൻ , ഹൈബി ഈഡൻ, എം.എൽ എ മാരായ കെ ബാബു, ടി.ജെ വിനോദ് , റോജി എം ജോൺ, ഉമാതോമസ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, കെപിസിസി വൈസ് പ്രസിഡന്‍റ് വി പി സജീന്ദ്രൻ , ജനറൽ സെക്രട്ടറിമാരായ എസ് അശോകൻ, അബ്ദുൾ മുത്തലിബ്, ദിപ്തി മേരി വർഗ്ഗീസ് നേതാക്കളായ ശ്രീനിവാസൻ കൃഷ്ണൻ, ഡൊമനിക്ക് പ്രസൻ്റേഷൻ, അജയ് തറയിൽ, കെ.പി ധനപാലൻ, എൻ വേണുഗോപാൽ, മനോജ് മൂത്തേടൻ, കെ പി ഹരിദാസ്, മുഹമ്മദ് കുട്ടി മാസ്റ്റർ ,ജയ്സൺ ജോസഫ്, പി ജെ ജോയി, ടോണി ചമ്മിണി, എം ആർ അഭിലാഷ്, എം ഒ ജോൺ , കെ പി ബാബു , ജോസഫ് ആൻ്റണി ,സേവ്യർ തായങ്കേരി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img